സൂര്യൻ അതിന്‍റെ ഇപ്പോൾ ഉള്ള മാസ്സിൽ ഒരു ബ്ലാക്ക്ഹോൾ ആയാൽ എന്ത് സംഭവിക്കും ?

നമ്മുടെ സൂര്യൻ അതിന്‍റെ ഇപ്പോൾ ഉള്ള മാസ്സിൽ ഒരു ബ്ലാക്ക്ഹോൾ ആയാൽ എന്ത് സംഭവിക്കും ? ഭൂമിയെ അത് ആകർഷിച്ച് വിഴുങ്ങിക്കളയുമോ ? അല്ലെങ്കിൽ എന്തൊക്കെ നമ്മുടെ ഭൂമിക്ക് സംഭവിക്കും ?

ആദ്യമേ പറയട്ടെ.. സൂര്യൻ ഒരു ബ്ലാക്ക്ഹോൾ ആവില്ല. കാരണം.. സൂര്യന് സ്വയം ഒരു ബ്ലാക്ക്ഹോൾ ആകുവാൻ ഉള്ള മാസ്സ് ഇല്ല.

പക്ഷെ സൂര്യനെ അതിന്‍റെ തുല്യ മാസ്സ് ഉള്ള ബ്ലാക്ക്ഹോൾ ആയി മാറിയാൽ ഉള്ള കാര്യങ്ങൾ ഒന്ന് സങ്കൽപ്പിച്ചു നോക്കാം. ഗ്രാവിറ്റിയെക്കുറിച്ചും, ബ്ലാക്ക്ഹോളിനെക്കുറിച്ചും, അതുമായി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങളും നമുക്ക് മനസിലാക്കാൻ ഇതുപോലുള്ള കണക്കുകൂട്ടൽ നല്ലതാണ്.




സൂര്യനെ ഞെക്കിഞെരുക്കി 3 കിലോമീറ്റർ റേഡിയസ്സ് ഉള്ള ഒരു ഗോളം ആക്കിയാൽ സൂര്യൻ ബ്ലാക്ക്ഹോൾ ആവും.

അപ്പോൾ സൂര്യൻ ഭൂമിയെ കൂടുതൽ ആകർഷിക്കുമോ ? ഇല്ല. കാരണം സൂര്യൻ അതേ ദൂരത്തില്‍ത്തന്നെ ആണ്. അതേ മാസ്സ് തന്നെ ആണ്. അപ്പോൾ ഇത്ര ദൂരെ ഉള്ള ഭൂമിയെ ആ ബ്ളാക്ക് ഹോൾ ആകർഷിക്കുന്നത് ഇപ്പോഴത്തെ അതേ ബലത്തിൽത്തന്നെ ആയിരിക്കും. ഭൂമിയെ മാത്രമല്ല.. എല്ലാ ഗ്രഹങ്ങളെയും ഇപ്പോഴത്തെ അതേ ബലത്തില്‍ത്തന്നെ ആയിരിക്കും ആകർഷിക്കുന്നത്. ഗ്രഹങ്ങൾ അത് അറിയുക പോലും ഇല്ല. എന്നാൽ സൂര്യൻബ്ലാക്ക്ഹോൾ ആയാൽ അതിൽനിന്നും ഇപ്പോഴത്തെപ്പോലെ ചൂടും വെളിച്ചവും പുറത്തു വരില്ല. ആകെ വരിക ഹോക്കിങ് റേഡിയേഷൻ മാത്രം.

ഏതാനും ദിവസങ്ങൾക്കകം ചൂടും വെളിച്ചവും കിട്ടാതെ ഭൂമി തണുത്തു ഉറയും. സൂര്യപ്രകാശം കിട്ടാതെ ചെടികളൊക്കെ നശിക്കും. മറ്റു ജീവികൾ ഒക്കെ ചത്തൊടുങ്ങും.  എന്നാൽ മനുഷ്യർ കുറച്ചുകൂടെ പിടിച്ചുനിൽക്കും. ന്യൂക്ലിയർ എനർജിയും ഡാമുകളും പെട്രോളിയം ഉത്പന്നങ്ങളും ഉപയോഗിച്ച് നമ്മൾ ജീവിക്കും. കടലുകളും നദികളും ഒക്കെ തണുത്തു ഐസ് ആവും.   തണുപ്പിനെ പ്രതിരോധിക്കുവാൻ തക്ക ഡിസൈൻ അല്ല നമ്മുടെ കെട്ടിടങ്ങൾക്ക് ഇപ്പോൾ ഉള്ളത്. അതുകൊണ്ട് ഗ്രാമപ്രദേശങ്ങളിലെ ആളുകളും, തുടർന്ന് വികസ്വര രാജ്യങ്ങളിലെ ആളുകളും  മരിക്കും. അവസാനം പ്രകൃതിയിൽ നിന്നു കിട്ടുന്ന ഊർജമെല്ലാം തീരുമ്പോൾ വികസിത രാജ്യക്കാരും മരിക്കും. അപ്പോഴും ഭൂമി ഇതുപോലെ  കറങ്ങിക്കൊണ്ടിരിക്കും. കൂരിരുട്ടിൽ ആയിരിക്കും എന്ന് മാത്രം.


                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment