കാർ മുന്നോട്ട് എടുക്കുമ്പോൾ അതിലുള്ള ഹീലിയം ബലൂൺ എങ്ങോട്ടായിരിക്കും പോവുക ?

കാർ മുന്നോട്ട് എടുക്കുമ്പോൾ അതിൽ പൊങ്ങിക്കിടക്കുന്ന ഹീലിയം ബലൂൺ എങ്ങോട്ടായിരിക്കും പോവുക / ആയുക ?

ANSWER :
പരീക്ഷണത്തിൽ നമ്മൾ ഒരു പെൻഡുലം കട്ട നൂലിൽ തൂക്കി ഇട്ടിരിക്കുന്നു. അത് താഴോട്ട് തൂങ്ങുന്നു. പിന്നെ ഒരു ഹീലിയം ബലൂൺ താഴെ കെട്ടി ഇട്ടിരിക്കുന്നു. അതു വായുവിൽ മുകളിലേക്ക് പൊങ്ങിക്കിടക്കുന്നു. എന്നു വച്ചാൽ  പെൻഡുലം കട്ട അവിടെ ആകെ ഉള്ള ബലമായി ഗ്രാവിറ്റി ബലത്തിന്‍റെ അതേ ദിശയായ താഴേക്കും, ഹീലിയം ബലൂൺ ഗ്രാവിറ്റി ബലത്തിന് എതിരായി മുകളിലേക്കും. സമ്മതിച്ചല്ലോ. ഇനി കാർ / പ്ലെയിന്‍ മുന്നോട്ട് കുതിക്കുമ്പോൾ ഉള്ള ബലം കൂടെ ഗ്രാവിറ്റിയോട് ചേർത്തു കണക്കുകൂട്ടി നോക്കാം.



ഗ്രാവിറ്റി ( Fg )  നേരെ താഴേക്ക്. പിന്നെ വണ്ടി ആക്സിലറേറ്റ് ചെയ്യുമ്പോൾ ഉള്ള ബലം ( Fc ) നേരെ പിന്നിലോട്ട് വലിക്കുന്നു. അതു രണ്ടും കൂടെ ചേർത്തു നമുക്ക് ഒരു ഒറ്റ ബലം ആക്കാം. ചിത്രം നോക്കുക. അങ്ങനെ നമുക്ക് കിട്ടിയ ബലമാണ് Fr. അതു ഏതാണ്ട് ചരിഞ്ഞു പിന്നോട്ട് ആയിരിക്കും.

ഇനി ഗ്രാവിറ്റിയും, വണ്ടിയുടെ ആക്സിലറേഷനും ഒക്കെ മറന്നേക്കു. പകരം നമുക്ക് പുതിയ ബലം മാത്രം കണക്കിലെടുത്താൽ മതി. ആ ബലത്തിൽ  പെൻഡുലം  കട്ട എങ്ങോട്ടാണ് തൂങ്ങുന്നത് എന്ന്‍  ശ്രദ്ധിക്കൂ.. അതു ചരിഞ്ഞ ദിശയിൽ അല്ലെ?.. അതേ.
അതുപോലെ വണ്ടി മുന്നോട്ട് ആയുമ്പോൾ ഒരാൾ വണ്ടിയിലെങ്ങും കൈ പിടിക്കാതെ നിൽക്കുകയാണെങ്കിൽ എങ്ങനെ ആയിരിക്കും നിൽക്കുക. മെട്രോയിലും മറ്റും നിന്ന്‍ യാത്ര ചെയ്തവർക്ക് അതു അറിയാമായിരിക്കും. മെട്രോ സ്റ്റേഷനിൽ നിന്നും എടുക്കുമ്പോൾ നിൽക്കുന്ന ആളുകൾ വീഴാതിരിക്കാനായി മുന്നോട്ട് ചാഞ്ഞുകൊടുക്കും. അപ്പോൾനമ്മൾ പിന്നോട്ട് വീഴില്ല. അല്ലെങ്കിൽ പിന്നോട്ട് പോവും.

അപ്പോൾ നമ്മുടെ പരീക്ഷണത്തിലും വണ്ടി മുന്നോട്ട് ആയുമ്പോൾ വീഴാതിരിക്കാൻ മുന്നോട്ട് ചരിഞ്ഞു നിൽക്കണം. നമ്മൾ കൈയ്യിൽ നിന്ന്‍ എന്തെങ്കിലും സാധങ്ങൾ താഴേക്കു ഇട്ടാൽ അത്  പിന്നിലേക്കു ചരിഞ്ഞു വീഴും. എന്നു വച്ചാൽ ആ സമയത്തു ' താഴെ ' എന്നു പറയുന്നത് പിന്നോട്ട് ചരിഞ്ഞു ആണ്.  ഹീലിയം  ബലൂൺ നിൽക്കേണ്ടത് ' മേലോട്ട് ' അല്ലെ..? അതേ.

അതുകൊണ്ട് ബലൂൺ പെൻഡുലം തൂങ്ങുന്നതിന് എതിരായി  മുന്നോട്ട് ചരിഞ്ഞു നിൽക്കും. കാരണം അതാണ് ഇപ്പോൾ ' മുകൾ ഭാഗം '.
-----------------------------------
ഇനി മറ്റു രീതിയിൽ ഇതു എങ്ങനെ വിശദീകരിക്കാം എന്നുനോക്കാം:

2) ബോയൻസി ആണ് കാരണം. വാഹനം മുന്നിലേക്ക് നീങ്ങുമ്പോൾ inertia(ജഢത്വം) കാരണം അതിനുള്ളിലുള്ള വായു പിന്നിലേക്ക് നീങ്ങും. അപ്പോൾ നമ്മുടെ ഹീലിയം ബലൂണിന്‍റെ പിന്നിലുള്ള വായു നൽകുന്ന ബോയന്‍റ് ഫോഴ്സ് വർധിക്കുകയും അത് വായുവിനെക്കാൾ സാന്ദ്രത കുറഞ്ഞ ഹീലിയം നിറഞ്ഞ ബലൂണിനെ മുന്നിലേക്ക് നീക്കാൻ കാരണമാവുകയും ചെയ്യും..
( Anoop CV )

3) വണ്ടി ആക്സിലറേറ്റ് ചെയ്യുമ്പോൾ മുന്നിൽ മർദ്ദം കുറയുകയും, അതുകൊണ്ട് മർദ്ദം കുറവുള്ള മുൻ ഭാഗത്തേക്ക് ഹീലിയം ബലൂൺ നീങ്ങുകയും ചെയ്യുന്നു.
( Sudheesh S Rao )


                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment