ആടുജീവിതവും സൂര്യോദയവും.

ബെന്യാമിന്‍റെ ആടുജീവിതം എന്ന നോവലിൽ അതിരാവിലെ ' ഉച്ചക്കെന്നപോലെ കത്തുന്ന ' സൂര്യനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. സൂര്യൻ ഇത്ര ദാക്ഷണ്യം ഇല്ലാത്തതാണോ എന്നു നമുക്ക് തോന്നിപ്പോവും.

മരുഭൂമിയിലെ സൂര്യോദയം നമ്മുടേതിൽനിന്നും വ്യത്യസ്തമാണോ ?



മരുഭൂമിയിൽ സാധാരണ മേഘങ്ങൾ കാണാറില്ല. പൊടിക്കാറ്റ് ഇല്ലാത്ത സമയം അത്രയും ആകാശം നീല നിറത്തിലായിരിക്കും. അതുപോലെ മരങ്ങളോ, സൂര്യനെ മറയ്ക്കുന്ന ഒന്നുമേ അവിടെ ഇല്ല. നമ്മുടെ നാട്ടിൽ ആണെങ്കിൽ ധാരാളം മേഘം ഉണ്ടാവും. സൂര്യോദയത്തിന്‍റെ സമയം 6:30 ആയിരുന്നാൽ പോലും നാം കാണുന്ന സൂര്യോദയം 7 മണിക്ക് ആയിരിക്കും. അതും ചക്രവാളത്തിനും കുറേ മുകളിൽ മേഘത്തിന് ഇടയ്ക്കായി. സൂര്യൻ നന്നായി തെളിച്ചം വയ്ക്കുന്നത് 1 മണിക്കൂർ ഒക്കെ കഴിഞ്ഞിട്ടാവും. അതുപോലെ സൂര്യാസ്തമയവും. ഒന്നു- ഒന്നര മണിക്കൂർ നീണ്ടു നിൽക്കും.

ഒരിക്കൽ ബാങ്ക്ലൂർ നന്ദി ഹിൽസിൽ ഷൂട്ടിങ്ങിന് പോയ സിനിമാക്കാരുടെ കുറിപ്പ് വായിച്ചതോർക്കുന്നു. നായിക തട്ടവും പിടിച്ച സൂര്യോദയ സമയത്തു ഓടുന്നതാണ് സീൻ. അതിനായി സൂര്യോദയത്തിനു മുന്നേ സെറ്റ് എല്ലാം റെഡിയാക്കി കാത്തിരുന്നു. സൂര്യൻ ഉദിച്ചപ്പോൾ ഒരു റിഹേഴ്സൽ കൂടെ ചെയ്തു. 10 മിനിറ്റു റിഹേഴ്സൽ കഴിഞ്ഞപ്പോൾ സൂര്യൻ ചുവപ്പ് നിറം മാറി കത്താൻ തുടങ്ങി. നട്ടുച്ച പോലെ ആയി. പിന്നെ അടുത്ത ദിവസം വരെ കാത്തിരുന്നിട്ടാണ് അവർക്കു ഷൂട്ട് ചെയ്തത്.

രാവിലെയും വൈകീട്ടും സൂര്യ രശ്മി ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കൂടുതൽ ദൂരം സഞ്ചരിച്ചിട്ടാണ് നമ്മുടെ കണ്ണുകളിൽ എത്തുക. അപ്പോൾ സൂര്യനിൽ നിന്നുള്ള ശക്തിയേറിയ കിരണങ്ങളായ അൾട്രാ വയലറ്റും പിന്നെ വയലറ്റ്, ഇൻഡിഗോ, നീല ഒക്കെ നശിച്ചു പോകുന്നു. ബാക്കി വരുന്ന തീവ്രത കുറഞ്ഞ ചുവപ്പും ഓറഞ്ചും മഞ്ഞയും മാത്രമേ നമ്മുടെ കണ്ണിൽ എത്തുന്നുള്ളൂ. നമ്മുടെ അന്തരീക്ഷത്തിനു കുറച്ചുകൂടെ കട്ടി ഉണ്ടായിരുന്നെങ്കിൽ സൂര്യോദയവും, സൂര്യാസ്തമയവും നമുക്ക് ഇതുപോലെ കാണുവാൻ കഴിയുമായിരുന്നില്ല.

അപ്പോൾ അന്തരീക്ഷം ഇല്ലാത്ത ചന്ദ്രനിലെ സൂര്യോദയം എങ്ങനെ ഇരിക്കും ?

സൂര്യൻ ചക്രവാളത്തിൽ നിന്നും ഉയർന്നു വരുമ്പോൾത്തന്നെ അതിനു നട്ടുച്ചയുടെ തീവ്രതയും ചൂടും ഉണ്ടാവും. എന്നാൽ ചന്ദ്രന്‍റെ പ്രതലത്തിൽ പ്രകാശം ചരിഞ്ഞു വീഴുന്നത് കാരണം ചന്ദ്രോപരിതലത്തിൽ ചൂട് കുറവായിരിക്കും. പക്ഷെ അതിരാവിലെ നമ്മുടെ മുഖത്തു വീഴുന്ന പ്രകാശത്തിനു 100 ഡിഗ്രി സെൽഷ്യസ്നു മുകളിൽ ചൂട് ഉണ്ടായിരിക്കും !!

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment