ബഹിരാകാശത്ത് വസ്തുക്കൾ താഴെ വീഴാതെ നിൽക്കുന്നതെന്തുകൊണ്ടാണ് ?

നമുക്ക് ഭൂമിയെ ചുറ്റുന്ന ഒട്ടനവധി സാറ്റലറ്റുകൾ ഉണ്ട്. 

അന്താരാഷ്ട്ര ബഹിരാകാശനിലയം ഭൂമിയെ 92 മിനിറ്റ് കൊണ്ട് ചുറ്റുന്നു. ഇന്ത്യയുടെ സാറ്റലറ്റുകളായിരുന്ന ആര്യഭട്ടയും ഭാസ്കരയും രോഹിണിയും ഒക്കെ ഏകദേശം 1.5 മണിക്കൂർ കൊണ്ടാണു ഭൂമിയെ ചുറ്റിയിരുന്നത്. സാറ്റലറ്റിനു അവിടെ ഭൂമിയെ ചുറ്റാതെ വെറുതെ നിൽക്കാനോ വേഗത കുറയ്ക്കാനോ സാധിക്കില്ല. വേഗത കുറഞ്ഞാൽ അത് ഭൂമിയിലേക്ക്‌ പതിക്കും.


എന്നാൽ നമ്മുടെ തലയ്ക്ക് മുകളിൽ എപ്പോഴും സ്ഥിതിചെയ്യുന്ന രീതിയിൽ നമുക്ക് സാറ്റലറ്റിനെ നിർത്താം. ടെലിവിഷൻ റിലേ ചെയ്യുന്നതും, വാർത്താവിനിമയത്തിനും ഉപയോഗിക്കുന്നതുമായ സാറ്റലറ്റുകൾ അതതു രാജ്യത്തിനു മുകളിലായി സ്ഥിരമായി നിലകൊള്ളുകയാണ്. എന്ന് വച്ചാൽ ആ സാറ്റലറ്റുകൾ ഭൂമിയുടെ ഒപ്പം 24 മണിക്കൂർ കൊണ്ടു ഭൂമിയെ ചുറ്റുകയാണ്. അതുകൊണ്ടാണ് അത് അവിടെ എപ്പോഴും നിലകൊള്ളുന്നതായി നമുക്ക് തോന്നുന്നത്. അങ്ങനെ 36,000 കിലോമീറ്റർ ഉയരത്തിൽ ഉള്ള ഓർബിറ്റിനെ geostationary orbit / ഭൂസ്ഥിര ഭ്രമണപഥം എന്ന് പറയുന്നു.

എന്നാൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് 92 മിനിറ്റിനു പകരം 24 മണിക്കൂർ കൊണ്ടു ഭൂമിയെ ചുറ്റുവാൻ സാധിക്കുമോ? ഇല്ല. എത്ര സമയം കൊണ്ടു ഭൂമിയെ ചുറ്റണം എന്നത് ആ സാറ്റലറ്റിന്‍റെ ഭൂമിയിൽ നിന്നുള്ള ഉയരത്തെയും ദിശയേയും ആശ്രയിച്ചിരിക്കും. 400 കിലോമീറ്റർ മുകളിലുള്ള ഓർബിറ്റിൽ സമയം 90 മിനിറ്റ് ആണു. ഭൂമിയിൽ നിന്ന് മുകളിലേക്ക് / ദൂരേക്ക്‌ പോകുമ്പോൾ ഓർബിറ്റൽ സമയം കൂടും. 

ചന്ദ്രനും ഭൂമിയുടെ സാറ്റലറ്റാണ്. ചന്ദ്രൻ 4 ലക്ഷം കിലോമീറ്റർ ഉയരത്തിൽ ആണ്. അവിടത്തെ ഓർബിറ്റൽ സമയം 27 ദിവസം ആണു. അതുകൊണ്ടാണ് ചന്ദ്രൻ 27 ദിവസംകൊണ്ട് ഭൂമിയെ ചുറ്റുന്നത്.

36000 കിലോമീറ്റർ ഉയരം ആവുമ്പോൾ ഓർബിറ്റൽ സമയം 24 മണിക്കൂർ ആവും. ആ ഉയരത്തിൽ ഒരു സാറ്റലറ്റ് നമ്മുടെ കേരളത്തിന് മുകളിൽ ഉണ്ടെങ്കിൽ അത് അവിടെ മുകളിലായി എങ്ങും തൊടാതെ, താഴെ വീഴാതെ,   അനങ്ങാതെ നിൽക്കുന്നതായി നമുക്ക് കാണാം. താഴെ നിന്നും ആ സാറ്റലൈറ്റിലേക്കു സിഗ്നൽ അയച്ചാൽ അത് അവിടെ നിന്നും തിരികെ ഭൂമിയുടെ ഈ പകുതി മുഴുവൻ എത്തുന്ന രീതിയിൽ സിഗ്നലിനെ പ്രതിഫലിപ്പിക്കും. അങ്ങനെ ആണ് നമ്മുടെ ഡിഷ് ടിവി സിഗ്നൽ ഇന്ത്യയിലും, സമീപ രാജ്യങ്ങളിലും ഇപ്പോൾ ലഭിക്കുന്നത്.


                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---


No comments:

Post a Comment