ക്രിത്രിമ ഉപഗ്രഹങ്ങളിൽ നിന്ന് തൊടുക്കാവുന്ന മിസൈലുകൾ ഇന്ത്യക്കുണ്ടോ?

രാജു : ക്രിത്രിമ ഉപഗ്രഹങ്ങളിൽ നിന്ന് തൊടുക്കാവുന്ന മിസൈലുകൾ ഇന്ത്യക്കുണ്ടോ?

ഞാൻ: അങ്ങനെ സ്‌പേസിൽ നിന്നു വിടാവുന്ന മിസൈൽ ഇന്ത്യക്ക് ഇല്ല. പക്ഷെ വേണമെങ്കിൽ ഉണ്ടാക്കാം. ബുദ്ധിമുട്ടുള്ള കാര്യം അല്ല.

സുധി : അപ്പോൾ എന്ത് കൊണ്ടായിരിക്കും അങ്ങനെ ഒരു സാധ്യതയെ പറ്റി ചിന്തിക്കാത്തത്?



ഞാൻ : ചിന്തിക്കാതിരിക്കുന്നത് അല്ല. അതിനുള്ള ചിലവ് കൂടുതലാണ്.

ലത : അതെന്താ ?

ഞാൻ : നമുക്ക് റോക്കറ്റ് ഉപയോഗിച്ച് സ്‌പേസിൽ എത്തിക്കാവുന്ന ഭാരത്തിനു ഒരു പരിധി ഉണ്ട്.

ഇന്ത്യയുടെ വലിയ റോക്കറ്റുകളാണ് PSLV യും, GSLV യും.

PSLV ഉപയോഗിച്ചാൽ ഇന്ധനവും ചേർത്തു 1,800 kg മാത്രമേ സ്‌പേസിൽ എത്തിക്കാൻ പറ്റൂ.

GSLV ഉപയോഗിച്ചാൽ ഇന്ധനവും ചേർത്തു 2,500 kg മാത്രമേ സ്‌പേസിൽ എത്തിക്കാൻ പറ്റൂ.

ആ ഭാരം ഉപയോഗിച്ചു നമുക്ക് എത്ര മിസൈൽ ബഹിരാകാശത്തു എത്തിക്കുവാൻ സാധിക്കും ??

മീര : മിസൈലിന് എത്ര ഭാരമുണ്ട് ബൈജു മാമാ ?

നമ്മുടെ അഗ്നി മിസൈലിന്‍റെ ഭാരം 12,000 kg ആണു. അപ്പോൾ അത്ര വലിയ മിസൈൽ നമുക്ക് ബഹിരാകാശത്തു എത്തിക്കുവാൻ സാധിക്കില്ല. 

2,000 kg വരെയുള്ള മിസൈലേ പറ്റൂ. പക്ഷെ അതിനുള്ള ചിലവോ... ഭയങ്കരം.

ഇനി അതൊക്കെ മറന്നു നമ്മൾ മിസൈൽ ബഹിരാകാശത്തു എത്തിച്ചാലോ.. അത് ഭൂമിയെ വലം വച്ചുകൊണ്ടിരിക്കും. അത് അവിടന്ന് തൊടുത്തു വിട്ടാൽ നമ്മൾ ഉദ്ദേശിക്കുന്ന ടാർജെറ്റിൽ പോകാൻ ആവറേജ് 45 മിനിറ്റു എടുക്കും.

സുധി : അതെന്താ അത്ര സമയം എടുക്കുന്നത് ?

ഞാൻ : നമ്മുടെ ലോ-എർത്ത് ഓർബിറ്റിൽ സാറ്റലെറ്റ് ചുറ്റാൻ 90 മിനിറ്റു എടുക്കും. അപ്പോൾ ആവറേജ് ആയി അതിന്‍റെ പകുതി 45 എന്ന് എടുക്കാം. മനസിലായോ ?

കുട്ടികൾ : ഉം.. മനസിലായി.

ഞാൻ : കൂടാതെ ഉയരത്തിൽ നിന്ന് വരുന്ന മിസൈൽ ആയതുകൊണ്ട് ശത്രുക്കൾക്കു അത് ട്രാക്ക് ചെയ്യുവാൻ എളുപ്പമായിരിക്കും.

കുട്ടികൾ : അത് ശരിയാ..

സുധി : ജപ്പാനിൽ ഇട്ടപോലത്തെ അണ്വായുദ്ധം സ്‌പേസിൽ വിട്ടുകൂടെ ?

ഞാൻ : നീ ആള് കൊള്ളാല്ലോ സുധീ.

ജപ്പാനിൽ അന്ന് ഇട്ട ' ലിറ്റിൽ ബോയ് ' എന്ന ആറ്റമിക് ബോംബിന് എത്ര ഭാരം ഉണ്ടായിരുന്നൂന്നു അറിയോ ? 4,500 kg. അപ്പോൾ നമ്മുടെ റോക്കറ്റിൽ ലിറ്റിൽ ബോയിനെ സ്‌പേസിൽ എത്തിക്കാൻ പറ്റോ ?

കുട്ടികൾ : ഇല്ലാ.. ഭാരം കൂടുതൽ ആണ്.

രാജു : അപ്പോൾ ചെറിയ ബോംബ് ഉണ്ടാക്കണം.

ഞാൻ : ചെറുത് ആവുമ്പോൾ അതിനു പ്രഹര ശേഷിയും കുറവായിരിക്കും

സുധി : എന്നാലും ചെറിയ അണുബോംബ് ഉണ്ടാക്കി സ്‌പേസിൽ വിടാമല്ലോ.

ഞാൻ : വിടാം. പക്ഷെ മറ്റു നൂലാമാലകൾ ഉണ്ട്.

കുട്ടികൾ : അതെന്താ ?

ഞാൻ : രാജ്യങ്ങൾ തമ്മിൽ ആണവ കരാറുകൾ ഉണ്ടാക്കിയിട്ടുണ്ട്. അതിൽ ഒന്ന് " ആണവ ഇന്ധനം ഊർജ്ജാവശ്യങ്ങൾക്ക്‌ മാത്രമെ ഉപയോഗിക്കാവൂ " എന്നാണു. ബോംബ് ഉണ്ടാക്കാൻ കരാർ പ്രകാരം പറ്റില്ല.

സുധി : അങ്ങനെയും കാര്യങ്ങൾ ഉണ്ടോ.

ഞാൻ : ഉണ്ട്. അത് കൂടാതെ ആണവായുധങ്ങൾ സ്‌പേസിൽ സൂക്ഷിച്ചാൽ എല്ലാവർക്കും അത് ഭീഷണി ആവും. കൂടാതെ റോക്കറ്റ് ലോഞ്ചിങ്ങിൽ പറ്റുന്ന അപകടം ഒക്കെ നമുക്കുതന്നെ ഭീഷണി ആവും.

കുട്ടികൾ : അതെന്താ ?

ഞാൻ : എന്തെങ്കിലും അപകടം ഉണ്ടായാൽ ആറ്റോമിക് ബോംബിൽ ഉപയോഗിക്കുന്ന യുറേനിയം പോലുള്ള റേഡിയോ ആക്റ്റീവ് മൂലകങ്ങളിൽനിന്നും വരുന്ന വികിരണങ്ങൾ ജീവജാലങ്ങൾക്ക് കാലാകാലങ്ങളായി ഭീഷണി ആയി നിലകൊള്ളും. അതുകൊണ്ടാണ് ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനു നിയന്ത്രണം വച്ചിരിക്കുന്നത്.

മീര : അപ്പൊ സ്‌പേസിൽ അണു ബോംബ് വച്ചാൽ ശരിയാവൂല്ലല്ലേ ബൈജു മാമാ ..

ഞാൻ : അതെ.. ശരിയാവില്ല.

സുധി : അപ്പോൾ ഞാൻ ഒന്ന് സമ്മറി പറയാം. തെറ്റാണെൽ തിരുത്തണേ മാമാ.

1. അണുബോംബ് സ്‌പേസിൽ വിടുന്നത് സുരക്ഷിതം അല്ല. 

2. വലിയ ബോംബ് സ്‌പേസിൽ എത്തിക്കുവാൻ പ്രയാസം ആണ്. കൂടാതെ ചിലവും കൂടുതൽ. 

3. സ്‌പേസിൽ ഒരു മറയും ഇല്ലാതിരുന്നാൽ മറ്റു രാജ്യങ്ങൾക്കു അത് എളുപ്പം കണ്ടെത്തുവാനും, നശിപ്പിക്കുവാനും കഴിയും.

4. സ്‌പേസിൽ നിന്ന് മിസൈൽ തൊടുത്തു വിട്ടാൽ എളുപ്പം ട്രാക്ക് ചെയ്യുവാനും സാധിക്കും.

ഞാൻ : കറക്റ്റ്.

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment