ഉൽക്ക കടലിൽ പതിക്കുന്നതാണോ, അതോ കരയിൽ പതിക്കുന്നതാണോ കൂടുതൽ നാശനഷ്ടം

രാജു : ഉൽക്ക കടലിൽ പതിക്കുന്നതാണോ, അതോ  കരയിൽ പതിക്കുന്നതാണോ കൂടുതൽ നാശനഷ്ടം ഉണ്ടാകുന്നത് മാഷേ ?

ബൈജുരാജ് : തീർച്ചയായും കടലിൽ പതിക്കുന്നതാണ് കൂടുതൽ നാശനഷ്ടം ഉണ്ടാകുന്നത്. നമ്മൾ പറയുന്നത് അൽപ്പം വലിപ്പമുള്ള ഉൽക്കയുടെ കാര്യം ആണ് ട്ടോ.





അൽപ്പം  എന്നുവച്ചാൽ  ഏതാണ്ട് 50 മീറ്ററിന് മുകളിൽ വ്യാസം ഉള്ള ഉൽക്കകൾ. കരയിൽ വലിയ ഉൽക്ക വീണാൽ  അല്ലെങ്കിൽ ഭൂമിയുടെ അന്തരീക്ഷത്തിൽ കടക്കുമ്പോൾ ഉണ്ടാവുന്ന സ്ഫോടനത്തിൽ അതിന് അടുത്തുള്ള പ്രദേശങ്ങളിൽ നാശനഷ്ടം ഉണ്ടാവാം. എന്നാൽ കടലിൽ ഒരു ഉൽക്ക പതിച്ചാലോ ?? 

ലത : സുനാമി ഉണ്ടാവും.

ബൈജുരാജ് : അതെ.  കടലിൽ ഒരു വലിയ ഉൽക്ക വീണാൽ അതിനു ചുറ്റുമുള്ള കരയിലേക്ക് ഭീകരമായ സുനാമി തിരകൾ കയറും. കടൽത്തീരം മുഴുവൻ നാശനഷ്ടം വിതയ്ക്കും. നമ്മുടെ ഇന്ത്യൻ മഹാ സമുദ്രത്തിൽ ഒരു ഉൽക്ക വീണാൽ അതിനു ചുറ്റുമുള്ള പതിനായിരം കിലോമീറ്റർ കടലോരത്ത് സുനാമി ഉണ്ടാവും. പക്ഷെ ആ ഉൽക്ക കരയിൽ ആണ് വീഴുന്നതെങ്കിൽ കുറച്ചു പ്രദേശത്തു മാത്രമേ നാശനഷ്ടം ഉണ്ടാവൂ. ഉൽക്ക കരയിൽ വീണാൽ  ഉണ്ടാവുന്ന നാശനഷ്ടം അധികവും ഷോക്ക് വേവ് മൂലം ആയിരിക്കും. 2013 ൽ റഷ്യയിൽ പതിച്ച ഉൽക്കയുടെ  ആഘാതം മൂലം 1500 ആളുകൾക്ക് പരിക്കേറ്റു.  പക്ഷെ അതിനു 20 മീറ്ററിൽ താഴെ മാത്രമേ വലിപ്പം ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും അതുമൂലം ഉണ്ടായ ഷോക്ക് വേവ് ഒട്ടനവധി ബിൽഡിങ്ങുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

പണ്ട് ഒരു ഉൽക്കാ പതനത്തിൽ ആണ് ദിനോസറുകൾ ഭൂമിയിൽനിന്ന്‍ നാമാവശേഷമായത്. കൂടാതെ 90% ജീവജാലങ്ങളും അന്ന് നശിച്ചു.

സാബു : ഇനിയും ഉൽക്ക വീഴുമോ മാഷേ ?

ബൈജുരാജ് : ഭൂമിക്ക് ഭീഷണി ആയേക്കാവുന്ന വലിയ ഉൾക്കകളെ  നാസ നിരീക്ഷിക്കുന്നുണ്ട്.  തൽക്കാലത്തേക്ക് ഭീഷണി ഒന്നുമില്ല എന്നാണു അറിവ്.

രാജു : എന്തുകൊണ്ടാണ് ഉൽക്ക വീഴുമ്പോൾ പൊട്ടിത്തെറിക്കുന്നത് ?

ബൈജുരാജ് : ഉൽക്ക സൂര്യനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുകയാണ്. സെക്കന്‍റില്‍  ഏതാണ്ട് 30-40 കിലോമീറ്റർ സ്പീഡിൽ. അത് ഭൂമിയുടെ ഓർബിറ്റുമായി മുറിച്ചുകടക്കുമ്പോൾ ആണ്  ഭൂമിക്ക് ഭീഷണി ആവുക. അങ്ങനെ ഉള്ള ചില മുറിച്ചുകടക്കലിൽ   ഭൂമിലേക്ക് നേരിട്ട്  പതിക്കുകയോ, അല്ലെങ്കിൽ ഗ്രാവിറ്റിയുമായി ചേർന്ന് ഭൂമിയിലേക്ക് ആകർഷിച്ചു വീഴുകയോ ചെയ്യും. നേരിട്ട് പതിച്ചാൽ അതിനു വേഗത കൂടുതലായിരിക്കും. എങ്ങനെ ആയാലും ഭൂമിയുടെ അന്തരീക്ഷത്തിൽ എത്തുമ്പോൾ ഉൽക്കയ്‌ക്ക്‌   സെക്കന്‍റില്‍ 10 മുതൽ 60 കിലോമീറ്റർ വേഗത ഉണ്ടാവും. ഉൽക്കയുടെ വേഗതയും ദിശയും മാസ്സും കണക്കാക്കിയാൽ അവ ഉണ്ടാക്കുന്ന ഊർജം കണക്കാക്കാം.  മാസ്സും വേഗതയും ചേർന്നുള്ള ' ഗതികോർജം അല്ലെങ്കിൽ കൈനറ്റിക് എനർജി ആണ് ഉൽക്ക വീഴുമ്പോൾ ഉണ്ടാവുന്ന ഊർജം. അതാണ് വായുവുമായി ഉള്ള ഘർഷണത്തിൽ വായു ചൂടായി പൊട്ടിത്തെറി ആയി നാം കാണുന്നത്.

2013 റഷ്യയിൽ പതിച്ച വെറും 20 മീറ്റർ മാത്രം വലിപ്പമുള്ള  ഉൽക്കയ്‌ക്ക്‌ ഹിരോഷിമയിൽ ഇട്ട  ആറ്റംബോംബിന്‍റെ 29 മടങ്ങു ശക്തി  അല്ലെങ്കിൽ ഊർജം ഉണ്ടായിരുന്നു !

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment