റോക്കറ്റ് വിക്ഷേപങ്ങൾക്കായി എന്തുകൊണ്ട് ശ്രീഹരിക്കോട്ട തിരഞെടുത്തു ?

റോക്കറ്റ് വിക്ഷേപങ്ങൾക്കായി ഭൂമധ്യരേഖയോടടുത്ത നമ്മുടെ തുമ്പ തിരഞ്ഞെടുക്കാതെ എന്തുകൊണ്ട് അകലെയുള്ള ശ്രീഹരിക്കോട്ട തിരഞെടുത്തു ?

ആദ്യമായി ഭൂമിയുടെ കറക്കവും, റോക്കറ്റു വിക്ഷേപണവും തമ്മിലുള്ള ബന്ധം ഒന്ന് പറയാം.


ഭൂമി 24 മണിക്കൂർ കൊണ്ട് സ്വയം കറങ്ങുന്നു. ഭൂമിയുടെ സാങ്കൽപ്പീക അച്ചുതണ്ട് 2 ധ്രുവങ്ങളിലൂടെയും ആണ് കടന്നു പോകുന്നത്. അതുകൊണ്ട് അവിടെ ഭൂമിയുടെ കറക്കത്തിന്‍റെ വേഗത പൂജ്യവും, ഭൂമധ്യ രേഖയിൽ ഏറ്റവും അധികവും ആണ്, ഏതാണ്ട് 465 മീറ്റർ / സെക്കന്‍റ്. ഭൂമിയുടെ കറക്കം കിഴക്കു ദിശയിലേക്കു ആണ് എന്ന് അറിയാമല്ലോ. അതുകൊണ്ട് ഭൂമധ്യരേഖയിൽ നിന്നും കിഴക്കോട്ട് വിക്ഷേപിക്കുന്ന ഒരു റോക്കറ്റിനു 465 മീറ്റർ / സെക്കന്‍റ് എന്ന വേഗത ആദ്യമേ ഉണ്ടായിരിക്കും. അപ്പോൾ അത്ര ഇന്ധനം ലാഭം കിട്ടും. ( ഏതാണ്ട് 5-10 % ലാഭം ).

മറിച്, ഭൂമധ്യ രേഖയിൽ നിന്ന് പടിഞ്ഞാറോട്ട് റോക്കറ്റ് വിക്ഷേപിച്ചാൽ ഇന്ധനച്ചിലവ് കൂടുതലും ആവും. ( ഏതാണ്ട് 15-20 % കൂടുതൽ ഇന്ധനം ) ഇനി നമ്മുടെ വിക്ഷേപണ കേന്ദ്രം ഭൂമധ്യരേഖയിൽ നിന്ന് എത്ര ഡിഗ്രി അകലെ ആണെന്ന് നോക്കാം. 

തുമ്പ : 8 ഡിഗ്രി.

ശ്രീഹരിക്കോട്ട : 13 ഡിഗ്രി.

8 ഡിഗ്രി ആയാലും 13 ഡിഗ്രി ആയാലും ഭൂമിയുടെ കറക്കത്തിൽ കാര്യമായ വ്യത്യാസം ഉണ്ടാവില്ല. ഏതാണ്ട് 30 ഡിഗ്രി എങ്കിലും കഴിഞ്ഞാലേ വേഗതയിൽ കാര്യമായ ബാധിക്കുകയുള്ളൂ. അമേരിക്കയുടെ കെന്നഡി സ്‌പേസ് സെന്‍റര്‍ 28 ഡിഗ്രി വടക്കുമാറി ആണ്.

പറഞ്ഞുവരുന്നത് 8 ആയാലും 13 ആയാലും കാര്യമായ ഇന്ധന ലാഭം ഇല്ല.

തുമ്പയുടെ പ്രധാന ഡ്രോബാക്ക് എന്താണെന്ന് വച്ചാൽ, തുമ്പയുടെ പടിഞ്ഞാറുഭാഗം ആണ് കടൽ. റോക്കറ്റുകൾ അധികവും കിഴക്കു ദിശയിലേക്കാണ് വിക്ഷേപിക്കുക. കിഴക്കു ഭാഗം ജനവാസം ഏറിയ കേരളം. എന്നാൽ ശ്രീഹരിക്കോട്ടയുടെ കിഴക്കു ഭാഗം കടൽ ആണ്. വിക്ഷേപണത്തിന് സമയത്തു അപകടം ഉണ്ടായാൽ കടലിലെ പതിക്കൂ. കൂടാതെ റോക്കറ്റിന്‍റെ ആദ്യ സ്റ്റേജ് കഴിയുമ്പോൾ ഉപേക്ഷിക്കുന്ന ബൂസ്റ്റർ റോക്കറ്റുകൾ വഴിയിൽ 
ഉപേക്ഷിക്കുമ്പോൾ സ്വാഭാവികമായും താഴെ ഉള്ള കടലിൽ പതിച്ചുകൊള്ളും.

കൂടാതെ റോക്കറ്റിന്‍റെ ഭാഗങ്ങൾ ലോകത്തിന്‍റെ പല ഇടത്തുനിന്നും എത്തുന്നതാവും. അതുകൊണ്ട് കടൽ മാർഗവും, കര മാർഗവും എത്താൻ എളുപ്പമുള്ള ഇടമായിരിക്കണം. അത് തുമ്പയിലും, ശ്രീഹരിക്കോട്ടയിലും ഉണ്ട്. പ്രധാനമായും കിഴക്കു ഭാഗം കടലും, ആൾ പാർപ്പില്ലാത്ത ഇടവും ആണ് ശ്രീഹരിക്കോട്ടയ്ക്ക് മുൻ‌തൂക്കം കൊടുക്കുന്നത്.


                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment