ബഹിരാകാശ നിലയത്തിൽ സംഭവിച്ചേക്കാവുന്ന അപകടങ്ങൾ.

സൂരജ് :  അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സംഭവിച്ചേക്കാവുന്ന അപകടങ്ങൾ എന്തൊക്കെ ആണ് മാഷേ..?

ഞാൻ : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സാധാരണ സംഭവിച്ചേക്കാവുന്ന ചില കാര്യങ്ങൾ ഉണ്ട്. അത് നേരിടാനുള്ള പ്രത്യേകം ട്രെയിനിങ് ഒക്കെ കൊടുത്തിട്ടാണ്  അസ്‌ട്രോനോട്ടിനെ അല്ലെങ്കിൽ കോസ്മോനോട്ടിനെ അങ്ങോട്ട് വിടുന്നത്.

ലത : അതെന്തൊക്കെയാണ് മാഷേ ?

ഞാൻ : പ്രധാനമായും 3 കാര്യങ്ങളാണ് ഉണ്ടാവാൻ സാധ്യത ഉള്ളത്.



1. തീ.
2. വായു ചോർന്ന്  അതിനകത്തെ മർദം കുറയൽ.
3. അതിനകത്തുള്ള  പൈപ്പികളിലെ വിഷവാതക ചോർച്ച.

ലത : തീയോ.. അതെന്താ മാഷേ ?

ഞാൻ : സ്‌പെയ്‌സ് സ്റേഷനുള്ളിൽ ഒത്തിരി ഇലക്ട്രിക് കണക്ഷനുകൾ ഉണ്ട്. അതിലൊന്നിൽ കറന്‍റ് ഷോർട്ടായി എപ്പോൾ വേണമെങ്കിലും തീ ഉണ്ടാവാം. അതുകൊണ്ടുതന്നെ അതിനകത്തായി ഫയർ എക്സ്റ്റിൻഗ്യൂഷറുകൾ വച്ചിട്ടുണ്ട്. അമേരിക്കയുടെ ഭാഗത്ത് CO2 വും, റഷ്യയുടെ ഭാഗത്ത് സോപ്പ് പത കൊണ്ടുള്ള ഫയർ എക്സ്റ്റിൻഗ്യൂഷറും ആണ് ഉപയോഗിക്കുക.

അരുൺ : അതെന്താ അമേരിക്കയുടെ ഭാഗം, റഷ്യയുടെ ഭാഗം എന്നൊക്കെ പറയുന്നത് ?

ഞാൻ : ബഹിരാകാശനിലയം പല രാജ്യങ്ങളും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. അതിൽ നല്ലൊരു ശതമാനം അമേരിക്കയുടെ ആണ്. പിന്നെ റഷ്യ. ഇവർക്ക് 2 കൂട്ടർക്കും പ്രത്യേകം പ്രത്യേകം ഭാഗം തന്നെയുണ്ട്. അത് കൂടിക്കലർന്ന്‍ അല്ല. 2 ഉം 2 ഭാഗത്തായി ആണ്. കൂടാതെ ജപ്പാനും കുറച്ചു ഭാഗം ഉണ്ട്. പിന്നെ യൂറോപ്പ്, കാനഡ, ഇറ്റലി, ബ്രസീൽ എന്നിവർക്ക് ഓരോ മൊഡ്യൂളുകളും ഉണ്ട്.

നന്ദ ടീച്ചർ : എന്തിനാ ബൈജുമാഷേ നമ്മൾ ഈ കാര്യങ്ങൾ ഒക്കെ അറിഞ്ഞിട്ട് ? നമ്മൾ ആരും അങ്ങോട്ട് പോകുന്നില്ലല്ലോ.

ഞാൻ : നമുക്ക് മനസുകൊണ്ട് അവിടെ പോകാമല്ലോ. കൂടാതെ നമ്മൾ ഇതൊക്കെ മനസ്സിലാക്കുമ്പോൾ ശാസ്ത്രം കൂടുതൽ മനസിലാക്കുകയാണ്. അവിടത്തെ സാഹചര്യങ്ങൾ, അതുമായി ബന്ധപ്പെട്ട ഫിസിക്സ്... അങ്ങനെ പലതും.

നന്ദ ടീച്ചർ : ഉം.

ലത : വിഷവാതകം എന്താണ് മാഷേ ?

ഞാൻ : സ്‌പേസ് സ്റ്റേഷൻ എന്ന് പറയുന്നത് വലിയൊരു ഫാക്ടറി ആണ്. അതിൽ ധാരാളം പരീക്ഷണങ്ങൾ നടത്തുന്നു, ധാരാളം ശുദ്ധീകരണ  പ്രവർത്തനങ്ങൾ നടക്കുന്നു, കൂടാതെ ശീതീകരണ പ്രവർത്തനങ്ങൾക്കും മറ്റുമായി പല  രാസവസ്തുക്കളും  ഉപയോഗിക്കുന്നു, പ്രത്യേകിച്ച് അമോണിയ. അവയിൽ ഏതെങ്കിലും ഒക്കെ ലീക്ക് വരാം. അത് ശ്വസിക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കും.

സൂരജ് :  മർദ്ദം കുറയുന്നത് എങ്ങനെ ? ലീക്ക് ആവുമോ ?

ഞാൻ : അതെ. ബഹിരാകാശ നിലയം എന്നത് പല പ്രാവശ്യമായി പല രാജ്യങ്ങൾ അയച്ച പലപല മൊഡ്യൂളുകൾ ചേർത്ത് ഉണ്ടാക്കിയതാണ്. അവ തമ്മിൽ കൂടിച്ചേരുന്ന ഭാഗങ്ങളിലെ സീലുകളിൽ  ഒന്ന് ലീക്കായാൽ മതി .. നിലയത്തിലെ വായു സ്‌പേസിലേക്കു ചോർന്നു പോവാൻ. കൂടാതെ ഉൽക്ക പതിച്ച് സ്‌പേസ് സ്റ്റേഷന്‍റെ ബോഡിക്കു കേടുപാടുകൾ വരാം. പിന്നെ ഡോക്കിങ്ങിന്‍റെ സമയത്ത് ഉണ്ടാവുന്ന കൂട്ടിയിടിയിലും കേടുപാടുകൾ വരാം. പണ്ടൊരിക്കൽ റഷ്യയുടെ ' മിർ ' എന്ന ബഹിരാകാശ നിലയത്തിൽ ഡോക്കിങ്ങിനിടെ ഉണ്ടായ കൂട്ടിയിടി അതിന് കാര്യമായ കേടുപാടുകൾ ഉണ്ടാക്കി.

ലത : ഇതിൽ ഏതാണ് മാഷേ ഏറ്റവും അപകടം ?
ഞാൻ : പെട്ടന്ന് ആക്ഷൻ എടുത്തില്ലെങ്കിൽ ഈ മൂന്നും സീരിയസ് ആയിത്തീരും.

ബോഡിയിലുണ്ടാവുന്ന ഹോൾ വലുതാണെങ്കിൽ അതിലെ വായു പെട്ടന്ന് പോയിത്തീരും. ഇനി അങ്ങനെ വല്ലതും ഉണ്ടായാൽ അതിനകത്തുള്ളവരെല്ലാം ഒരിടത്തായി ഒത്തു കൂടി ആലോചിക്കും, തീരുമാനമെടുക്കും. മിക്കവാറും റഷ്യയുടെ മോഡ്യൂളിലാവും അവർ കൂടുക.

സൂരജ് : അതെന്താ റഷ്യയുടെ മോഡ്യൂളിൽ  ?

ഞാൻ : ബഹിരാകാശനിലയത്തിലെ  റഷ്യയുടെ ' സോയൂസ് ' മൊഡ്യൂൾ ഒരു ഓട്ടോ ലാൻഡിങ് മൊഡ്യൂൾ ആണ്. ഭൂമിയിലെ കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടപ്പെട്ടാൽ പോലും സോയൂസിനു ഭൂമിയിൽ തനിയെ ലാൻഡ് ചെയ്യുവാൻ സാധിക്കും. അപ്പോൾ അതിനകത്താണെൽ ജീവനോടെ ഭൂമിയിൽ വരാം.

ലത : അത് കൊള്ളാം മാഷേ.

ഞാൻ : ഇനി ഏതു മോഡ്യൂളിലാണ് ലീക്ക് അല്ലെങ്കിൽ തീ എന്ന് കണ്ടുപിടിച്ചാൽ വേണമെങ്കിൽ ആ മൊഡ്യൂൾ മാത്രമായി ക്ളോസ് ചെയ്യാം. എന്നിട്ടു കൺട്രോൾ റൂമുമായി ബന്ധപ്പെട്ടു വേണ്ടത് ചെയ്യാം.

ഈ കാരണങ്ങൾ കൂടാതെ മറ്റു പല അപകടങ്ങളും ഉണ്ടാവാം. ചിലപ്പോൾ കറന്‍റ്   പോകാം, കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടപ്പെടാം, പക്ഷെ അതൊന്നും അത്ര സീരിയസ് ആയ കാരണങ്ങൾ അല്ല എന്ന് മാത്രം. ഇനി വല്ല സ്‌പേസ് മാലിന്യങ്ങളുമായി കൂട്ടി ഇടിച്ചാൽ പിന്നെ സ്‌പേസ് സ്റ്റേഷൻ തകരും.

സൂരജ് :  അതുപോലത്തെ  അപകടം ഉണ്ടായാൽ എല്ലാവരും കൂടെ റഷ്യേടെ സോയൂസിലേക്കു പോകും. എന്നിട്ട് അവിടന്ന് നേരെ  ഭൂമിയിലോട്ട് പോരും. അല്ലെ  മാഷേ..?

ഞാൻ : കറക്ട്.



                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment