ഒരു കിലോ ഇരുമ്പിനാണോ ഒരു കിലോ മരത്തിനാണോ കൂടുതൽ ഭാരം ?

ഇത് പല രൂപത്തിൽ എല്ലാവരും കേട്ട് തഴമ്പിച്ച ചോദ്യമാണ്. ഒരു കിലോ ഇരുബിനാാണ് ഭാരം കൂടുതൽ എന്ന് പറഞ്ഞപ്പോൾ ആരെങ്കിലും നിങ്ങളെ കളിയാക്കിയോ ? എന്നാൽ  സത്യം ആണ്. ഒരു കിലോ ഇരുമ്പും ഒരു കിലോ മരവും എടുത്ത് തൂക്കി നോക്കിയാൽ ഒരു കിലോ ഇരുമ്പിനുതന്നെ ആയിരിക്കും ഭാരക്കൂടുതൽ. ആറ്റോമിക് മാസ് ഒന്നും അല്ലട്ടോ ഇവിടെ പറയുന്നത്. നമ്മൾ സാധാരണ ഭാരം നോക്കുന്ന രീതി തന്നെ. പക്ഷെ കൃത്യത കൂടുതൽ വേണം എന്ന് മാത്രം.



എളുപ്പം മനസിലാക്കുവാനായി തൽക്കാലം നമുക്ക് വെള്ളത്തിൽ വച്ച് ഒരു പരീക്ഷണം നടത്തി നോക്കാം. ഒരു കിലോ ഇരുമ്പും 1 കിലോ മരത്തടിയും എടുക്കുക ( എടുക്കണ്ട, ആലോചിച്ചാൽ മതി ). അറിയാല്ലോ.. മരത്തടി ഒരു പൊതിച്ച  തേങ്ങയുടെ അത്രയും ഉണ്ടാവും, ഇരുമ്പ് ആണെങ്കില്‍ ഒരു വലിയ   അടക്കയുടെ വലിപ്പവും. ഇനി ഇരുമ്പും, മരത്തടീം വെള്ളത്തിൽ താഴ്ത്തുക. മരം ഭാരം ഇല്ലാതെ പൊങ്ങിക്കിടക്കും, എന്നാൽ ഇരുംബ് വെള്ളത്തിൽ താഴും പക്ഷെ ഭാരം കുറവായിരിക്കും. എത്രമാത്രം ഭാരക്കുറവ് ? ആ വസ്തുവിന്‍റെ ഭാരത്തിൽ നിന്നും അത്ര വ്യാപ്തം (volume ) വെള്ളത്തിന്‍റെ ഭാരം കുറച്ചാൽ കിട്ടുന്ന ഭാരം മാത്രമേ അവയ്ക്ക് വെള്ളത്തിൽ ഉണ്ടാവൂ. മരത്തിന്‍റെ അത്ര തുല്യ വ്യാപ്തം വെള്ളത്തിന് മരത്തെക്കാൾ ഭാരം കൂടുതലായതുകൊണ്ട് മരം പൊങ്ങിക്കിടക്കുന്നു.

ഇനി ഇതേ കാര്യം വായുവിൽ പരീക്ഷിച്ചാലോ. വെള്ളത്തിന് പകരം വായു. പക്ഷെ വായുവിനും ഭാരം ഉണ്ട്. ഒരു ക്യുബിക് മീറ്റർ വെള്ളത്തിന് 1000 കിലോ ഉള്ളപ്പോൾ ഒരു ക്യുബിക് മീറ്റർ വായുവിന് 1.3 കിലോ മാത്രമേ ഉള്ളൂ. എങ്കിലും ഭാരം ഉണ്ട്. അതുകൊണ്ടുതന്നെ എല്ലാ വസ്തുക്കൾക്കും അത് ഉൾക്കൊള്ളുന്ന അത്ര വായുവിന്‍റെ ഭാരം കുറവായിരിക്കും അവിടെ കാണിക്കുക. ഇരുമ്പിനെ അപേക്ഷിച്ച് മരത്തിന്‍റെ വ്യാപ്തം (volume ) കൂടുതലായതുകൊണ്ട് കൂടുതൽ ഭാരക്കുറവ് ഉണ്ടാവും. ഘനം (density ) കുറഞ്ഞ വസ്തുക്കളിൽ ഇത് കൂടുതൽ പ്രകടമാവും. ഉദാ : ഒരു കിലോ വായുവിന്‍റെ ഭാരം 0 ആണ് ഇവിടെ ഭൂമിയിൽ കാണിക്കുക. എന്നാൽ വായു ഇല്ലാത്തിടത്ത് അത് 1 കിലോ എന്നുതന്നെ കാണിക്കും.

ഒരു ക്യുബിക് മീറ്റർ വായുവിന് 1.3 കിലോ ഭാരം ഉണ്ട്. അതുകൊണ്ട് പ്രത്യക്ഷത്തിൽ ഒരു  കിലോ ഇരുമ്പിന് 999.85 ഗ്രാമും ഒരു കിലോ മരത്തിന് 998.2 ഗ്രാമും ആണ് നമ്മുടെ കടല്‍ നിരപ്പിലെ അന്തരീക്ഷത്തിൽ കാണിക്കുക. 1 കിലോ ഇരുമ്പിന് 1 കിലോ മരത്തിനേക്കാൾ 1.65 ഗ്രാം ഭാരക്കൂടുതൽ ഉണ്ട്. ഇനി ആരെങ്കിലും ഇരുമ്പിനാണ് ഭാരക്കൂടുതൽ എന്ന് പറഞ്ഞാൽ ചിരിക്കരുത്.

Note : പിണ്ഠത്തിന്‍റെ ( mass ) യൂണിറ്റ് കിലോയും ഭാരത്തിന്‍റെ (weight) യൂണിറ്റ് ന്യൂട്ടണും അല്ലെങ്കിൽ പൗണ്ടും ആണ്. ഇവിടെ ആളുകൾക്ക്  എളുപ്പം മനസിലാകുന്നതിന് വേണ്ടി ആണ് കിലോയിൽ കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment