തുല്യദിനരാത്ര ദിനം അല്ലെങ്കിൽ " equinox"

നമുക്ക് 2 എക്വിനോസ്‌കളാണ് ഉള്ളത്. ഒന്ന് മാർച്ചു 20 / 21 നും, മറ്റേതു 6 മാസം കഴിഞ്ഞ്  സെപ്റ്റംബർ 22  നും.

എന്താണ് എക്വിനോസ് ??

എക്വിനോസ് എന്ന് പറഞ്ഞാൽ ഭൂമിയിൽ  തുല്യ ദിനരാത്രങ്ങൾ ഉള്ള ദിവസങ്ങൾ അല്ലെങ്കിൽ സൂര്യന്‍ ഒരയനത്തില്‍ നിന്നും മറ്റേതിലേക്ക് കടക്കുന്ന സമയം എന്നൊക്കെ ആണ് അർത്ഥം.


ഭൂമിയുടെ അച്ചുതണ്ടിന്‍റെ ചരിവ് കാരണമാണ്  എല്ലാ ദിവസവും രാവും, പകലും  വ്യത്യസ്ത  ദൈർഘ്യം ആയി മാറുന്നത്. ഭൂമിയുടെ അച്ചുതണ്ടിന് 23 .5 ഡ്രിഗ്രി ചരിവ് ഉണ്ടെന്നു നമ്മൾ സ്‌കൂളിൽ പഠിച്ചിട്ടുണ്ട്. ആ ചരിവ് കാരണം ഭൂമിയിൽ നിന്ന് നാം സൂര്യനെ നോക്കുമ്പോൾ സൂര്യൻ ഓരോ ദിവസവും അൽപ്പാൽപ്പം മാറിമാറി ഉദിക്കുന്നതായും, ഒരു സൈഡിലൂടെ പോകുന്നതായും നമുക്ക് അനുഭവപ്പെടും.

എന്നാൽ ശരിക്കും സൂര്യൻ അല്ല മാറുന്നത്. ഭൂമി ചരിഞ്ഞു സ്വയം കറങ്ങുന്നതുകൊണ്ട് നമുക്ക് സൂര്യൻ വശങ്ങളിലേക്ക്  നീങ്ങുന്നതായി അനുഭവപ്പെടുന്നത്.

സൂര്യൻ 3  മാസം കിഴക്കുനിന്നും വടക്കോട്ടും പിന്നെ 6  മാസം വടക്കുനിന്നും തെക്കോട്ടു പോവുകയും പിന്നെ 3 മാസം തെക്കുനിന്നു കിഴക്കോട്ടും വരുന്നതായാണ് നമുക്ക് അനുഭവപ്പെടുക. പക്ഷെ അതിനിടയ്ക്ക് മാർച്ച് - 20   നും പിന്നെ 6  മാസം കഴിഞ്ഞ് സെപ്റ്റംബർ - 22  നും  സൂര്യൻ കൃത്യം കിഴക്കു ഉദിച്ച് പടിഞ്ഞാറ്‌ അസ്തമിക്കും. കൃത്യം 12 മണിക്കൂർ പകലും 12 മണിക്കൂർ രാത്രിയും.

ഇനി ഒരു പരീക്ഷണം നടത്തിയാലോ.

നമുക്ക് എറണാകുളത്തെ കലൂർ സ്റ്റേഡിയത്തിലേക്ക് പോകാം. അവിടെ ഗ്രൗണ്ടിൽ നീളമുള്ള ഒരു പോസ്റ്റ്  ( വടി ) തറയിൽ കുത്തി നിർത്തുക. എന്നിട്ട് നട്ടുച്ചയ്ക്ക് അതിന്‍റെ നിഴൽ നോക്കുക. നിഴൽ അൽപ്പം വടക്കോട്ടു നീണ്ടിരിക്കും. ഇനി ആ നിഴലിനെ അറ്റവും, പോസ്റ്റിന്‍റെ മുകൾ ഭാഗവും പോസ്റ്റിന്‍റെ താഴ ഭാഗവും തമ്മിലുള്ള ആംഗിൾ നോക്കുക. അത് കൃത്യം 10 ഡിഗ്രി ആയിരിക്കും.

എന്നുവച്ചാൽ, എറണാകുളം @ 10  ഡിഗ്രി ഭൂമധ്യരേഖയിൽനിന്നും  വടക്കു മാറി ആണ്. ( നമ്മുടെ  പരീക്ഷണത്തിൽ നിഴൽ  10 ഡിഗ്രി ആയിരുന്നു ). ഇനി ഇതേ  പരീക്ഷണം മുബൈയിൽ വച്ച് നടത്തിയാലോ, ആംഗിൾ 19 ഡിഗ്രി ആയിരിക്കും. അതില്‍ നിന്നും   മുംബൈ  @ 19  ഡിഗ്രി വടക്കു മാറി ആണെന്ന് മനസിലാക്കാം.

ഇനി ഇതേ  പരീക്ഷണം ഭൂമധ്യ രേഖയിൽ  വച്ച് നടത്തിയാലോ, നിഴൽ ഉണ്ടാവുകയേ ഇല്ല. എന്നുവച്ചാൽ ഭൂമധ്യ രേഖയിൽ 0 ഡിഗ്രി ആയിരിക്കും. ഇനി ഇതേ പരീക്ഷണം നിങ്ങൾ ഇപ്പോൾ താമസിക്കുന്ന ഇടത്തുനിന്ന് ചെയ്തു നോക്കിയാൽ അവിടം ഭൂമധ്യരേഖയിൽ നിന്നും എത്രമാത്രം വടക്കോട്ടോ, തെക്കോട്ടോ ആണെന്ന് മനസിലാക്കാം. നിങ്ങൾ  തെക്കേ അർദ്ധഗോളത്തിലാണ് എങ്കിൽ നിഴൽ തെക്കോട്ടു ആവും വീഴുക. 

( നിഴലിന്‍റെ നീളവും, ദിശയും അറിയുവാൻ ചിത്രം ശ്രദ്ധിക്കുക.  )

മറ്റൊരു രസകരമായ കാര്യം : ഭൂമിയിലെ 2 ധ്രുവങ്ങളിൽ പോയി  ഈ 2 ദിവസങ്ങളിൽ സൂര്യനെ നോക്കിയാലോ..? സൂര്യൻ കടൽ നിരപ്പിനു  മുകളിലായി കൃത്യം പകുതി മാത്രം കാണും. 6  മണിക്കൂർ കൊണ്ട് സൂര്യൻ കിഴക്കു നിന്നും മേലോട്ട് പൊങ്ങാതെ  തെക്കോട്ടു പോയി പിന്നെ 6  മണിക്കൂറുകൊണ്ട് പടിഞ്ഞാറു എത്തുകയും, പിന്നെ വടക്കു എത്തുകയും, അങ്ങനെ 24  മണിക്കൂർ കൊണ്ട് കടൽ നിരപ്പിലൂടെ ഭൂമിയെ ചുറ്റുന്നതായി ആണ് നമ്മൾ കാണുക.

( മനസ്സിലാക്കുവാൻ എളുപ്പത്തിനുവേണ്ടി ആണ്   സൂര്യൻ ചലിക്കുന്നതായി പറഞിരിക്കുന്നത്. സത്യത്തിൽ സൂര്യൻ അല്ല ചലിക്കുന്നത്. ഭൂമി കറങ്ങുകയാണ് )

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment