എന്താണ് ക്ലൗഡ് സീഡിംഗ്. അല്ലെങ്കിൽ കൃത്രിമ മഴ ?

അന്തരീക്ഷത്തിൽ മേഘങ്ങളുടെ ഘടനയിൽ വ്യത്യാസം വരുത്തി കൃത്രിമ മഴ‌ പെയ്യിക്കുന്ന രീതിയെ ക്ലൗഡ് സീഡിംഗ് എന്നു പറയുന്നു. മേഘങ്ങളിൽ, മഴപെയ്യുവാൻ വേണ്ടി നടക്കുന്ന സൂക്ഷ്മ ഭൗതിക പ്രവർത്തനങ്ങൾ, രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് സൃഷ്ടിച്ചാണ്‌ ഇത് ചെയ്യുന്നത്. ഇത് സാധാരണ രീതിയിൽ മഴ പെയ്യിക്കുന്നതിനോ, കൃത്രിമമഞ്ഞ് വരുത്തുന്നതിനോ ആണ്‌ ഉപയോഗിക്കുന്നത്. കൂടാതെ മൂടൽ മഞ്ഞ് കുറയ്‌ക്കുന്നതിനും  ഈ പ്രവർത്തനം ഉപയോഗിക്കുന്നു.



ക്ലൗഡ് സീഡിംഗ് താഴെ നിന്നോ, വിമാനത്തിൽ കൊച്ചു റോക്കറ്റ് ഉപയോഗിച്ചോ ചെയ്യാവുന്നതാണ്‌.

ക്ലൗഡ് സീഡിംഗിന് സാധാരണ ഉപയോഗിക്കുന്ന രാസപദാർഥം സിൽ‌വർ അയോഡൈഡ് , ഡ്രൈ ഐസ് (മരവിപ്പിച്ച കാർബൺ ഡയോക്സൈഡ്). ഇത്തരത്തിൽ പൂജ്യം ഡിഗ്രിയേക്കാൾ താഴെ തണുപ്പിച്ച വസ്തുക്കൾ മേഘത്തിലേക്ക് പ്രേരിപ്പിക്കുകയാണ്‌ ചെയ്യുന്നത്.

ബാംഗളൂരിൽ കാർഷിക വിളകൾക്ക് മഴയുടെ കുറവ് കാരണം ഇത്തരത്തിൽ കൃത്രിമ മഴ പെയ്യിക്കുന്നതിനെക്കുറിച്ച് ആലോചനകൾ നടന്നിരുന്നു.

2005 ലെ വരൾച്ച സമയത്ത്, പാലക്കാട് ജില്ലയിൽ കൃത്രിമ മഴ പെയ്യിക്കാൻ കലക്ടർ താൽപ്പര്യപ്പെട്ടിരുന്നുവെങ്കിലും നടന്നില്ല.

UAE  പോലുള്ള മഴ കുറവുള്ള  കൊച്ചു രാജ്യങ്ങളിൽ  ഇത് പ്രാവർത്തികം ആണ്. പല രാജ്യങ്ങളിലും ക്ലൗഡ് സീഡിംഗ്  ചെയ്തിട്ടുണ്ടെങ്കിലും ഇതിന്‍റെ പാർശ്വ ഫലങ്ങൾ ഇനിയും പഠിച്ചു വരുന്നേയുള്ളൂ. കൂടാതെ ഇത് വളരെ ചെലവ് ഏറിയതും ആണ്.

ഇന്ത്യ പോലുള്ള വലിയ രാജ്യങ്ങളിൽ, പ്രത്യേകിച്ച് കേരളത്തിൽ  ക്ലൗഡ് സീഡിംഗ് അഭികാമ്യം അല്ല. അതിനു പല കാരണങ്ങൾ ഉണ്ട്.

1 ) ചെലവ് കൂടുതൽ.
2 ) ആവശ്യത്തിന് മഴ മിക്ക പ്രദേശങ്ങളിലും ലഭ്യമാണ്.
3 ) കേരളത്തിലെ മഴമേഘങ്ങൾ പശ്ചിമഘട്ടം താണ്ടി തമിഴ്‌നാട്ടിലേക്കും, കർണാടകത്തിലേക്കും അധികം നഷ്ടപ്പെടുന്നില്ല. എന്ന് വച്ചാൽ.. കേരളത്തിന് മുകളൂടെ പോകുന്ന മേഘങ്ങളിലെ മഴ അധികവും കേരളത്തിൽത്തന്നെ പെയ്യുന്നു എന്ന്. ഇനി മഴ പെയ്യാതെ പോയാൽത്തന്നെ നമ്മുടെ അയാൾ സംസ്ഥാങ്ങളിൽ പെയ്യേണ്ട മഴ നമ്മൾ ക്ലൗഡ് സീഡിംഗ് വഴി കേരളത്തിൽ പെയ്യിക്കുന്നതു ശരിയല്ല. 
4 ) ക്ലൗഡ് സീഡിംഗിന് ഉപയോഗിക്കുന്ന രാസവസ്തുക്കൾ മഴയുടെ കൂടെ ഭൂമിയിൽ പതിക്കുന്നു. സിൽവർ അയോഡൈഡ്  ചർമത്തിന് ചൊറിച്ചിലും, തലവേദനയ്ക്കും കാരണമാകും. കൂടാതെ ചെടികളിലും, മറ്റു ജീവജാലങ്ങളിലും ഈ രാസവസ്തുക്കൾ മൂലമുള്ള പരിണിതഫലം ഭക്ഷ്യ ശൃംഖലയെ എങ്ങനെ ബാധിക്കും എന്ന് നമുക്ക് ഇപ്പോഴും ഊഹമില്ല.

കേരളത്തിൽ പടിഞ്ഞാറൻ കാറ്റിൽ നിന്നാണ് മഴ ലഭിക്കുന്നത്. അതുകൊണ്ട് ക്‌ളൗഡ്‌ സീഡിങ്ങിൽ മഴ പെയ്യിച്ചാൽ നഷ്ടം കിഴക്കു ഭാഗത്തെ പ്രദേശത്തിനായിരിക്കും. അത് ചിലപ്പോൾ കേരളത്തിൽത്തന്നെ ഉള്ള പ്രദേശം ആവാം. അല്ലെങ്കിൽ കർണാടകമോ തമിഴനാടോ ആവാം. 


                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment