ചന്ദ്രന്‍റെ ഉപരിതലം എന്ത് കൊണ്ടാ ഇങ്ങനെ ദോശയുടെ പുറത്തുള്ളപോലെ വട്ടങ്ങൾ കാണുന്നത് ?

ചന്ദ്രന്‍റെ ഉപരിതലം എന്ത് കൊണ്ടാ ഇങ്ങനെ ദോശയുടെ പുറത്തുള്ളപോലെ വട്ടങ്ങൾ കാണുന്നത് ? ഭൂമിയിൽ എന്തുകൊണ്ട് അങ്ങനെ കാണുന്നില്ല ?

കാരണം സിംപിൾ.. ഭൂമിയിൽ വായു കൊണ്ടുള്ള ഒരു അന്തരീക്ഷം ഉണ്ട്. ചന്ദ്രനിൽ അതില്ല. "സ്‌പേസിൽ നിന്നും പതിക്കുന്ന ഉൽക്കയും പൊടിപടലങ്ങളും മറ്റും നമ്മുടെ അടുത്തെത്താതെ ഭൂമീദേവി തടുത്ത്‌ അന്തരീക്ഷത്തിൽ വച്ചുതന്നെ കത്തിച്ചു കളയുന്നു" എന്ന് ആലങ്കാരികമായി പറയാം.


ഭൂമി സെക്കന്‍റില്‍ 30 കിലോമീറ്റർ വേഗതയിലാണ് സൂര്യന് ചുറ്റും വലം വച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടും, കൂടാതെ ഭൂമിയുടെ ഗുരുത്വഘർഷണം കൊണ്ടും ഭൂമിയിലേക്ക് പതിക്കുന്ന എല്ലാ വസ്തുക്കളും വളരെ വേഗതയിൽ ആയിരിക്കും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുക. വേഗതയിൽ വരുന്ന വസ്തുക്കൾ അന്തരീക്ഷവുമായുള്ള ഉരസലിൽ ചൂട് പിടിച്ച് പൊട്ടിത്തെറിച്ച് കത്തിപ്പോകും. ചൂടിനെ പ്രതിരോധിക്കാൻ ശേഷി ഉള്ളവ മാത്രമേ നിലത്ത്‌ എത്തൂ.

എന്നാൽ ചന്ദ്രനിൽ അന്തരീക്ഷം ഇല്ലാത്തത് കാരണം എല്ലാ വസ്തുക്കളും ആ വലിയ വേഗതയിൽത്തന്നെ നിലത്തു പതിക്കുന്നു. വെടിയുണ്ടയേക്കാൾ പല മടങ്ങു വേഗതയിൽ ആയിരിക്കും എല്ലാ വസ്തുക്കളും ചന്ദ്രനിൽ പതിക്കുക.

ഇപ്പോൾ ഓഗസ്റ്റിൽ ഭൂമിയിൽ പതിക്കുന്ന ഉൽക്കാ മഴയിൽ ഉള്ള വസ്തുക്കളുടെ വലിപ്പം ഏകദേശം അരിമണിയോളമേ വരൂ. അവ ഭൂമിയിൽ ആണേൽ അന്തരീക്ഷത്തിൽ വച്ച് കത്തിത്തീരും. എന്നാൽ അവ ചന്ദ്രനിൽ അതേ വേഗതയിൽ വന്നു നിലത്തു പതിക്കും. അപ്പോൾ ചന്ദ്രനിൽ സ്‌പേസ് സൂട്ട് ഒക്കെ ഇട്ട് ആളുകൾ നിന്നാൽ പോലും രക്ഷ ഇല്ല. കാരണം അരിമണിയോളം പോന്ന ഉൽക്കാ ശകലം ആ വേഗതയിൽ സ്‌പേസ് സൂട്ടിന്‍റെ ഹെൽമെറ്റും തുളച്ചു തലയോട്ടിയും തുളച്ചു തലച്ചോർ വരെ എത്തും. അത്രയും ശക്തിയുണ്ടാവും ആ ചെറു തരി ഉൽക്കയ്ക്ക്.

ചന്ദ്രന്‍റെ ഉപരിതലം നോക്കുക. എല്ലായിടത്തും ദോശയുടെ പുറത്തുള്ളപോലെ വട്ടങ്ങൾ വരുവാൻ കാരണം ഇതാണ്. പല വലിപ്പത്തിലുള്ള ഉൽക്കകൾ വീണ് ഉണ്ടായ ഗർത്തങ്ങൾ ആണത്. ഇതുപോലെ ദിവസവും 110 ടൺ പൊടിപടലങ്ങൾ ഭൂമിയിൽ പതിക്കുന്നുണ്ട്. അവ അധികവും കാണുവാൻ പോലും വലിപ്പമില്ലാത്തവ ആണ്. എന്നാൽ കുറ എണ്ണം നമ്മളെ തകർത്ത്‌ ഇല്ലാതാക്കാൻ ശേഷി ഉള്ളവയും ഉണ്ട്. അന്തരീക്ഷത്തിന്‍റെ ഈ പ്രതിരോധ ശക്തി ഇപ്പോൾ ഇല്ലാതായാൽ നമുക്ക് വീടിന് പുറത്ത്‌ ഇറങ്ങാൻ പോലും പറ്റാത്ത അവസ്ഥ ആവുമായിരുന്നു.

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment