എന്തുകൊണ്ടാണ് പലരുടെയും വയർ ചാടുന്നത് ?

എന്തുകൊണ്ടാണ് പലരുടെയും വയർ ചാടുന്നത് ( കുടവയർ ആവുന്നത് ) ?


     ചിലർക്ക് ഭക്ഷണം കൂടുതൽ കഴിച്ചാൽ വയർ ചാടും. ചിലർക്ക് ബാക്ക് സൈഡ്‌ കൂടും. ചിലർക്ക് ആദ്യം തടി കൂടുന്നത് മുഖത്ത് ആയിരിക്കും. ചിലർക്ക് കീഴ്‍ത്താടിയിൽ താട തൂങ്ങും ! എന്താണ് അതിനു പിന്നിലെ ശാസ്ത്രം ?

എല്ലാ മനുഷ്യർക്കും ഏതാണ്ട് ഒരേപോലത്തെ അസ്ഥികൂടം (skeleton) ആണ് ഉണ്ടാവുക. നീളത്തിലും വീതിയിലും മാത്രമേ കാര്യമായ വ്യത്യാസം ഉണ്ടാവൂ. അസ്ഥികൂടത്തിന്‍റെ രൂപം ഒക്കെ ഏതാണ്ട് ഒരേപോലെ ഇരിക്കും. പക്ഷെ നമ്മൾ കാണുന്ന ആളുകളുടെ രൂപത്തിൽ കാര്യമായ വ്യത്യാസം ഉണ്ട്. കാരണം ആ അസ്ഥികൂടത്തിന് ചുറ്റുമുള്ള മസിലിന്‍റെയും കൊഴുപ്പിന്‍റെയും  ചേർന്നുള്ള രൂപമാണ് നമ്മൾ പുറമെ കാണുന്നത്. ഉദാഹരണത്തിന്, ഒരേപോലെ തലയോട്ടി ഉള്ള രണ്ട് ആളുകളുടെ മുഖം തീർത്തും വ്യത്യസ്തമായിരിക്കാം. കാരണം അവരുടെ തലയോട്ടിയെ മസിലുകളും കൊഴുപ്പും മറ്റും എവിടെയൊക്കെ, എത്രമാത്രം ശേഖരിച്ചുവച്ചു എന്നതിനനുസരിച്ചായിരിക്കും അവരുടെ രൂപം. ചിലർക്ക് കവിൾ ചാടി ഇരിക്കും, ചിലർക്ക് നുണക്കുഴി ഉണ്ടാവും, ചിലരുടെ കവിൾ ഒട്ടി ഇരിക്കും.


     അതുപോലെതന്നെ ഒരാളുടെ അസ്ഥികൂടത്തിൽ മസിലുകളും കൊഴുപ്പും എവിടെയൊക്കെ എത്രമാത്രം ഉണ്ട് എന്നതിനെ അനുസരിച്ചായിരിക്കും അവരുടെ മൊത്തം രൂപം. ഒരാളുടെ മസിലിന്‍റെ വലിപ്പമെല്ലാം വ്യായാമം ചെയ്‌താൽ മാത്രമേ കാര്യമായി വ്യത്യാസം വരൂ. എന്നാൽ ആവശ്യത്തിൽ കൂടുതൽ ഊർജ്ജമുള്ള ആഹാരം കഴിച്ചാൽ നിത്യോപയോഗം കഴിഞ്ഞ് ബാക്കി വരുന്ന ഊർജം കൊഴുപ്പായി നമ്മുടെ ശരീരത്തിൽ ശേഖരിച്ചു വയ്ക്കും. ആ കൊഴുപ്പാണ് നമ്മുടെ ശരീരത്തിൽ രൂപമാറ്റത്തിന് പ്രധാനമായും കാരണമാവുന്നത്. 

     കൂടുതൽ കൊഴുപ്പു ശരീരത്തിൽ ശേഖരിക്കണമെങ്കിൽ അത് ആദ്യം ഏതു ഭാഗത്തു ശേഖരിക്കണം, പിന്നീട് എവിടെ, എത്ര ശതമാനം ഇവിടെ, എത്ര ശതമാനം അവിടെ എന്നൊക്കെയുള്ള പ്രോഗ്രാം നമ്മുടെ ശരീരത്തിൽത്തന്നെ ഉണ്ട്. അത് അനുസരിച്ചായിരിക്കും വയർ ആദ്യം കൂടുകയോ അതോ മുഖം തടിക്കുകയോ കീഴ്‍ത്താടിയിലെ താട തൂങ്ങുകയോ ഒക്കെ ചെയ്യുന്നത്. 

     ഇതിന്‍റെ വിപരീതദിശയിലായിരിക്കും തടി കുറയുന്നത്. വയർ ആണ് ആദ്യം ചാടിയതെങ്കിൽ തടി കുറയുമ്പോൾ അവസാനം കുറയുന്നത് വയർ ആയിരിക്കും. എന്നാൽ ചില ഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ള വ്യായാമം വഴി ഇത് കുറച്ചൊക്കെ നിയന്ത്രിക്കുവാൻ സാധിക്കും.

അമിത ഭാരം ശരീരത്തിന് ഹാനികരം. Stay healthy and fit...


                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment