എന്തിനാണ് യുദ്ധവിമാനങ്ങൾ കപ്പലിൽ ലാൻഡ് ചെയ്യുമ്പോൾ പാരച്യൂട്ട് ഉപയോഗിക്കുന്നത് ?

സലിം : എന്തിനാണ് യുദ്ധവിമാനങ്ങൾ കപ്പലിൽ  ലാൻഡ് ചെയ്യുമ്പോൾ പാരച്യൂട്ട് ഉപയോഗിക്കുന്നത്  മാഷേ ? കൂടുതൽ വേഗത്തിൽ ലാൻഡ് ചെയ്യുന്നതുകൊണ്ടാണോ ?



മാഷ് : യുദ്ധവിമാനങ്ങൾ ലാൻഡ്  ചെയ്യുമ്പോൾ സാധാരണ വിമാനങ്ങളെക്കാൾ വേഗത കുറവായിരിക്കും. പക്ഷെ കപ്പലിൽ നീളം കൂടിയ റൺവേ ഉണ്ടാവില്ല. അതുകൊണ്ട് അധിക ദൂരം ഓടാതെ പ്ലെയിനുകൾ നിർത്തണം. വിമാനങ്ങൾ സാധാരണ അതിന്‍റെ ചിറകിലുള്ള 'ഫ്‌ളാപ്പ്' വിടർത്തി എയർ ബ്രേക്കും, കൂടാതെ വീലിലെ ബ്രേക്കും ഒന്നിച്ചാണ് ഉപയോഗിക്കുക. എന്നാലും കൂടുതൽ ദൂരം ഓടി ആണ് അത് നിൽക്കുക. കപ്പലിൽ റൺവേ നീളം കുറഞ്ഞത് കാരണം ഫ്ലാപ്പും ബ്രേക്കും പോരാതെ വരും. ഇനി ബ്രേക്കിന്‍റെ ശക്തി കൂട്ടാമെന്നു വിചാരിച്ചാൽ  വിമാനത്തിന്‍റെ ബാലൻസ് പോവും. കൂടാതെ ടയറിലും ബ്രെക്കിലും ഉള്ള തേയ്മാനവും പിന്നീട് പ്രശനമാവും. അത് ഒഴിവാക്കുവാൻ ആണ് ഈ പാരച്യൂട്ട് ഉപയോഗിക്കുന്നത്. ഡ്രാഗ് പാരച്യൂട്ട് അല്ലെങ്കിൽ ബ്രേക്ക് പാരച്യൂട്ട്  എന്നാണ് ഇതിന് പറയുക. കപ്പലിൽ മാത്രമല്ല, പെട്ടന്ന് നിർത്തേണ്ട ഏതു റൺവേയിലും ഇതുപോലത്തെ പാരച്യൂട്ട് ഉപയോഗിക്കാം.

കൂടുതൽ സുരക്ഷിതം, കുറച്ചു തേയ്മാനം, ചെറിയ റൺവേ.

രാജു : കപ്പലിൽ ലാൻഡ്  ചെയ്യുന്നത് ബുദ്ധിമുട്ടാനോ മാഷേ ?

മാഷ് : പ്ലെയിനിനെ കപ്പൽ ഡെക്കിൽ ലാൻഡ് ചെയ്യിക്കുക എന്നത് ആണ് ഒരു നേവി പൈലറ്റിന്‍റെ ഏറ്റവും വിഷമം പിടിച്ച പണികളിൽ ഒന്ന്. റൺവേയ്ക്ക് 150 മീറ്റർ നീളം മാത്രമേ ഉണ്ടാവൂ. ചില യുദ്ധവിമാങ്ങളിൽ  ഡ്രാഗ് പാരച്യൂട്ടിനു പകരം പ്ലെയിനിന്‍റെ പിൻഭാഗത്തായി ' ടെയിൽ ഹുക്ക് ' എന്നൊരു കൊളുത്ത് പിടിപ്പിച്ചിട്ടുണ്ട്. അതിലെ പൈലറ്റിന്‍റെ പ്രധാന ദൗത്യം എന്താണെന്ന് വച്ചാൽ ലാൻഡ് ചെയ്യുമ്പോൾ കപ്പലിന്‍റെ റൺവേയ്ക്ക് കുറുകെ കെട്ടിയിരിക്കുന്ന 4 സ്റ്റീൽ കയറുകളിലൊന്നിൽ ഈ ടെയിൽ ഹുക്ക് കൊളുത്തുക എന്നതാണ്. 'ടെയിൽ ഹുക്ക്' ഉള്ള പ്ലെയിനുകളിൽ ഡ്രാഗ് പാരച്യൂട്ട് ഉപയോഗിക്കില്ല.


                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment