എന്താണ് സീറോ ഗ്രാവിറ്റി ?

രാജു : എന്താണ് സീറോ ഗ്രാവിറ്റി ?
മാഷ് : സീറോ ഗ്രാവിറ്റി എന്ന ഒന്ന് ഇല്ല. ഈ പ്രപഞ്ചത്തിൽ എവിടെ പോയാലും നമ്മൾ ഏതെങ്കിലും ഗ്രഹത്തിന്‍റെയോ നക്ഷത്രത്തിന്‍റെയോ ഗ്രാവിറ്റിയിൽ ആയിരിക്കും.
ലത : അപ്പോൾ സ്‌പേസിലേക്കു പോയാലോ ?
മാഷ് : സ്‌പേസിലേക്കു പോയാലും ഗ്രാവിറ്റി ഉണ്ടായിരിക്കും.


ഉദാഹരണത്തിന്, നാം ഇപ്പോൾ ഭൂമിയുടെ ഗ്രാവിറ്റിയിൽ ആണ്. ഇപ്പോൾ ചന്ദ്രൻ നമുക്ക് മുകളിലായി ഉണ്ടെന്നു സങ്കല്പിക്കുക. നമ്മൾ പൊങ്ങി പൊങ്ങി നേരെ മുകളിലേക്ക് പോകുന്നു എന്ന് സങ്കൽപ്പിക്കുക. അപ്പോൾ ഭൂമിയുടെ ഗ്രാവിറ്റി നമ്മളിൽ കുറഞ്ഞു കുറഞ്ഞു വരും. ഏതാണ്ട് 3 ലക്ഷം കിലോമീറ്റർ മുകളിൽ എത്തുമ്പോ നാം ചന്ദ്രനിൽ നിന്നും 1 ലക്ഷം കിലോമീറ്റർ അടുത്താവും. പിന്നെയും മുകളിലേക്ക് പോവുമ്പോൾ ഭൂമിയുടെയും ചന്ദ്രന്‍റെയും ഗുരുത്വാകര്‍ഷണം നമ്മളിൽ തുല്യം ആവും. പിന്നെയും  ഗുരുത്വാകര്‍ഷണം മുകളിലേക്ക്‌ പോവുമ്പോൾ നമ്മളിൽ ചന്ദ്രന്‍റെ ഗുരുത്വാകര്‍ഷണം ഭൂമിയുടെ ആകര്‍ഷണത്തേക്കാള്‍ കൂടുതലാവും. പിന്നെ ചന്ദ്രന്‍റെ ആകർഷണം കൂടി വരും. പിന്നെയും ദൂരെ പോയാൽ ചന്ദ്രന്‍റെ ആകർഷണം നമ്മളിൽ കുറയും. പിന്നെയും ദൂരെ പോയാൽ സൂര്യന്‍റെ ആകർഷണം ആവും നമ്മളിൽ കൂടുതൽ. പിന്നെയും ദൂരെ പോയാൽ ഏതാണ്ട് 2 പ്രകാശവർഷം ദൂരെ വരെ സൂര്യന്‍റെ ആകർഷണ വലയത്തിൽ ആയിരിക്കും നമ്മൾ. പിന്നെയും ദൂരെ പോയാൽ മറ്റു നക്ഷത്രങ്ങളുടെ ആകര്‍ഷണത്തിൽ ആവും. പിന്നെ നമ്മുടെ ഗാലക്സിക്കും പുറത്തു പോയാൽ മറ്റു ഗാലക്സിയുടെ ആകർഷണത്തിൽ ആവും നമ്മൾ. എവിടെ പോയാലും അവിടെ ഒന്നിന്‍റെ അല്ലെങ്കില്‍ മറ്റൊന്നിന്‍റെ ഗ്രാവിറ്റിയിൽ ആയിരിക്കും. 

എല്ലാ ആറ്റങ്ങൾക്കും ഗ്രാവിറ്റി ഉണ്ടായിരിക്കും. നമ്മുടെ ശരീരവും ആറ്റങ്ങളാൽ നിർമ്മിതം ആണ്. അതുകൊണ്ടുതന്നെ അവയുടെ പരസ്പ്പരാകര്‍ഷണവും ഉണ്ടാവും. അതുകൊണ്ട് സീറോ ഗ്രാവിറ്റി എന്ന ഒന്നില്ല. മൈക്രോ ഗ്രാവിറ്റി ആണ് ഉള്ളത്. പലരും അതിനെ സീറോ ഗ്രാവിറ്റി എന്ന് പറയുന്നു എന്ന് മാത്രം.

നമ്മുടെ കൃത്രിമോപഗ്രഹങ്ങളിലും, സ്‌പേസ് സ്റ്റേഷനിലും എല്ലാം മൈക്രോ ഗ്രാവിറ്റി ആണ് ഉള്ളത്. കാരണം അവ ഭൂമിയെ ഓർബിറ്റ് ചെയ്യുന്നത് കൊണ്ടാണ്. ഓർബിറ്റ് ചെയ്യുന്ന വസ്തുക്കൾ ' ഫ്രീ ഫാൾ ' എന്ന അവസ്ഥയിൽ ആണ്.

