ഭൂമിയുടെ മധ്യത്തിലൂടെ കടന്നുപോകുന്ന കിണറ്റിലൂടെ അപ്പുറത്ത് എത്താന്‍ പറ്റുമോ ?

ഭൂമിയുടെ മധ്യത്തിലൂടെ കടന്നുപോയി മറുപുറത്ത്  എത്തുന്ന ഒരു കിണർ ഉണ്ടെങ്കിൽ, അതിൽ ചാടുന്ന ഒരാൾക്കോ അല്ലെങ്കിൽ വസ്തുക്കൾക്കോ എന്ത് സംഭവിക്കും ?

അങ്ങനെ ഒരു കിണർ കുഴിക്കുവാൻ സാധിക്കില്ല. ഇനി കുഴിച്ചാലും ഭാരം മൂലം അത് തകർന്നു പോവും. അല്ലെങ്കിൽ ഭൂമിയുടെ അകക്കാമ്പിലെ ചൂട് മൂലം നമ്മളും കുഴിക്കുവാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളൊക്കെയും ഉരുകിപ്പോവും എന്നായിരിക്കും എല്ലാവരും പറയുക. ശരിയാണ്. പക്ഷെ നമ്മൾ ഇപ്പോൾ ഭാരവും ഗുരുത്വാകര്‍ഷണവും മനസിലാക്കുന്നതിവേണ്ടി ഉള്ള ഒരു ശ്രമം ആണ് ഇവിടെ നടക്കുന്നത്. 



രണ്ട് ധ്രുവങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് ഭൂമിയുടെ  കേന്ദ്രത്തിലൂടെ ഒരു കിണർ ഉണ്ടെന്നു കരുതുക. അതിലേക്കു നമ്മൾ എടുത്തു ചാടി എന്നും കരുതുക. സാവകാശം നമ്മുടെ വേഗത കൂടും. പക്ഷെ അന്തരീക്ഷത്തിന്‍റെ ഘർഷണം മൂലം വേഗത ഒരു പരിധിയിൽ അധികം കൂടില്ല. ടെർമിനൽ വെലോസിറ്റി എത്തും. പിന്നീട് അയാൾക്ക് വേഗത കൂടില്ല. ഒരാളിന്‍റെ ഭൂമിയിലെ കടൽ നിരപ്പിലുള്ള ടെർമിനൽ വെലോസിറ്റി സെക്കന്‍റില്‍ 50-60 മീറ്റർ ആണ്. ഭൂമിയുടെ കേന്ദ്രത്തിൽ വായുവിന്‍റെ സാന്ദ്രത വളരെ കൂടുന്നു. അവിടെ ടെർമിനൽ വെലോസിറ്റി കുറയുന്നു. അതുകൊണ്ട് ആളിന്‍റെ വേഗത കേന്ദ്രത്തോട് അടുത്തു വരുമ്പോൾ കുറഞ്ഞു കുറഞ്ഞു കേന്ദ്രത്തിൽ എത്തുമ്പോൾ 0 ആവും. ആൾ അവിടെ നിൽക്കും. അപ്പോൾ ആ കിണറിലേക്ക് വീഴുന്ന വസ്തുക്കളെല്ലാം ആദ്യം വേഗത കൂടി പിന്നെ വേഗത സാവകാശം കുറഞ്ഞു കുറഞ്ഞു ഭൂമിയുടെ കേന്ദ്രത്തിൽ പോയി നിൽക്കും. കണക്കു പ്രകാരം ഒരാൾ ഏതാണ്ട് 1-2 ദിവസം എടുക്കും ഭൂമിയുടെ കേന്ദ്രത്തിൽ എത്താൻ ! കാരണം കേന്ദ്രത്തോട് അടുക്കുമ്പോൾ വായുവിന്‍റെ കട്ടി കാരണം അയാളുടെ വേഗത വല്ലാതെ  കുറയുന്നു എന്നതിനാൽ ആണ്.

ഇനി  ഭൂമിയുടെ അന്തരീക്ഷം മൂലമുള്ള ഘർഷണം നാം ഒഴിവാക്കിയാലോ..?

തൽക്കാലം നമുക്ക് വായുവിനെ മറക്കാം.മുന്നേ പറഞ്ഞതിൽ വായു ആണ് ആളിന്‍റെ വേഗത കുറച്ചത്. ഇപ്പോൾ വായു ഇല്ല. അതുകൊണ്ട് ആ കിണറ്റിലേക്ക് ചാടിയ ആളിന്‍റെ വേഗത സെക്കന്‍റില്‍ 9.8 മീറ്റർ വച്ച് കൂടിക്കൊണ്ടിരിക്കും. എന്നാൽ താഴേക്കു പോകുംതോറും ഗ്രാവിറ്റി കുറഞ്ഞു വരും. ഭൂമിയുടെ  കേന്ദ്രം ആവുമ്പോൾ ഗ്രാവിറ്റി 0 ആവും. പക്ഷെ വീണുകൊണ്ടിരിക്കുന്ന ആളിന്‍റെ വേഗത കേന്ദ്രം എത്തുമ്പോൾ  മാക്സിമം ആവും. ആ വേഗതയിൽ അയാൾ ഭൂമിയുടെ മറുപുറത്തേക്കു പൊയ്ക്കൊണ്ടിരിക്കും. സത്യം പറഞ്ഞാൽ കേന്ദ്രം കഴിഞ്ഞാൽ അയാൾ താഴേക്കു അല്ല പോകുന്നത്. മറിച് മുകളിലേക്കാണ്. ഗ്രാവിറ്റിക്ക് എതിർ ദിശയിലേക്ക്. അതുകൊണ്ട് കേന്ദ്രം കഴിഞ്ഞാൽ അയാളുടെ വേഗത സാവകാശം കുറഞ്ഞു വരും. പക്ഷെ ഘർഷണം ഇല്ലാത്തതുകൊണ്ട് അയാൾ ഭൂമിയുടെ മറുപുറത്തിന്‍റെ വക്ക് വരെ എത്തും. അവിടെ നിന്നതിനു ശേഷം വീണ്ടും തിരിച്ചു ഇങ്ങോട്ടും വീഴും. അങ്ങനെ  ഇവിടെ നമ്മുടെ ആടുത്തു വരെ എത്തും. അങ്ങനെ അയാളും ആ കിണറ്റിൽ വീഴുന്ന വസ്തുക്കളൊക്കെയും ഒരു പെൻഡുലം കണക്കെ അങ്ങോട്ടും ഇങ്ങോട്ടും വീണുകൊണ്ടിരിക്കും.

 42 മിനിറ്റും 12 സെക്കന്റും കൊണ്ട് ഏതൊരു വസ്തുവും ആ  കിണറിലൂടെ ഭൂമിയുടെ മറ്റേ അറ്റത്തു എത്തും. തിരിച്ചു ഇങ്ങു എത്തുവാനും അത്രതന്നെ സമയം. അങ്ങനെ 84 മിനിറ്റ് 24 സെക്കന്‍റ്‌ കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും 1 പ്രാവശ്യം പോയ് വരും.

ഇനി ഒരു രസകരമായ സംഭവം :  ആ കിണറിലൂടെ പോകാതെ ഒരു സാറ്റലെറ്റ്  കടൽ നിരപ്പിലൂടെ ഭൂമിയെ ഓർബിറ്റ്  ചെയ്താലോ ?? അപ്പോഴും ആ സാറ്റലെറ്റിന്‍റെ ഓർബിറ്റൽ സമയം 84 മിനിറ്റ്  24 സെക്കന്‍റ്‌ ആയിരിക്കും. കിണറിലൂടെ ഒരു വസ്തു അങ്ങോട്ടും ഇങ്ങോട്ടും പോകാൻ എടുക്കുന്ന അതെ സമയം !


                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment