മൈക്കിൾ കോളിൻസ് എന്തുകൊണ്ട് ചന്ദ്രനിൽ ഇറങ്ങിയില്ല ?

മൈക്കിൾ കോളിൻസ് മാത്രമല്ല. എല്ലാ ചന്ദ്ര യാത്രയിലും മൂന്നാമത്തെ ആൾ ചന്ദ്രനിൽ ഇറങ്ങാറില്ല. അവർ മാതൃ പേടകമായ കൊളംബിയയിൽത്തന്നെ അതിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് ഇരിക്കും. ആകെ 6 പ്രാവശ്യമായി 12 പേരാണ് ചന്ദ്രനിൽ ഇറങ്ങിയത്. പക്ഷെ അതിൽ എല്ലാ യാത്രയിലും 3 പേർ  വീതം ചന്ദ്രനിലേക്ക് പോയിരുന്നു.





ഭൂമിയിൽ നിന്നും സാറ്റേൺ V റോക്കറ്റിൽ അവർ ബഹിരാകാശത്ത് എത്തിയാൽ റോക്കറ്റെല്ലാം  ഉപേക്ഷിച്ച് പിന്നെ യാത്ര കൊളംബിയ എന്ന പേരിലുള്ള സർവീസ് മോഡ്യൂളിലാണ്. സർവീസ് മൊഡ്യൂളുമായി ബന്ധിച്ച്  കമാൻഡ്  മോഡ്യൂളും, പിന്നെ അതിന് മുന്നിലായി ലൂണാർ മോഡ്യൂളും. ഇത് 3 ഉം ചേർന്ന് ഒന്നായി ആദ്യം ചന്ദ്രന്‍റെ 100 കിലോമീറ്റർ ഉയരത്തിലുള്ള  ഓർബിറ്റിൽ  സഞ്ചരിക്കുന്നു ( pic -1 ). അതിനു ശേഷം 3 പേരിൽ ചന്ദ്രനിൽ ഇറങ്ങാനുള്ള 2 പേർ അതിനുള്ളിലെ വാതിൽ വഴി മുന്നിലെ ലൂണാർ മോഡ്യൂളിലേക്ക് പ്രവേശിക്കുന്നു. പിന്നെ ലൂണാർ മൊഡ്യൂൾ  കൊളംബിയയെ  വേർപെട്ട് ചന്ദ്രനിലേക്ക് താഴുന്നു.  അങ്ങനെ അത്   ചന്ദ്രനിൽ  തന്‍റെ ഷോക്ക് അബ്സോർബർ ഘടിപ്പിച്ച  നാല് കാലിൽ ലാൻഡ്  ചെയ്യുന്നു. നമ്മൾ ബുക്കിലൊക്കെ കാണുന്ന കാലിൽ പ്ളേറ്റ്  ഉള്ള ചന്ദ്രനിൽ കാണുന്ന പേടകം ആണ് ഇത് ( pic -2 ). അതിൽ 2 പേരെ ഉണ്ടാവൂ. അവർ ചന്ദ്രനിൽ ഇറങ്ങുകയും, അവസാനം തിരിച്ച് ലൂണാർ മോഡ്യൂളിൽ കയറുന്നു. പക്ഷെ ഇത്തവണ അവർ അതിന്‍റെ കാല് ചന്ദ്രനിൽ ഉപേക്ഷിച്ചാണ് മുകളിലേക്ക് പോകുന്നത്. അതാണ് അസൻഡിങ് മൊഡ്യൂൾ ( pic -3 ).

ചന്ദ്രനിലേക്ക് ഇറങ്ങിയ 4 കാൽ ഉള്ള പേടകത്തെ പറയുന്നത് ഡിസന്‍റിങ് മൊഡ്യൂൾ എന്നാണ്. അതിന്‍റെ കാൽ ഉപേക്ഷിച്ചാണ് 2 പേരും  തിരിച്ച് 100 കിലോമീറ്റർ മുകളിലായി ചന്ദ്രനെ ഓർബിറ്റ്  ചെയ്തുകൊണ്ടിരിക്കുന്ന  മാതൃ പേടകമായ കൊളംബിയയിലേക്ക്   പോകുന്നത് എന്ന് പറഞ്ഞുവല്ലോ ( pic -4 ). അപ്പോൾ വീണ്ടും 3 പേരും ഒന്നിക്കും.  മാതൃപേടകവുമായി ചേർന്നതിന് ശേഷം ലൂണാർ മൊഡ്യൂൾ ഉപേക്ഷിച്ച് സർവീസ് മോഡ്യൂളും അതിനുകൂടെത്തന്നെ ഇരിക്കുന്ന കമാൻഡ് മൊഡ്യൂളുമായി ഭൂമിയെ ലക്ഷ്യമാക്കി യാത്ര തിരിക്കും. പാവം കോളിൻസ്.. ചന്ദ്രന് 100 കിലോമീറ്റർ അടുത്തു വരെ പോയിട്ട് അവിടെ ഇറങ്ങാതെ  ചന്ദ്രനെ വലം വച്ചുകൊണ്ട്  മാതൃപേടകത്തിൽ ഇരിക്കേണ്ടി വന്നു.

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment