സൂര്യനെ ഒരു ബ്ലാക്ക് ഹോൾ ആക്കി മാറ്റിയാൽ എന്തൊക്കെ മാറ്റം സംഭവിക്കും ?

നമ്മുടെ സൂര്യനെ ഒരു ബ്ലാക്ക് ഹോൾ ആക്കി മാറ്റിയാൽ എന്തൊക്കെ മാറ്റം ഭൂമിക്കും മറ്റു ഗ്രഹങ്ങള്‍ക്കും സംഭവിക്കും ?

ബ്ലാക്ക് ഹോൾ എന്ന് കേൾക്കുമ്പോൾത്തന്നെ എല്ലാത്തിനേയും വലിച്ചെടുത്ത്‌ വിഴുങ്ങുന്ന ഒരു ഭീകരനെ ആണ് നമുക്ക് മനസിൽ വരിക. സൂര്യനെ അതിന്‍റെ തുല്യ മാസ് ഉള്ള ഒരു ബ്ലാക്ക് ഹോൾ ആക്കി മാറ്റിയാൽ ഭൂമിയേയും മറ്റു ഗ്രഹങ്ങളേയും ഒക്കെ വലിച്ചെടുത്ത്‌ വിഴുങ്ങിക്കളയുമോ ?



ഒരിക്കലും ഇല്ല. കാരണം സൂര്യന്‍റെ ഇപ്പോൾ ഉള്ള മാസ്സ് തന്നെ ആണ് പുതിയ ബ്ലാക്ക് ഹോളിനും. അതുകൊണ്ട് സൂര്യൻ ഇപ്പോൾ ചെലത്തുന്ന ആകർഷണ ബലങ്ങൾ തന്നെ ആയിരിക്കും പുതിയ ബ്ലാക്ക് ഹോൾ സൂര്യനും ഗ്രഹങ്ങളിൽ ചെലുത്തുക. എന്നാൽ സൂര്യന്‍റെയും പുതിയ ബ്ലാക്ക് ഹോൾ-സൂര്യന്‍റെയും ഉപരിതലത്തിന് വളരെ അടുത്തായുള്ള ഗ്രാവിറ്റിക്കും കാര്യമായ വ്യത്യാസം ഉണ്ടായിരിക്കും. ബ്ലാക്ക് ഹോൾ-സൂര്യന്‍റെ ഏതാനും കിലോമീറ്റർ പുറത്തായി സംഭാവ്യതാ ചക്രവാളം ( event horizen ) എന്നൊരു ഭാഗം തരണം ചെയ്ത് അകത്തു കടക്കുന്ന വസ്തുക്കൾക്കോ പ്രകാശത്തിനോ തിരിച്ചു പുറത്തു കടക്കാൻ സാധിക്കില്ല. എന്നാൽ ഇത്ര ദൂരെ ചുറ്റിക്കറങ്ങുന്ന ഭൂമിക്കോ ചന്ദ്രനോ ഒന്നും ഒരു മാറ്റവും അതുകൊണ്ടു സംഭവിക്കില്ല.

എന്നാൽ സൂര്യൻ ബ്ലാക്ക് ഹോൾ ആയാൽ ഭൂമിയിലെ ജീവജാലങ്ങൾക്ക് കുഴപ്പം ഒന്നും ഉണ്ടാവില്ല എന്ന് ധരിക്കരുത്. നമുക്ക് അറിയാമല്ലോ ബ്ലാക്ക് ഹോളിൽ നിന്ന് പ്രകാശത്തിനു പോലും പുറത്തു കടക്കാൻ ആവില്ല എന്ന്. അപ്പോൾ പുതിയ സൂര്യനിൽ നിന്നും പ്രകാശമോ ചൂടോ ഒന്നും പുറത്തു വരില്ല. സൗരയൂഥം മൊത്തം ഇരുട്ടിലാവും. ആകെ നമുക്ക് കാണാൻ പറ്റുക മറ്റു നക്ഷത്രങ്ങളെ മാത്രം. ഏതാനും ആഴ്ചകളോ മാസങ്ങളോ കഴിയുമ്പോൾ ഭൂമിയുടെ അന്തരീക്ഷം തണുത്തു മരവിച്ചു പോകും. പക്ഷെ അത് ബ്ലാക്ക് ഹോൾ കാരണം അല്ല. സൂര്യപ്രകാശം ഇല്ലാത്തത് കാരണം ആണ്. പക്ഷെ അപ്പോഴും നമ്മുടെ സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളും പഴയതുപോലെ ബ്ലാക്ക് ഹോൾ സൂര്യനെ ചുറ്റിത്തിരിഞ്ഞുകൊണ്ടേ ഇരിക്കും...

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment