ഗ്രഹം ഏത് ? നക്ഷത്രം ഏത് ?

നമ്മുടെ ആകാശത്ത് കാണുന്ന നക്ഷത്രങ്ങളിൽ നിന്ന് ഓരോ ഗ്രഹങ്ങളേയും എങ്ങനെ മനസ്സിലാക്കാം ? ചില എളുപ്പ വഴികൾ ഇതാ...

* മിന്നുന്നതോന്നും ഗ്രഹങ്ങൾ അല്ല.
* സൂര്യനും, ചന്ദ്രനും ' സഞ്ചരിക്കുന്ന ' പാതയിൽ മാത്രമേ ഗ്രഹങ്ങളെ കാണുവാൻ സാധിക്കൂ.
* കുറച്ചു ദിവസം തുടർച്ചയായി നിരീക്ഷിച്ചാൽ നക്ഷത്രങ്ങൾക്കിടയിലൂടെ ഗ്രഹങ്ങൾ നീങ്ങുന്നതായി കാണാം.



ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ രാശിചക്രത്തിലൂടെ ( zodiac ) മിന്നാതെ ദിവസങ്ങൾകൊണ്ട്  സാവകാശം സഞ്ചരിക്കുന്ന തെളിച്ചമുള്ള നക്ഷത്രത്തെപ്പോലെ കാണപ്പെടുന്നത് ഗ്രഹം ആവാം.

സൂര്യൻ ഉദിക്കുന്നതും നട്ടുച്ചയ്ക്കുള്ളതും അസ്തമിക്കുന്നതും ആയ സ്ഥാനം പകൽ നോക്കി വെക്കുക. ആ 3 സ്ഥാനങ്ങളിലൂടെയും  ഒരു വര വരച്ചാൽ .. ആ പാതയിലൂടെ ആവും സൂര്യനും ചന്ദ്രനും മറ്റു ഗ്രഹങ്ങളും ഒക്കെ ' സഞ്ചരിക്കുന്നത് '. ആ വരയിൽ ഉള്ള 'നക്ഷത്രങ്ങളെ' കുറച്ചു ദിവസങ്ങൾ നിരീക്ഷിക്കുക. അത്യാവശ്യം തെളിച്ചമുള്ള ചില 'നക്ഷത്രങ്ങൾ' സ്ഥാനം മാറുന്നത് നമുക്ക് കാണാം. അത് ഒരു ഗ്രഹം ആയിരിക്കാം.

ഓരോ ഗ്രഹത്തേയും എങ്ങനെ വേർതിരിച്ചു അറിയാം ? നമുക്ക് നഗ്നനേത്രം കൊണ്ടു തിരിച്ചറിയാൻ കഴിയുന്നത്‌ ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം. ശനി എന്നീ ഗ്രഹങ്ങളെ മാത്രം ആണ്.

ബുധൻ : ബുധൻ ഗ്രഹം സൂര്യന് വളരെ അടുത്ത് ആയതുകൊണ്ട് സൂര്യോദയത്തിന് 45 മിനിറ്റ് മുന്നെയോ സൂര്യാസ്തമയം കഴിഞ്ഞു 45 മിനിറ്റോ മാത്രമേ ബുധനെ കാണൂ. ഒരുവിധം തെളിഞ്ഞ് മഞ്ഞ നിറത്തിൽ കാണാം.

ശുക്രൻ : സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ നമ്മുടെ ആകാശത്ത് ഏറ്റവും തെളിച്ചമുള്ളത് ശുക്രനാണ്. എല്ലാവരും ശുക്രനെ കണ്ടിട്ടുണ്ടാവും. സൂര്യന് അടുത്തായതു കാരണം സൂര്യോദയത്തിന് 2-3 മണിക്കൂര്‍ മുന്നെയോ അല്ലെങ്കിൽ സൂര്യാസ്തമയം കഴിഞ്ഞ് 2-3 മണിക്കൂറോ മാത്രമേ ശുക്രനെ കാണൂ. 7 - 8 മാസം രാവിലെയും പിന്നെ 7 - 8 മാസം വൈകീട്ടും മാറിമാറി കാണാം.

ചൊവ്വ : ഇളം ചുവപ്പ് / ഓറഞ്ച് നിറത്തിൽ അൽപ്പം തെളിഞ്ഞ് ചൊവ്വയെ കാണാം.

വ്യാഴം : ശുക്രൻ കഴിഞ്ഞാൽ നന്നായി തെളിഞ്ഞു കാണുന്നത് വ്യാഴത്തെ ആണ്. ചൊവ്വയെക്കാളും 'വേഗത' കുറവായിരിക്കും വ്യാഴത്തിന്.

ശനി : വെളുത്ത് പക്ഷെ തെളിച്ചം കുറഞ്ഞു മന്ദ ഗതിയിൽ ആയിരിക്കും ശനിയുടെ സഞ്ചാരം. അതുകൊണ്ടുതന്നെ ശനിക്കു മന്ദന്‍ എന്നൊരു പേരും ഉണ്ട്.

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment