ചന്ദ്രന്‍റെ കാണാത്ത മുഖം

ചന്ദ്രനെ കാണാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. എന്നാൽ ചന്ദ്രനെ ശരിക്കും കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ... ചന്ദ്രന്‍റെ പകുതിയേ കണ്ടിട്ടുള്ളൂ എന്ന് പറയേണ്ടി വരും. നമ്മൾ ഇവിടന്ന് നോക്കിയാൽ ചന്ദ്രന്‍റെ ഒരു ഭാഗം മാത്രമേ കാണുവാൻ സാധിക്കൂ. ചന്ദ്രനെ വെറും കണ്ണുകൊണ്ട് നോക്കുമ്പോൾ നമുക്ക് വെളുത്ത പ്രകാശം അല്ലാതെ ചന്ദ്രന്‍റെ ഉപരിതലം ഒന്നും വ്യക്തമാകാറില്ല. അതുകൊണ്ടാണ് നാം അത് ശ്രദ്ധിക്കാതെ പോകുന്നത്. എന്നാൽ ബൈനോക്കുലറിലൂടെയോ ദൂരദർശിനിയിലൂടെയോ ഒക്കെ ചന്ദ്രനെ നിരീക്ഷിച്ചിട്ടുള്ളവർ അത് ശ്രദ്ധിച്ചിട്ടുണ്ടാവും.



ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന അതേ സമയദൈർഘ്യം കൊണ്ടു തന്നെയാണ് ചന്ദ്രൻ അതിന്‍റെ അച്ചുതണ്ടിൽ ഭ്രമണം ചെയ്യുന്നതും. അതിനാൽത്തന്നെ ഭൂമിയിൽ നിന്ന് നിരീക്ഷിക്കുമ്പോൾ എപ്പോഴും ഒരുവശം മാത്രമേ ദൃഷ്ടിഗോചരമാകുന്നുള്ളൂ. ഈ പ്രതിഭാസത്തിനെ ടൈഡൽ ലോക്കിംഗ് എന്ന് പറയും. മുൻപ് കൂടിയ വേഗത്തിൽ ഭ്രമണം ചെയ്തിരുന്ന ചന്ദ്രൻ ഭൂമിയുമായുള്ള ഘർഷണ പ്രഭാവങ്ങൾ നിമിത്തം ഭ്രമണവേഗം കുറഞ്ഞ് ഇന്നത്തെ അവസ്ഥയിൽ സ്ഥിരപ്പെടുകയായിരുന്നു. ചന്ദ്രൻ ഒന്ന് തിരിഞ്ഞു നിവർന്നു വരുമ്പോൾ ചന്ദ്രന്‍റെ കുറച്ചു പിൻ ഭാഗം നമുക്ക് കാണുവാൻ സാധിക്കും. എന്നിരുന്നാലും ചന്ദ്രന്‍റെ 82 % മറുപുറവും നമുക്ക് കാണുവാൻ സാധിക്കില്ല.

1959 ൽ റഷ്യയുടെ ലൂണാ-3 പേടകം ആണ് ചന്ദ്രന്‍റെ മറുപുറം ആദ്യമായി ഫോട്ടോ എടുക്കുന്നത്. ഭൂമിയിൽ നിന്ന് ദൃശ്യമാകുന്ന ചന്ദ്രമുഖത്തെ സമീപപക്ഷവശം എന്നും മറുഭാഗത്തെ ദൂരപക്ഷവശം എന്നും പറയുന്നു. നമുക്ക് ദർശിക്കാനാവാത്ത ഭാഗത്തെ ചന്ദ്രന്‍റെ ഇരുണ്ട ഭാഗം എന്നും പറയാറുണ്ടെങ്കിലും യഥാർത്ഥത്തിൽ ഭൂമിയിൽ നിന്നും കാണാവുന്ന ഭാഗത്ത്‌ ലഭിക്കുന്ന അത്ര തന്നെ സൂര്യപ്രകാശം ഈ ഭാഗത്തും ലഭിക്കുന്നുണ്ട്‌.

ദൂരവശത്തിന്‍റെ എടുത്തു പറയേണ്ട ഒരു പ്രത്യേകത അവിടെ സാധാരണ ചന്ദ്രബിംബത്തിൽ കണ്ടു വരുന്ന കറുത്ത അടയാളങ്ങൾ വളരെക്കുറവേ കാണപ്പെടുന്നുള്ളൂ എന്നതാണ്. ഈ കറുത്ത അടയാളങ്ങൾ വളരെ പണ്ടുകാലത്തുണ്ടായ ഉൽക്കാപതനങ്ങൾ നിമിത്തം ബഹിർഗമിക്കപ്പെട്ട ബസാൾട്ട് മൂലം രൂപം കൊണ്ട ബസാൾട്ട് സമതലങ്ങൾ ആണ്.

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment