പ്ളെയിനുകൾ സ്‌പേസ് വരെ പോകുമോ ?

സൂരജ് : പ്ളെയിനുകൾ സ്‌പേസ് വരെ പോകുമോ മാഷേ ?

മാഷ് : ഏയ്.. പ്ലെയിനുകൾ വായുവിൽ പൊങ്ങിക്കിടന്നാണ്‌ പോവുക. വായു ഇല്ലാത്തിടത്ത് പ്ലെയിന് പറക്കുവാൻ സാധിക്കില്ല.

രാജു : വായു എത്ര ഉയരം വരെയുണ്ട് മാഷേ ?



മാഷ് : വായു  മുകളിലേക്ക് പോകുംതോറും കട്ടി കുറഞ്ഞു കുറഞ്ഞു വരും എന്നെ  ഉള്ളൂ. അല്ലാതെ കൃത്യമായി ഒരു ഉയരത്തിൽ ഇല്ലാതാവുന്നില്ല. 
ഏതാണ്ട് 18 കിലോമീറ്റർ വരെയുള്ള അന്തരീക്ഷത്തെ ട്രോപ്പോസ്ഫിയർ എന്നും,
അവിടന്ന് മുകളിലേക്ക്, 50 കിലോമീറ്റർ വരെയുള്ള അന്തരീക്ഷത്തെ സ്ട്രാറ്റോസ്ഫിയർ എന്നും,
അവിടന്ന് മുകളിലേക്ക്, 90 കിലോമീറ്റർ വരെയുള്ള അന്തരീക്ഷത്തെ മെസോസ്ഫിയർ  എന്നും,
അവിടന്ന് മുകളിലേക്ക്, 350 കിലോമീറ്റർ വരെയുള്ള അന്തരീക്ഷത്തെ തെർമോസ്ഫിയർ  എന്നും,
350 കിലോമീറ്ററിന് മുകളിലുള്ള  ഭാഗത്തെ എക്സോസ്ഫിയർ  എന്നും ആണ് വിളിക്കുക.

സൂരജ് : പ്ളെയിനുകൾ  50 കിലോമീറ്റർ ഉയരം വരെ പോകുമോ ?

മാഷ് : സാധാരണ പ്ലെയിനുകൾക്ക് അത്ര ഉയരം വരെ ഒന്നും പോകുവാൻ സാധിക്കില്ല. നമ്മുടെ ഇന്‍റര്‍നാഷണൽ ഫ്‌ളൈറ്റുകൾ പോകുന്ന ഉയരം 11 കിലോമീറ്റർ ആണ്. വിമാനത്തിന്‍റെ ചിറകിന്‍റെ ഡിസൈനും വേഗതയും അനുസരിച്ചായിരിക്കും പ്ലെയിന് പോകാൻ പറ്റുന്ന ഏറ്റവും കൂടിയ ഉയരം തീരുമാനിക്കുക.

സുനിൽ : അതിൽ കൂടുതൽ ഉയരത്തിലേക്ക് പൈലറ്റ് പൊക്കിയാലോ ?

മാഷ് : വിമാനം കൂടുതൽ ഉയരത്തിൽ പോയാൽ അതിന്‍റെ ചിറകുകൾക്ക് ത്രസ്റ്റ്   ഉണ്ടാക്കുവാൻ തക്ക മർദ്ദം അവിടെ വായുവിൽ ഉണ്ടാവില്ല. അപ്പോൾ വിമാനം താഴേക്ക് സ്ലിപ്പ് ചെയ്തു വീഴും.

സുനിൽ : വിമാനം താഴേക്ക് വീഴുമോ ?

മാഷ് : വീഴില്ല. താഴേക്കു പോരുമ്പോൾ വീണ്ടും കട്ടി കൂടിയ വായു  എത്തും. അപ്പോൾ വിമാനം വീണ്ടും നിയന്ത്രണത്തിൽ ആവും.

സൂരജ് : വിമാനത്തിന്‍റെ സ്പീഡ് കുറെ കൂട്ടിയാലോ.. അപ്പോൾ കൂടുതൽ ഉയരത്തിൽ പോകാൻ പറ്റില്ലേ ?



മാഷ് : സ്പീഡ് കൂട്ടിയാൽ കൂടുതൽ ഉയരത്തിൽ പോകാം. പക്ഷെ അതിന് ഒരു ലിമിറ്റ് ഉണ്ട്.  ' കോഫിൻ കോർണർ ' എന്നൊരു സംഭവം ഉണ്ട്. ചിത്രം നോക്കിക്കേ.. അതില്‍ ഗ്രാഫിന്‍റെ ഇടതു ഭാഗത്ത് വെർട്ടിക്കലായി  കാണിച്ചിരിക്കുന്നത്  വിമാനം പോകുന്ന ഉയരം.. ഫീറ്റിൽ / അടി യിൽ. വലത്തോട്ട് നിരപ്പിലായി കാണിച്ചിരിക്കുന്നത് വിമാനത്തിന്‍റെ വേഗത.. നോട്ടിൽ ( knots ). ഇനി ഗ്രാഫിൽ നോക്കൂ.. ഉയരം 40000 അടി മുതൽ 46000 അടി വരെ ചുവപ്പു നിറത്തിലാണ് കാണിച്ചിരിക്കുന്നത്. ആ സമയത്ത് വേഗത 500 നോട്ട് അല്ലെങ്കിൽ 926 കിലോമീറ്റർ വേഗത ആയാൽ പിന്നെ പ്ലെയിൻ മുകളിലേക്ക് ഉയരില്ല. പകരം കുത്തനെ താഴോട്ട് പോരുന്നു. എന്നുവച്ചാൽ അതിൽ കൂടുതൽ ഉയരത്തിൽ ആ വിമാനത്തിന് പറക്കുവാൻ സാധിക്കില്ല എന്ന്. അത് എത്ര വേഗത കൂട്ടിയിട്ടും കാര്യമില്ല. ചിത്രത്തിൽ ആ ചുവന്ന ഭാഗത്തെ പറയുന്ന പേരാണ് " കൊഫിന്‍ കോർണർ " . വേഗത വീണ്ടും കൂട്ടിയാൽ പ്ലെയിൻ താഴും. വേഗത കുറച്ചാൽ വേണേൽ ഉയരാം. ഏറ്റവും ഉയരത്തിൽ പോകണമെങ്കിൽ ഏതാണ്ട് 950 കിലോമീറ്റർ വേഗത ആയിരിക്കണം. കൂടിയാലും, കുറഞ്ഞാലും വിമാനം താഴും.

രാജു : എല്ലാ വിമാനത്തിനും 950 കിലോമീറ്റർ വേഗതയിൽ ആയിരിക്കുമോ ഇവിടത്തെ ഉയരം.

മാഷ് : അല്ല. ഇത് സാധാരണ നമ്മൾ കാണുന്ന ഇന്‍റര്‍നാഷണൽ ഫ്ളൈറ്റിന്‍റെ ഗ്രാഫ് ആണ്. ഓരോ വിമാനത്തിനും അതിന്‍റെ ഡിസൈൻ അനുസരിച്ച് ഈ ഗ്രാഫ് വ്യത്യാസം വരും. പണ്ട് സർവീസ് നടത്തിയിരുന്ന കോൺകോർഡിന് വലിയ ചിറകുകൾ ആണ് ഉണ്ടായിരുന്നത്. കോൺകോർഡിന്  2170 കിലോമീറ്റർ വേഗതയിൽ 60,000 അടി ഉയരത്തിൽ പറക്കുവാൻ പറ്റുമായിരുന്നു. ഇന്‍റര്‍നാഷണൽ ഫ്ലൈറ്റിന് 926 കിലോമീറ്റർ വേഗതയിൽ  39,000 അടി ഉയരത്തിൽ പറക്കാം.

സൂരജ് : കൊഫിന്‍ കോർണർ എന്താണെന്ന്‍ മനസിലായി. അതുപോലെ  ഒരു വിമാനത്തിന് അതിന്‍റെ ഡിസൈൻ അനുസരിച്ച് വേഗപരിധിയും, ഉയരപരിധിയും ഉണ്ടെന്നും മനസിലായി.

മാഷ് : അതെ... കറക്ട്.
                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment