മൂൺ ലാൻഡിങ് സൈറ്റിലുള്ള ഫോട്ടോകളിൽ എന്തുകൊണ്ട് നക്ഷത്രങ്ങൾ കാണുന്നില്ല ?

രാജു : മൂൺ ലാൻഡിങ് സൈറ്റിലുള്ള ഫോട്ടോകളിൽ എന്തുകൊണ്ട് നക്ഷത്രങ്ങൾ  കാണുന്നില്ല മാഷേ  ?

മാഷ് : ചില ഫോട്ടോകളിൽ  നക്ഷത്രങ്ങളെ കാണാമല്ലോ. 


അപ്പോളോ ലാൻഡിങ് എല്ലാം നടത്തിയത് ചന്ദ്രനിലെ പകൽ  വെട്ടത്തിൽ ആയിരുന്നു. ചന്ദ്രന്‍റെ പ്രതലത്തിൽ സൂര്യപ്രകാശം അടിച്ച് വളരെയേറെ പ്രകാശമാനം ആയിരുന്നു അപ്പോൾ. പക്ഷെ ആകാശം മേഘമോ പൊടിപടലങ്ങളോ ഇല്ലാത്തതിനാൽ ഭൂമിയിലെ രാത്രി ആകാശം പോലെ  കറുത്തുതന്നെ ഇരിക്കും. അതുകൊണ്ട് ഭൂമിയിൽ രാത്രി കാണുന്നപോലെ നക്ഷത്രങ്ങളെയും  കാണേണ്ടതാണ്. ആകാശത്തേക്ക് നോക്കിയാൽ കണ്ണുകൊണ്ട് നക്ഷത്രങ്ങളെ കാണുകയും ചെയ്യാം. പക്ഷെ എന്തുകൊണ്ട് ഫോട്ടോയിൽ തെളിഞ്ഞു കണ്ടില്ല എന്നതാണ് നമ്മൾ കണ്ടുപിടിക്കേണ്ടത്..

കുഴപ്പം ക്യാമറയുടേതാണ്. അല്ലെങ്കിൽ ക്യാമറയുടെ എക്സ്പോഷറിന്‍റെ ആണ്. പ്രത്യേകിച്ച് 45 വർഷം മുൻപുള്ള ടെക്‌നോളജി ഉപയോഗിച്ചുള്ള ക്യാമറയിൽ. 

നമുക്കറിയാം.. കൂടുതൽ തെളിഞ്ഞ വസ്തുക്കളും ഇരുണ്ട വസ്തുക്കളും ഒന്നിച്ചു ക്യാമറയിൽ തെളിഞ്ഞു കാണാൻ ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന് പകൽ സമയം  നമ്മൾ ഒരു  മുറിക്കു നടുക്ക് നിന്ന്  ജനലിലൂടെ പുറത്തെ ഫോട്ടോ എടുത്താൽ ആ ഫോട്ടോയിൽ നമ്മുടെ മുറി ഇരുണ്ട് പോവും (ചിത്രം-2). ഇനി മുറി ആണ് തെളിഞ്ഞു കാണുന്നത് എങ്കിൽ ജനലിനു വെളിയിൽ ഉള്ള ഭാഗം വെളുത്തു പോവും  (ചിത്രം-1). മുറിയുടെ അകവും പുറവും തെളിഞ്ഞു കാണണമെങ്കിൽ HDR ക്യാമറ വേണം.



വിശ്വാസം വരുന്നില്ല എങ്കിൽ..  നന്നായി  തെളിഞ്ഞ ആകാശമുള്ള രാത്രിയിൽ   നിങ്ങൾ ഒരു നല്ല  SLR  ക്യാമറയുമായി ടെറസ്സിന്‍റെ മുകളിൽ പോവുക. എന്നിട്ട് ട്രൈപ്പോയിഡിൽ വച്ച് നക്ഷത്രം ഷൂട്ട് ചെയ്യുക. ഇനി നിങ്ങളുടെ അടുത്തു നിൽക്കുന്ന കൂട്ടുകാരനെ നന്നായി പതിയുന്ന രീതിയിൽ ഫ്ലാഷ് ഇട്ടോ അല്ലാതെയോ ഷൂട്ട് ചെയ്യുക.  കൂട്ടുകാരൻ നന്നായി തെളിഞ്ഞു പതിഞ്ഞ ഫോട്ടോയിൽ നക്ഷത്രങ്ങൾ കാണുന്നുണ്ടോ എന്ന് നോക്കുക. നക്ഷത്രങ്ങൾ ഫോട്ടോയിൽ  കാണില്ല.

HDR ക്യാമറയിൽ കുറച്ചുകൂടെ നന്നായി കോൺട്രാസ്റ്റ് ഇമേജുകൾ ഷൂട്ട് ചെയ്യാം. അപ്പോളോ ഫോട്ടോസ്  എടുത്തിരിക്കുന്നത് HDR ക്യാമറയിൽ അല്ല. മൂൺ ലാൻഡിങ്ങിൽ നാസയുടെ ഉദ്ദേശം നക്ഷത്രങ്ങൾ ആയിരുന്നില്ല. എന്നിരുന്നാലും വളരെ തെളിച്ചമുള്ള  നക്ഷത്രങ്ങളും ഭൂമിയും ജൂപ്പിറ്ററും നന്നായി കാണാവുന്ന ഫോട്ടോകൾ അപ്പോളോ പ്രോഗ്രാമിൽ എടുത്തിട്ടുണ്ട്.

രാത്രി വണ്ടി ഓടിക്കുമ്പോൾ എതിരെ വരുന്ന ലോറിയിൽ നിന്നുള്ള ലൈറ്റ് കാരണം നമുക്ക് ചുറ്റുമുള്ളത് ഒന്നും കാണാൻ പറ്റില്ല. അതും  ഇതുപോലെ എക്സ്പോഷർ അല്ലെങ്കിൽ കോട്രാസ്റ്റിന്‍റെ പ്രശ്നം ആണ്.



                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment