ഉൽക്ക വീണ് ഭൂമി നശിക്കാതിരിക്കാൻ NASA എന്തൊക്കെയാണ് ചെയ്യുന്നത് ?

ഇപ്പോൾ ഒന്നും ചെയ്യുന്നില്ല. എന്നാൽ ഭാവിയിൽ അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ, എന്തൊക്കെ ആണ് ചെയ്യുവാൻ ഉദ്ദേശിക്കുന്നത് എന്നു നോക്കാം.

ആദ്യം നമുക്ക് ഭീഷണി ആവാൻ സാധ്യതയുള്ള വസ്തുക്കളെ കണ്ടെത്തുക എന്ന ദൗത്യം ആണ്. അങ്ങനെയുള്ള വസ്തുക്കളെ Potential Threat Objects (PTO) എന്നാണ് പറയുക. 90% PTO കളെയും കണ്ടെത്തുവാൻ ആണ് കമ്മറ്റിയുടെ ആജ്ഞ. അതിനായി വലിയ ഫണ്ടും നാസയ്ക്കു അനുവദിച്ചിട്ടുണ്ട്. അതിൻ പ്രകാരം  നാസ ഉണ്ടാക്കുന്ന  രേഖയാണ് " The Near Earth Object (NEO) database ".



1 കിലോമീറ്ററിന് മുകളിൽ വ്യാസമുള്ള  NEO -കളെ കണ്ടെത്തിക്കഴിഞ്ഞു. ഇനി 140 മീറ്ററിന് മുകളിൽ വ്യാസമുള്ള എല്ലാ ഉൽക്കകളേയും  കണ്ടെത്തുക എന്ന വലിയ ദൗത്യം ആണ് ഉള്ളത്. ഈ കണക്കുകളൊക്കെ ഉൽക്കയുടെ   വ്യാസവും ആല്ബിഡോയും തമ്മിലുള്ള അനുപാതത്തിന്‍റെ അടിസ്ഥാനത്തിൽ ആണ്. കൃത്യം ആയിക്കൊള്ളണം എന്നില്ല. കൂടാതെ ഉൽക്കകൾ തമ്മിൽ കൂട്ടിമുട്ടി അവയുടെ പാതയിൽ പൊടുന്നനെ വന്നേക്കാവുന്ന മാറ്റവും ഒരു വെല്ലുവിളി ആണ്. 

സൂര്യന് അടുത്തായിട്ടുള്ളതും സൂര്യന് പിന്നിലായിട്ടുള്ളതുമായ  വസ്തുക്കളെയും കണ്ടെത്തുക  എന്നത് വളരെ വിഷമം പിടിച്ച പണിയാണ്. അതിനായി പ്രത്യേകം ഡിസൈൻ ചെയ്ത ബഹിരാകാശ ദൂരദർശനികൾ വേണം.' NEOSSat ' അത്തരത്തിൽ ഒന്നാണ്.

അടുത്ത സ്റ്റെപ്പ്.. ഉൽക്കാ ആഘാതം ഉണ്ടാവുമെന്ന് തോന്നിയാൽ എങ്ങനെ തടുക്കാം എന്നതാണ്.



ഉൽക്കയെ വെടിവച്ചു  തകർത്താല്‍ കാര്യമായ ഗുണം ഉണ്ടാകില്ല. കാരണം അത് പൊട്ടിത്തകർന്ന്‍ ഭൂമിയിൽ എത്തിയാലും  വീണ്ടും അന്തരീക്ഷത്തിൽ വച്ച് സ്ഫോടനം (airblast ) ഉണ്ടാവും. 2013 ൽ  സൈബീരിയയില്‍ ഉണ്ടായത് airblast ആയിരുന്നു. അന്ന് 1500 ഇൽ അധികം ആളുകൾക്ക് പരിക്കേറ്റു. അപ്പോൾ അതിന്‍റെ ഗതി മാറ്റി വിടുക എന്നതാണ് പ്രായോഗികമായ രീതി. വളരെ ദൂരെ വച്ച് ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഉൽക്കയെ കണ്ടെത്തി അതിനെ അതിന്‍റെ വഴിയിൽ നിന്നും ചെറുതായി വ്യതിചലിപ്പിച്ചാൽ ഭൂമിയിൽ വീഴാതെ അത് തെന്നിപ്പൊയ്ക്കൊള്ളും. എന്ന് വച്ചാൽ ദൂരെനിന്നുമുള്ള ചെറുതായ മാറ്റം കുറേ ദൂരം   കഴിയുമ്പോൾ ( ഭൂമിയുടെ അടുത്തെത്തുമ്പോൾ ) വലുതായ മാറ്റം ആയിത്തീരും. അതിനായി നിരവധി പ്ലാനുകൾ തയ്യാറായിട്ടുണ്ട്. പക്ഷെ ഒന്നും അങ്ങ് തീരുമാനം ആയിട്ടില്ല.

തൽക്കാലം ഭൂമിക്ക് ഭീഷണി ആയിട്ടുള്ള ഉൽക്കകളൊന്നും സമീപ ഭാവിയിൽ ഇല്ല എന്ന് അറഞ്ഞുവല്ലോ. The Near Earth Object (NEO) database പ്രാകാരം കമ്പ്യൂട്ടറിൽ മോഡൽ ഉണ്ടാക്കി ആണ് നമ്മൾ ഇതൊക്കെ മനസിലാക്കുന്നത്. അത് പ്രകാരം ലക്ഷക്കണക്കിന് വർഷങ്ങൾ കഴിഞ്ഞുള്ള കാര്യങ്ങൾ വരെ നമുക്ക് മനസിലാക്കാം. പണ്ട് ദിനോസർ നാമാവശേഷം ആയത് ഒരു വലിയ ഉൽക്കാ പതനം ആണെന്നാണ് കണക്കുകൂട്ടിയിരിക്കുന്നത്. അത് കഴിഞ്ഞാൽ ഈ സമീപ കാലത്തു നടന്നത് 1908 ൽ ആയിരുന്നു. ഏകദേശം എറണാകുളം ജില്ലയുടെ അത്ര ഭാഗത്തുള്ള കാടാണ് അന്ന് റഷ്യയിൽ തരിശായത്. പിന്നീട് 2013 ൽ 1500 ൽ അധികം ആളുകൾക്ക് പരിക്കേറ്റ ഉൽക്കാഘാതം... അതും റഷ്യയിൽ ആയിരുന്നു. 

ഉൽക്കയെ തടയാൻ പല വഴികൾ നിർദേശിച്ചിട്ടുണ്ട്. അവയിൽ പ്രധാനമായത് 2 എണ്ണം ആണ്.

ആദ്യത്തെ വഴിയാണ് ' kinetic impact deflection '. 
ഉൽക്കയുടെ കൂടെ പോയി അതുമായി കൂട്ടി മുട്ടിച്ച് റോക്കറ്റ് എൻജിൻ പ്രവർത്തിപ്പിച്ച് ഉൽക്കയെ അതിന്‍റെ പാതയിൽ നിന്നും തള്ളി നീക്കുക. പക്ഷെ എത്രമാത്രം നീങ്ങും എന്നത് ഉൽക്കയുടെ വലിപ്പം അനുസരിച്ചിരിക്കും. പക്ഷെ അതിന്‍റെ പാത വ്യതിചലിക്കാൻ നമുക്ക് കൃത്യമായി കണക്കുകൂട്ടുവാൻ സാധിക്കില്ല എന്നാണുഎന്നാണ് പറയുന്നത്. കാരണം വലിപ്പവും തള്ളലിന്‍റെ ദിശയും ഒക്കെ നമുക്ക് ഇത്ര ദൂരെ ഇരുന്ന്‍ മനസിലാക്കി ചെയ്യുവാനുള്ള ബുദ്ധിമുട്ടാണ്. നാസയും യൂറോപ്യൻ സ്‌പേസ് ഏജൻസിയും ചേർന്നാണ് ഇത് ചെയ്യാൻ ഉദ്ദേശ്ശിക്കുന്നത്.

രണ്ടാമത്തെ വഴി.. ' gravity tractor deflection '. 
ഒരു ഉൽക്കയ്‌ക്ക്‌ വളരെ കുറച്ച് ഗ്രാവിറ്റിയെ ഉണ്ടാവൂ. എന്നാലും ഉണ്ടാവും. ഒരു വലിയ സാറ്റലെറ്റ്   ഉൽക്കയുടെ അടുത്തുകൂടെ സഞ്ചരിച്ചാൽ ഉൽക്ക സാറ്റലെറ്റിനെ  ആകർഷിക്കും, സാറ്റലെറ്റ് ഉൽക്കയെയും ആകർഷിക്കും. പക്ഷെ ചെറുതായേ ഉണ്ടാവൂ എന്ന് മാത്രം. ഉൽക്കയുടെ  അടുത്തുകൂടെ സാറ്റലെറ്റ് മാസങ്ങളോ വർഷങ്ങളോ സഞ്ചരിച്ചാൽ അതിന്‍റെ പാതയിൽ നിന്നും അൽപ്പം വ്യതിചലിക്കും. ആ അൽപ്പം വ്യതിചലനം ഉൽക്കയെ ഭൂമിയുടെ വഴിയിൽ നിന്നും മാറ്റും. ഇത് ആദ്യത്തെ വഴിയായ കൈനറ്റിക് ഡിഫ്‌ളക്ഷനെക്കാൾ സമയം കൂടുതൽ എടുക്കും. പക്ഷെ ശക്തിയേറിയ  റോക്കറ്റ് വേണ്ട എന്ന ഗുണം ഉണ്ട്. ബുദ്ധിമുട്ട് എന്താണെന്ന്‍ വച്ചാൽ വർഷങ്ങൾക്കു മുന്നേ ആ ഉൽക്കയുടെ അടുത്തെത്തി കൂടെ സഞ്ചരിയ്ക്കണം.

എന്തായാലും ഇപ്പോൾ ആരും പേടിക്കണ്ട. ഒരാൾക്ക് 2 പ്രാവശ്യം ബംമ്പർ ലോട്ടറി അടിക്കാനുള്ള ചാൻസാണ് ' ഉൽക്ക  വീണു ഭൂമി നശിക്കാൻ ' ഉള്ളത് എന്നാണു ചില വിദഗ്ധർ പറയുന്നത്.

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment