ചന്ദ്രനിൽ നിന്ന് നോക്കുമ്പോള്‍ ഭൂമി എന്താ ഒരിടത്തായി കാണുന്നത് ?

ചന്ദ്രൻ സ്വയം കറങ്ങാന്‍ (rotation) എടുക്കുന്ന സമയവും ഭൂമിയെ വലം വയ്ക്കാന്‍ എടുക്കുന്ന ( revolution around earth ) സമയവും ഒന്നാണ് (27.321 earth days). ടൈഡൽ ലോക്കിംഗ് എന്ന് ഇതിനെ പറയും.


അതുകൊണ്ട് ഭൂമിയിൽ നിന്ന് നോക്കിയാൽ നമുക്ക് ചന്ദ്രന്‍റെ ഒരു പകുതി മാത്രമേ കാണുവാൻ സാധിക്കൂ. ചന്ദ്രനിൽ പോയി ഇങ്ങോട്ട് ഭൂമിയെ നോക്കിയാൽ ഭൂമി ഒരു പ്രത്യേക ദിശയിൽ അങ്ങാതെ നിൽക്കുന്നതായി തോന്നും. എന്നാൽ ഭൂമി 28 ദിവസം കൊണ്ട് full Earth -- half earth -- no earth -- half Earth എന്നിങ്ങനെ മാറി മാറി വരുന്നത് കാണാം. പക്ഷെ അതെല്ലാം ഒരേ ദിശയിൽ ആയിരിക്കും. ഭൂമി അവിടെ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യില്ല.

ഇത് മനസിലാക്കുവാൻ എളുപ്പത്തിന് ഒരു ഉദാഹരണം പറയാം.

ഒരു അച്ഛനും കുട്ടിയും. അച്ഛൻ കസേരയിൽ ഇരുന്നു മുന്നോട്ട് നോക്കുന്നു. കുട്ടി കുറച്ചു ദൂരെക്കൂടി അച്ഛന് ചുറ്റും വട്ടത്തിൽ ചുറ്റുന്നു. പക്ഷെ കുട്ടി എപ്പോഴും അച്ഛനെത്തന്നെ നോക്കിക്കൊണ്ടാണ് വട്ടത്തിലൂടെ നടക്കുന്നത് എന്ന് കരുതുക. അപ്പോൾ അച്ഛന് കുട്ടിയെ തന്‍റെ മുന്നിലും വശങ്ങളിലും വരുമ്പോൾ കാണാം. പിന്നിലായാൽ കാണാൻ സാധിക്കില്ല. പക്ഷെ കുട്ടിക്ക് അച്ഛനെ എപ്പോഴും തന്‍റെ മുന്നിലായി കാണാം. കാരണം കുട്ടി അച്ഛനെ നോക്കിക്കൊണ്ടാണല്ലോ വട്ടത്തിലൂടെ നടക്കുന്നത്. ഇവിടെ അച്ഛന്‍റെ സ്ഥാനത്ത് ഭൂമിയും, കുട്ടിയുടെ സ്ഥാനത്ത് ചന്ദ്രനും ആണ്.

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment