മൂൺ ലാൻഡിങ് സൈറ്റ് ഭൂമിയിൽ നിന്ന് കാണുവാൻ പറ്റുമോ ?

' മൂൺ  ലാൻഡിങ്  സൈറ്റ് ' ഭൂമിയിൽ നിന്ന് കാണുവാൻ പറ്റുമോ മാഷേ ?

മാഷ് : നമുക്ക് കണ്ണുകൊണ്ട് ചന്ദ്രനിലെ ലാൻഡിങ്  സൈറ്റ് കാണുവാൻ സാധിക്കില്ല.  വലിയ ടെലസ്‌ക്കോപ്പിലൂടെ നോക്കിയാൽ ചന്ദ്രനിലെ പാറയും കല്ലും ഒക്കെ കാണുന്നതായി തോന്നും. പക്ഷെ അതൊക്കെ വലിയ കുന്നുകൾ ആണ്. ചന്ദ്രൻ നമ്മൾ കരുതുന്നതിനേക്കാൾ വലുതും ദൂരെയും ആണ്.

ചന്ദ്രൻ ഏതാണ്ട് 400,000 കിലോമീറ്റർ ദൂരെ ആണ്. ചന്ദ്രനെ നമ്മൾ എത്ര വലുതായാണ് കാണുന്നതെന്ന് അറിയാമോ ?




ലത : ഒരു ആപ്പിളിന്‍റെ അത്ര വലിപ്പത്തിൽ.

സൂരജ് : ഒരു ഫുടബോളിന്‍റെ വലിപ്പത്തിൽ.

മാഷ് : നമുക്ക് അങ്ങനെ പറയുവാൻ സാധിക്കില്ല. ചന്ദ്രനെ മറയ്ക്കുവാനായി ഒരു ആപ്പിളോ ഫുട്‍ബോളോ നമ്മുടെ കണ്ണിൽനിന്നും എത്ര ദൂരെ പിടിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അത്. അതുകൊണ്ട് നമുക്ക് ചന്ദ്രനെ എത്ര ഡിഗ്രി 'ആംഗിളിൽ' ആണ് കാണുന്നതെന്ന് പറയാം. അങ്ങനെ ആണ് ദൂരെ ഉള്ള വസ്തുക്കളെ നാം കാണുന്നതിന്‍റെ സൈസ് പറയുന്നത്.

ഉദാഹരണത്തിന്, പൂർണ ചന്ദ്രനെ നാം കാണുന്നത് 31 arcmin or 1/2° ആണെന്ന് പറയാം. എന്ന് വച്ചാൽ ചന്ദ്രനെ നാം കാണുന്നത് അര ഡിഗ്രി കോണിൽ ആണ്. അല്ലെങ്കിൽ 31 മിനിറ്റ് കോണിൽ ആണ് എന്ന് പറയാം. അതുകൊണ്ടാണ് പൂർണ സൂര്യ ഗ്രഹണം ഉണ്ടാവുമ്പോൾ ചന്ദ്രൻ തന്‍റെ 400 ഇരട്ടി വലിപ്പമുള്ള സൂര്യനെ പൂർണമായും മറയ്ക്കുന്നത്. ചന്ദ്രൻ സൂര്യനേക്കാളും 400 ഇരട്ടി നമ്മളോട് അടുത്താണ്. നമ്മൾ ഇവിടെ പറഞ്ഞു വരുന്നത് സൂര്യന്‍റെയും ചന്ദ്രന്‍റെയും ഭൂമിയിൽ നിന്നുള്ള വീക്ഷണ കൊണം ഏതാണ്ട് ഒന്നാണ് എന്നതാണ്.  കാണുന്ന വലിപ്പവും യഥാർത്ഥ വലിപ്പവും ആയി വലിയ ബന്ധം ഇല്ല. ചെറിയ വസ്തു ആയാലും നമ്മുടെ അടുത്താണെങ്കിൽ വലുതായി തോന്നും. ആകാശത്തെ ഗോളങ്ങളെ നാം വീക്ഷണ കോണത്തിൽ ( angle  ) ആണ് സാധാരണ പറയുക.

നമ്മൾ ചന്ദ്രനെ വെറും കണ്ണുകൊണ്ട് കാണുന്നത് 31 മിനിറ്റ് ആംഗിളിൽ ആണെന്ന് പറഞ്ഞുവല്ലൊ.  1 മിനിറ്റ് ആംഗിളിനു മുകളിലുള്ള വസ്തുക്കളെ മാത്രമേ  നമുക്ക് വസ്തുക്കളായി കാണുവാൻ സാധിക്കൂ. അതിലും  ചെറുതായ എന്തും നമുക്ക് ഒറ്റ ബിന്ദു ആയേ  തോന്നൂ.

ലത : 1 മിനിറ്റ് ആംഗിളിനു മുകളിലുള്ള വസ്തുക്കളെ നമുക്ക് നന്നായി കാണുവാൻ സാധിക്കൂ . അല്ലേ  മാഷേ ?

മാഷ് : അതെ. നമുക്ക് കാണാൻ 1 മിനിറ്റ് ആംഗിൾ എങ്കിലും വേണം.

ചന്ദ്രന്‍റെ വ്യാസം 3500 കിലോമീറ്റർ ആണ്. അപ്പോൾ നമുക്ക് വ്യക്തമായി കാണുന്ന ഒരു ബിന്ദു എന്ന് പറയുന്നത് 3500 KM / 31 മിനിറ്റ് = 113 കിലോമീറ്റർ. എന്ന് വച്ചാൽ നാം വെറും കണ്ണുകൊണ്ട് ചന്ദ്രനെ നോക്കുമ്പോൾ കാണുന്ന ഒരു ബിന്ദുവിന് 113 കിലോമീറ്റർ വലിപ്പം ഉണ്ടാവും.

വൈശാഖൻ : ഹബിൾ ടെലസ്‌ക്കോപ്പിലൂടെ നോക്കിയാലോ മാഷേ ?

മാഷ് : ഹബിൾ ടെലസ്‌ക്കോപ്പ് ഒരു വിഷ്വൽ ടെലസ്‌ക്കോപ്പ് അല്ല. അതിൽ ഒരു ക്യാമറ ഉണ്ട്. അതിലെ ഫോട്ടോ ആണ് നാം കാണുന്നത്. 

ഹബ്ബിളിന്‍റെ ഏറ്റവും കൂടിയ മാഗ്നിഫിക്കേഷൻ ഏതാണ്ട് 4800X ആണ് എന്നാണു കണക്കാക്കിയിരിക്കുന്നത്. ശരിക്കും പറഞ്ഞാൽ ഹബ്ബിളിന്‍റെ മാഗ്നിഫിക്കേഷൻ പറയുന്നത് അതിനെ കളിയാക്കുന്നതിന് തുല്യം ആണ്. മാഗ്നിഫിക്കേഷനിൽ  അല്ല ഒരു ടെലസ്‌ക്കോപ്പിന്‍റെ ഗുണം വിലയിരുത്തുക. അതിന്‍റെ ലെൻസിന്‍റെ വലിപ്പവും ഷാർപ്പനസ്സും  ആണ് ടെലസ്ക്കോപ്പിൽ പ്രധാനം. അതുപോലെ ഫോട്ടോയും നമ്മുടെ കണ്ണിനു കാണുന്ന ആംഗിളും തമ്മിൽ ഒരു താരതമ്യം പറയുവാൻ സാധിക്കില്ല. പക്ഷെ ഹബ്ബിളിന് ഫോട്ടോ എടുക്കാവുന്ന ഏറ്റവും ചെറിയ ആംഗിൾ ഒരു സെക്കന്‍റിന്‍റെ 20 ഇൽ 1 ആണ് എന്ന് നമുക്കറിയാം.

അങ്ങനെ കണക്കു കൂട്ടിയാൽ...
ചന്ദ്രനിൽ ഭൂമിയിൽ നിന്ന് കാണുന്ന 1 മിനിറ്റ് എന്നത് 113 കിലോമീറ്റർ ആണെന്ന് നാം കണക്കു കൂട്ടി. അപ്പോൾ 1 സെക്കന്‍റ്  എന്നത് 113 / 60 = 1.88 കിലോമീറ്റർ ഒരു സെക്കന്‍റിന്‍റെ 20 ഇൽ 1 എന്നത് = 1.88 / 20 = 94 മീറ്റർ. അപ്പോൾ ഹബ്ബിളിന് ഫോട്ടോ എടുക്കാവുന്ന ഒരു പോയിന്‍റിന് ചന്ദ്രനിൽ 94 മീറ്റർ വ്യാസം ഉണ്ടായിരിക്കും.

ഹബിൾ ടെലസ്‌ക്കോപ്പിലൂടെ ചന്ദ്രന്‍റെ ഏറ്റവും വലുതായ ഫോട്ടോ എടുത്താൽ പോലും അതിലെ ഏറ്റവും ചെറിയ ഒരു പോയിന്‍റിന് ( 1 pixel )  94 മീറ്ററിൽ വ്യാസം ഉണ്ടാവും. പക്ഷെ നിർഭാഗ്യവശാൽ ചന്ദ്രനിൽ നാസ സ്ഥാപിച്ച കൊടിയും മൂൺ  ലാൻഡറും ഒക്കെ അതിലും വളരെ ചെറുതാണ്. 

അഞ്ജന : ഭൂമിയിൽ സ്ഥാപിച്ചിട്ടുള്ള മറ്റു വലിയ ടെലസ്ക്കോപ്പുകളിലൂടെ നോക്കിയാലോ മാഷേ ?

മാഷ് :  ഭൂമിയുടെ അന്തരീക്ഷത്തിൽ പല ലേയറുകളിലും   ഉള്ള താപ വ്യത്യാസം മൂലം നക്ഷത്രങ്ങൾ മിന്നുന്നതായി തോന്നില്ലേ. അതേപോലെ അപവർത്തനം സംഭവിക്കുന്നതുമൂലം ഭൂമിയിൽ നിന്നും നമുക്ക് വളരെ ചെറിയ കോണിൽ വീക്ഷിക്കുന്നതിന് ചില ലിമിറ്റുകൾ ഉണ്ട്.  അതുകൊണ്ടുതന്നെ ചന്ദ്രന്‍റെ ചെറിയ ഡീറ്റയിലുകൾ നമുക്ക് ഭൂമിയിൽ നിന്നും കാണുവാൻ സാധിക്കില്ല.

ലത : അപ്പോൾ വലിയ ടെലസ്ക്കോപ്പുകൾ  ചൈനയും മറ്റും ഉണ്ടാക്കുന്നതോ ?

മാഷ് : പുതിയ ടെലസ്ക്കോപ്പുകളിൽ ' അഡാപ്റ്റീവ് ഒപ്റ്റിക്ക്സ് ' എന്ന ഒരു പുതിയ സാങ്കേതിക വിദ്യ ഇപ്പോൾ ചേർക്കുന്നുണ്ട്. അതുമൂലം അന്തരീക്ഷം മൂലമുള്ള പ്രകാശത്തിന്‍റെ അപവർത്തനവും മങ്ങലും നല്ലൊരു ശതമാനം മാറിക്കിട്ടും.

വൈശാഖൻ : അപ്പോൾ പുതിയ ടെലസ്‌ക്കോപ്പിലൂടെ മൂണിലെ  ലാൻഡിങ് സൈറ്റ് കാണാൻ പറ്റുമോ ?

മാഷ് : എന്നാലും പറ്റില്ല. കാരണം ഒരു ഒപ്റ്റിക്കൽ ടെലസ്‌ക്കോപ്പിൽ ' ഡിഫ്‌റാക്ഷൻ ലിമിറ്റ് ' എന്നൊരു സംഭവം ഉണ്ട്. അതുകൊണ്ട് വളരെ വലിയ മാഗ്നിഫിക്കേഷന് കാണുവാൻ  നമ്മൾ സാധാരണ പ്രകാശത്തിന് പകരം തരംഗാവൃത്തി കൂടിയ കിരണങ്ങൾ ഉപയോഗിക്കേണ്ടി വരും.

പറഞ്ഞുവരുന്നത് എന്താണെന്ന് വച്ചാൽ ' നമ്മുടെ ഇപ്പോഴുള്ള ഒരു ടെലസ്‌ക്കോപ്പിലൂടെയും മൂൺ  ലാൻഡിങ് സൈറ്റ് കാണുവാൻ സാധ്യമല്ല.'

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment