ഗ്യാസ് കുറ്റികൾ കത്തിച്ചാൽ പൊട്ടിത്തെറിക്കുമോ ?

രാജു : വലിയ പടക്കത്തിന് പകരം LPG കുറ്റികൾ ചിത്രത്തിലെ പോലെ കത്തിച്ചാൽ പൊട്ടിത്തെറിക്കുമോ മാഷേ ?




മാഷ് : ഒരിക്കലും ഇല്ല. നമ്മൾ ശ്രമിച്ചാൽ പോലും LPG കുറ്റികൾ പൊട്ടിത്തെറിക്കാൻ കുറച്ചു മുദ്ധിമുട്ടാണ്. ജെയിംസ് ബോണ്ടിന്‍റെ "Casino Royale" എന്ന സിനിമയിൽ 9mm റൈഫിൾ ഉപയോഗിച്ച് LPG കുറ്റികൾ പൊട്ടിക്കുന്ന ഒരു സീൻ ഉണ്ട്. ഒരിക്കൽ പല ആളുകളുടെയും തെറ്റിധാരണ മാറ്റാനായി ഒരു TV ചാനലുകാർ ആ സിനിമയിലെ പോലെ LPG കുറ്റി 9mm റൈഫിൾ ഉപയോഗിച്ച് പൊട്ടിക്കുന്ന ഒരു സീൻ പുനഃസൃഷ്ടിച്ചു. പക്ഷെ 9mm ബുള്ളറ്റ് കുറ്റിയിൽ കൊണ്ട് തെറിച്ചതല്ലാതെ പൊട്ടിയില്ല. വീണ്ടും വലിയ തോക്ക് ഉപയോഗിച്ച് പരീക്ഷിച്ചപ്പോൾ അവർക്കു ഗ്യാസ് കുറ്റി തകർക്കുവാൻ സാധിച്ചു, പക്ഷെ അപ്പോഴും കുറ്റി പൊട്ടിത്തെറിച്ചില്ല.

വീണ്ടും.. മറ്റൊരു കുറ്റി തുടരെത്തുടരെ വെടിവച്ചു തകർത്തു. പക്ഷെ അപ്പോഴും കുറ്റി പൊട്ടിത്തെറിച്ചില്ല ! പക്ഷെ ചിലപ്പോഴൊക്കെ LPG കുറ്റികൾ പൊട്ടിത്തെറിച്ചു എന്നുള്ള ന്യൂസ് നാം കാണാറുണ്ട്. എവിടെയെങ്കിലും ഗ്യാസ് ലീക്കാവുകയോ, കത്തിപ്പിടിക്കുകയോ ചെയ്‌താൽ അത് മതി ഗ്യാസ് കുറ്റിയുടെ പൊട്ടിത്തെറി ആക്കി മീഡിയയ്ക്ക് ആഘോഷിക്കുവാൻ. സത്യം പറഞ്ഞാൽ ഗ്യാസ് പൊട്ടിത്തെറിച്ചിട്ടുണ്ടാവില്ല. ലീക്ക് ആവുകയോ,  കത്തിപ്പിടിക്കുകയോ  ആയിരിക്കും ചെയ്തിരിക്കുക.

ലത : അപ്പോൾ LPG ഗ്യാസ് കുറ്റി പൊട്ടാറില്ലേ ?

മാഷ് : സാധാരണ LPG ഗ്യാസ് കുറ്റി പൊട്ടാറില്ല. പൊട്ടുന്നത് അധികവും  വെല്‍ഡിങ്ങിന് ഉപയോഗിക്കുന്ന കുറ്റികള്‍ ആയിരിക്കും.

മീര : എന്നതാണ് LPG ഗ്യാസ് കുറ്റി പൊട്ടാതിരിക്കാൻ ഉള്ള കാരണം ബൈജുമാഷേ ?

മാഷ് : LPG ഗ്യാസ് കുറ്റിയിൽ ഉള്ള പ്രഷർ റിലീഫ് വാൽവ് ആണ് അതിനു ഒരു കാരണം. ഏതാണ്ട് 100 വർഷത്തോളം ആയി ഗ്യാസ് കുറ്റികൾ ഉപയോഗിക്കുവാൻ തുടങ്ങിയിട്ട്. ഇത്രയും നാളത്തെ നിരീക്ഷണങ്ങളിൽ നിന്നും, പഠനത്തിൽ നിന്നും ഗ്യാസ് വ്യവസായികൾ ശാസ്ത്രീയമായി ഒത്തിരി പുരോഗമിച്ചു എന്ന് പറയാം. ആളുകളുടെ സുരക്ഷിതത്വത്തിനു അവർ ഒത്തിരി വിലകൊടുക്കുന്നുണ്ട്. 

അങ്ങനെയാണ് LPG ഗ്യാസ് കുറ്റിയിൽ 2 വാൽവുകൾ വന്നത്. ഒരു വാൽവ് പുറമെ നാം കാണുന്നതും, മറ്റൊന്ന് അതിനു ഉള്ളിലായും ( ചിത്രം ). മറ്റൊരു കാരണം എന്താണെന്നു വച്ചാൽ.. LPG ഗ്യാസ് മാത്രമായി കത്തില്ല. ഗ്യാസ് കത്തുവാൻ ഓക്സിജനും ആവശ്യമാണ്. അതുകൊണ്ടാണ് ഗ്യാസ് കുറ്റിക്കു അകത്തേക്ക് തീ കത്തി കയറാത്തത്. ഗ്യാസ്, കുറ്റിയിൽനിന്നും വെളിയിൽ വന്നാൽ മാത്രമേ അത് ഓക്സിജനുമായി ചേർന്ന് കത്തുകയുള്ളൂ. 


എന്നാൽ പടക്കം അങ്ങനെ അല്ല. വെടിമരുന്നു കത്താൻ വായുവിലെ ഓക്സിജൻ ആവശ്യമില്ല. വെടിമരുന്നിൽത്തന്നെ അതിനു ആവശ്യമുള്ള ഓക്സിജൻ അടങ്ങിയിട്ടുണ്ട്. എന്നാൽ LPG ഗ്യാസിന് കത്താൻ വായുവിലെ ഓക്സിജൻ കൂടിയേ തീരു. ഇനി LPG ഗ്യാസ് കുറ്റി തീയിലോ മറ്റോ കിടന്നു ചൂടായാൽ അകത്തെ വാൽവിൽ നിന്നും കുറശ്ശേ പ്രഷർ റിലീസ് ആവും. അങ്ങനെ പ്രഷർ കുറയും. പ്രഷർ കുറയുക എന്നാൽ LPG ഗ്യാസ് കുറ്റി പൊട്ടാനുള്ള സാധ്യത കുറയുക എന്നാണ്. എന്നാൽ ഗ്യാസ് കുറ്റി 'നല്ല തീയിൽ' കിടന്നാൽ വാൽവിന്‍റെ പ്രവർത്തനം പോരാതെ വരികയും ഗ്യാസ് വികസിച്ചു പൊട്ടിത്തെറിക്കുകയും ചെയ്യാം. പക്ഷെ അതിനു ഗ്യാസ് കുറ്റി കൂടുതൽ സമയം തീയിൽ കിടക്കണം. അല്ലാതെ വെയിലത്തു വച്ചതുകൊണ്ടോ, വാൽവ് തുറന്നു തീ കത്തിച്ചതുകൊണ്ടോ, ഗ്യാസ് വണ്ടി ആക്സിഡന്റായി ഗ്യാസ് കുറ്റി റോഡിൽ വീണതുകൊണ്ടോ പൊട്ടിത്തെറിക്കില്ല.


രാജു : തീ കത്തിപ്പിടിക്കുന്നിടത്ത് ഗ്യാസ് കുറ്റി തുറന്നു വച്ചാലോ മാഷേ ?

മാഷ് : അപ്പോഴും ഗ്യാസ് കുറ്റി പൊട്ടിത്തെറിക്കില്ല. പകരം അതിൽ നിന്ന് പുറത്തേക്കു തെറിക്കുന്ന ഗ്യാസ് അവിടെ നിന്ന് കത്തുകയെ ഉള്ളൂ. കുറ്റി പൊട്ടിത്തെറിക്കില്ല. പ്രഷർ റിലീഫ് വാൽവ് വർക്ക്‌ ചെയ്യുന്നു എന്നുള്ളതിന് നല്ല ഉദാഹരണം ആണത്.

ലത : അപ്പോൾ ന്യൂസിൽ കാണുന്നതോ മാഷേ ?
മാഷ് : അത് മിക്കവാറും ഗ്യാസ് കുറ്റിയോ, ഗ്യാസ് പൈപ്പ് ലൈനോ ലീക്കായി ഒരു മുറി മുഴുവൻ ഗ്യാസ് നിറഞ്ഞതിനു ശേഷം ആ ഗ്യാസിന് തീ പിടിക്കുന്നതാവും. അല്ലാതെ കുറ്റി പൊട്ടുന്നത് അല്ല. പൊട്ടുന്ന കുറ്റികൾ മിക്കതും വെൽഡിങ് ഗ്യാസ് കുറ്റികൾ ആയിരിക്കും എന്ന് നേരത്തെ പറഞ്ഞുവല്ലോ. അങ്ങനെ സംഭവിക്കാതിരിക്കാനാണ് ഗ്യാസ് കുറ്റികൾ അധികവും തുറന്ന സ്ഥലത്തു സൂക്ഷിക്കുന്നത്. അപ്പോൾ ഗ്യാസ് ലീക്കായാൽ അന്തരീക്ഷത്തിൽ അലിഞ്ഞു പോയ്‌ക്കൊള്ളും.

     ഇനി രസകരമായ ഒരു കാര്യം എന്തെന്നുവച്ചാൽ നമ്മൾ ഗ്യാസ് കുറ്റിയുടെ മൂടി തുറന്ന് വാൽവിൽ നേരിട്ട് തീ കത്തിച്ചാൽ പോലും കുറ്റി പൊട്ടില്ല. പകരം വാൽവിൽനിന്നും പുറത്തു വരുന്ന ഗ്യാസ് അവിടെ നിന്ന് കത്തിക്കൊണ്ടിരിക്കും. അതെ സമയം ഗ്യാസ് കുറ്റിയിൽ നിന്നും ഗ്യാസ് പുറത്തു പോകുന്നത് കാരണം ഗ്യാസ് കുറ്റി തണുത്തു, അതിനു പുറംഭാഗം മുഴുവൻ ഐസ് രൂപപ്പെടും


[ ഗ്യാസ് കുറ്റി കൊണ്ടുള്ള പരീക്ഷണം അപകടകരം ]


                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---


No comments:

Post a Comment