മീര : ഫ്രീ ഫാൾ എന്നാൽ എന്താണ് ബൈജുമാഷേ ?
മാഷ് : ഫ്രീ ഫാൾ എന്നാൽ സ്വതന്ത്രമായി ഗ്രാവിറ്റിയിൽ വീണുകൊണ്ടിരിക്കുക എന്നാണ്‌. സാറ്റലൈറ്റുകളും ചന്ദ്രനും ഒക്കെ ഭൂമിയുടെ ഗ്രാവിറ്റിയിൽ ഭൂമിയിലേക്ക് ആകർഷിച്ചു വീണുകൊണ്ടിരിക്കുകയാണ്. പക്ഷെ അവയുടെ പ്രത്യേക വേഗത കാരണം അവയ്ക്കു ഭൂമിയോടു അടുക്കുവാൻ പറ്റുന്നില്ല എന്ന് മാത്രം.

രാജു : നമുക്ക് മൈക്രോ ഗ്രാവിറ്റി കൃത്രിമമായി ഉണ്ടാക്കാൻ പറ്റുമോ മാഷേ ?
മാഷ് : മൈക്രോ ഗ്രാവിറ്റി നമുക്ക് കൃത്രിമമായി ഉണ്ടാക്കാം.
3 രീതിയിൽ മൈക്രോ ഗ്രാവിറ്റി ഉണ്ടാക്കാം.
1) പ്‌ളെയിൻ ഉപയോഗിച്ച്.
2) വീഴ്ചയിൽ.
3) ബോയൻസി ഉപയോഗിച്ച്.
നമ്മൾ വീഴുമ്പോൾ നമുക്ക് ഭാരക്കുറവ് അനുഭവപ്പെടുന്നു. ബഹിരാകാശനിലയായത്തിൽ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുമ്പോൾ ഭാരം അനുഭവപ്പെടുന്നില്ല. ലിഫ്റ്റ് പൊട്ടി താഴേക്കു വീഴുമ്പോൾ ഭാരം തോന്നില്ല.

1) സന്തോഷ് കുളങ്ങര സഞ്ചാരം പരിപാടിയിൽ ഒരിക്കൽ കാണിച്ചപോലെ പ്ലെയിനിൽ മുകളിൽ പോയി വേഗത്തിൽ താഴേക്കു പോരുമ്പോൾ ഭാരമിലായ്മ അനുഭവപ്പെടുന്നു. ഇതിനായി പ്രത്യേകം ഡിസൈൻ ചെയ്ത പ്‌ളെയിൻ ആയിരിക്കും. അവ പെട്ടന്ന് മുകളിലേക്ക് പോയി എൻജിൻ ഓഫ് ആക്കി കല്ല് കണക്കെ താഴോട്ട് പോരുന്നു. ആ വീഴചയിൽ ആ പ്ലെയിനിനും, അതിലെ ആളുകൾക്കും ഭാരമില്ലായ്മയിലൂടെ മൈക്രോ ഗ്രാവിറ്റി അനുഭവപ്പെടും. ( ചിത്രം : സ്റ്റീഫൻ ഹോക്കിങ് പ്ലെയിനുള്ളിൽ മൈക്രോ ഗ്രാവിറ്റിയിൽ )

2) ലിഫ്ട് പൊട്ടി താഴേക്കു വീഴുമ്പോൾ, അല്ലെങ്കിൽ ' ബംഗ്ഗി ജംബ് ' പോലെയോ താഴേക്കു പൊടുന്നനെ വീഴുമോൾ ഭാരം അനുഭവപ്പെടില്ല.

3) ബോയൻസി. നമ്മൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുമ്പോൾ  ഭാരമില്ലായ്‌മ പോലെ അനുഭവപ്പെടും. ബഹിരാകാശ യാത്രയ്ക്ക് മുൻപ് മൈക്രോ ഗ്രാവിറ്റി പരിശീലനം അവർ വെള്ളത്തിൽ നടത്താറുണ്ട്. ഭാരമില്ലായ്‌മയിൽ എങ്ങനെ ശരീരം ചലിപ്പിച്ചു യാത്ര ചെയ്യണം എന്നൊക്കെ വെള്ളത്തിൽ ചെയ്തു നോക്കാറുണ്ട്. എന്നാൽ സ്‌പേസ് സൂട്ട് ഇട്ടു വെള്ളത്തിൽ പൊങ്ങിക്കിടന്നാൽ ഭാരമില്ലായ്‌മ തോന്നില്ല. പകരം ശരീരത്തോട് ഒട്ടിയ ഡ്രസ്സ് ഇട്ടാൽ മാത്രമേ ഭാരമില്ലായ്മ തോന്നൂ.

നിത്യജീവിതത്തിലും നാം അറിയാതെ ഭാരമില്ലായ്മ അനുഭവപ്പെടാറുണ്ട്. എറണാകുളം മേനക ജങ്ഷനിൽ മാർക്കറ്റിലേക്ക് പോകുന്ന ഒരു കനാൽ ഉണ്ട്. ആ കനാലിനു മുകളിലൂടെ ബസ്സ് വേഗത്തിൽ പോകുമ്പോൾ ബസ്സ് ഒന്ന് പൊങ്ങിച്ചാടും. ആ ഒരു സെക്കന്‍റിൽ നമുക്ക് സീറോ ഗ്രാവിറ്റി അനുഭവപ്പെടും  കൂടാതെ ബൈക്ക് പൊക്കി ചാടിക്കുന്ന വില്ലന്മാർക്കും സീറോ ഗ്രാവിറ്റി ശീലമായിട്ടുണ്ടാവും.






                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment