ഒരാൾ ബ്ലാക്ക്‌ ഹോളിലേക്ക് വീണാൽ എന്തുപറ്റും ?

രാജു : ഒരാൾ ബ്ലാക്ക്‌ ഹോളിലേക്ക് വീണാൽ എന്തുപറ്റും മാഷേ ?

മാഷ് : ബ്ലാക്ക്‌ ഹോളിലേക്ക് വീണാൽ മരിച്ചു പോകും.

ആദ്യമേ പറയട്ടെ. ഇത് ഒരു ചിന്താ പരീക്ഷണം മാത്രം ആണ്. ഒരു ഇന്‍റര്‍സ്റ്റല്ലാർ ബ്ലാക്ക്‌ ഹോളിന്  അടുത്ത്‌ നമ്മളോ, എന്തിന് നമ്മുടെ ഭൂമിയോ എത്തിയാൽ പോലും ആകെ തകർന്നു തർപ്പണമായിപ്പോകും.



ഇനി ചോദ്യത്തിലേക്ക്. ശാസ്ത്രീയമായി മനസിലാക്കുവാനായി നമുക്ക് ഒരു ഉദാഹരണത്തിൽ നിന്നും തുടങ്ങാം. നമ്മുടെ ഭൂമി  ബ്ലാക്ക്‌ ഹോൾ ആയാൽ എത്ര വലിപ്പം വരും എന്നറിയാമോ ? ഒരു കുഞ്ഞു ഗോലിയുടെ അത്രയും. ഉള്ളംകൈയ്യിൽ വെക്കാം. 1.7 സെന്‍റിമീറ്റർ വ്യാസം മാത്രം. പക്ഷെ അതിന് ഭൂമിയുടെ മൊത്തം മാസ്സ് ഉണ്ടായിരിക്കും. ഭയങ്കരമായ ഗ്രാവിറ്റിയും ഉണ്ടായിരിക്കും. പക്ഷെ ബ്ലാക്ക്‌ ഹോളിൽനിന്നും ദൂരേക്ക് പോകുംതോറും ഗ്രാവിറ്റി കുറഞ്ഞു കുറഞ്ഞു  വരും.



ഇനി ഒരു ചോദ്യം. ഈ ഭൂമി ബ്ലാക്ക്‌ ഹോളിൽ നിന്നും 6400 കിലോമീറ്റർ ദൂരെ എത്ര ഗ്രാവിറ്റി ഉണ്ടായിരിക്കും എന്ന് അറിയാമോ ?

രാജി : ഭയഗ്ഗര   ഗ്രാവിറ്റി ആയിരിക്കും.

മാഷ് : അല്ല. ആ ഭൂമി ബ്ലാക്ക്‌ ഹോളിൽ നിന്നും 6400 കിലോമീറ്റർ ദൂരെ ഏതാണ്ട്  നമ്മളെ ഭൂമി ആകർഷിക്കുന്ന അതേ   ഗ്രാവിറ്റി തന്നെ  ആയിരിക്കും. 9.8m/s /s കാരണം നമ്മൾ ഇപ്പോൾ ഭൂമിയുടെ കേന്ദ്രത്തിൽ നിന്നും 6400 കിലോമീറ്റർ ദൂരെ ആണ്. അതേപോലെ ഭൂമിയെ ബ്ലാക്ക്‌ ഹോൾ ആക്കിയാലും നാം 6400 കിലോമീറ്റർ ദൂരെ ആണെങ്കിൽ അവിടെയും ഇതേ ഗ്രാവിറ്റി ആയിരിക്കും.

ഇനി നമ്മുടെ ഭൂമി ബ്ലാക്ക്‌ ഹോളിന് അടുത്തേക്ക് പോയാലോ..?? അടുത്തേക്ക് പോയാൽ ഗ്രാവിറ്റി കൂടി വരും. ഇപ്പോൾ നമ്മുടെ 1.7 സെന്‍റിമീറ്റർ വലിപ്പം മാത്രമുള്ള  പുതിയ ഭൂമി ബ്ലാക്ക്‌ ഹോളിനെ ചന്ദ്രൻ ഇപ്പോഴത്തെപ്പോലെ 4 ലക്ഷം കിലോമീറ്റർ അകലെ ചുറ്റുന്നു എന്ന് കരുതുക. 

രാജു : 1.7 സെന്‍റിമീറ്റർ വലിപ്പമുള്ള ബ്ലാക്ക്‌ ഹോളിനെ ഇത്ര വലിയ  ചന്ദ്രൻ ചുറ്റുമോ ?

മാഷ് : അതെ. ഭൂമി ബ്ലാക്ക്‌ ഹോൾ ആയാൽ ചന്ദ്രൻ ഇതുപോലെ ചുറ്റിക്കൊണ്ടിരിക്കും. ഭൂമിയുടെ വലിപ്പം അത്ര പ്രശ്നം അല്ല. ഭൂമി 1.7 സെന്‍റിമീറ്റര്‍ ആയാലും ചന്ദ്രൻ ചുറ്റും. കാരണം ഭൂമിക്ക് ഇപ്പോഴത്തെ അതേ  മാസ്സ് ഉണ്ടല്ലോ.

ഇനി ചന്ദ്രൻ ഭൂമിയോട് അടുത്തു വന്നു എന്ന് കരുതുക. അടുക്കും തോറും ചന്ദ്രന്‍റെ വേഗത കൂടും. ബ്ലാക്ക്‌ ഹോളിനോട് അടുത്തേക്ക്  വരുമ്പോൾ ചന്ദ്രന് പ്രകാശത്തിന്‍റെ വേഗതയോട് അടുത്തു വരും. ബ്ലാക്ക്‌ ഹോളിന് അടുത്ത്‌ ഭയങ്കരമായ ഗ്രാവിറ്റി ആയിരിക്കുമെന്ന് പറഞ്ഞുവല്ലോ. ചന്ദ്രൻ വലുതാണ്. അപ്പോൾ ബ്ലാക്ക്‌ ഹോളിനോട് അടുത്തുള്ള ചന്ദ്രന്‍റെ ഭാഗത്തെ ബ്ലാക്ക്‌ ഹോൾ കൂടുതലായി ആകർഷിക്കും. ദൂരെ ഉള്ള ഭാഗത്തെ കുറവായേ  ആകർഷിക്കൂ. അപ്പൊ, എന്ത് സംഭവിക്കും ?

ലത : ബ്ലാക്ക്‌ ഹോളിനോട് അടുത്തുള്ള ചന്ദ്രന്‍റെ ഭാഗം ബ്ലാക്ക്‌ ഹോളിലേക്ക് നീണ്ട് വലിഞ്ഞു പോയി അതിലേക്കു വീഴും. 

മാഷ് : അതെ. അങ്ങനെ ചന്ദ്രനെ കുറേശേ കുറേശേ നീട്ടി വലിച്ചു ബ്ലാക്ക്‌ ഹോൾ വിഴുങ്ങും. ഒന്നിച്ചു ഒറ്റയടിക്കല്ല വിഴുങ്ങുക. ചിലപ്പോൾ ചന്ദ്രന് സ്പീഡ് ഉണ്ടെങ്കിൽ ചന്ദ്രൻ ബ്ലാക്ക്‌ ഹോളിൽ വീഴാതെ രക്ഷപ്പെടും. എന്നാലും പുറത്തെ ഭാഗം ബ്ലാക്ക്‌ ഹോൾ വലിച്ചെടുത്തിട്ടുണ്ടാവും. ഇങ്ങനെ കുറശ്ശേ ' നൂഡിൽസ് പോലെ' വലിച്ചെടുക്കുന്നതിനെ ' സ്പാഗാട്ടിഫിക്കേഷൻ ' എന്ന് പറയും.

ഇനി 1.7 സെന്‍റിമീറ്റര്‍ വലിപ്പമുള്ള ബ്ലാക്ക്‌ ഹോളിന്‍റെ അടുത്തു ഞാൻ  എത്തി എന്ന് കരുതുക. ബ്ലാക്ക്‌ ഹോൾ എന്‍റെ മുന്നിൽ ആണ് എന്നും കരുതുക. ആ ബ്ലാക്ക്‌ ഹോളിന്‍റെ ആകർഷണം എന്‍റെ ശരീരത്തിൽ എല്ലായിടത്തും ഒരുപോലെ ആയിരിക്കില്ല. ഏറ്റവും മുന്നിലുള്ള എന്‍റെ  മൂക്കിന് തുമ്പത്ത് ആവും കൂടുതൽ ആകർഷണം. അതുകൊണ്ട് മൂക്ക് വലിഞ്ഞ് ആദ്യം ബ്ലാക്ക്‌ ഹോളിലേക്ക് പോകും. പിന്നെ അടുത്ത ഭാഗം. അങ്ങനെ ഒന്നൊന്നായി വലിഞ്ഞ് നീണ്ടു അതിലേക്ക് പോകും. ഇങ്ങനെ വലിയുമ്പോൾ അതിന്‍റെ ആറ്റം വരെ വലിഞ്ഞുപോകും. കാരണം.. ഒരു ആറ്റത്തിന്‍റെ അപ്പുറവും ഇപ്പുറവും തമ്മിലുള്ള ദൂരത്തിന്‍റെ വ്യതാസത്തിൽ പോലും ഗ്രാവിറ്റി മൂലമുള്ള ആകർഷണം വ്യത്യാസപ്പെട്ടിരിക്കും.

ബ്ലാക്ക്‌ ഹോളിലേക്ക് പോകുന്ന വസ്തുക്കൾ സംഭാവ്യതാ ചക്രവാളം ( event horizon ) എന്ന ഒരു ഭാഗം കടന്ന്‍ അകത്തു കയറിയാൽ പിന്നെ അവയ്ക്കു തിരിച്ചു വരാൻ കഴിയില്ല. അതുകൊണ്ടുതന്നെ ബ്ലാക്ക്‌ ഹോളിലെ സംഭാവ്യതാ ചക്രവാളത്തിന് അപ്പുറത്തെ നടക്കുന്ന കാര്യങ്ങളൊന്നും നമുക്ക് അറിയില്ല. ചില കാൽക്കുലേഷനുകൾ വഴിയുള്ള അനുമാനങ്ങളെ  നമുക്ക് ഇപ്പോൾ  അറിയൂ.

രാജു :  നമ്മൾ ബ്ലാക്ക്‌ ഹോളിലേക്ക് വലിഞ്ഞു പോകുമ്പോൾ എങ്ങനെ ആവും അനുഭവപ്പെടുക മാഷേ ?

മാഷ് : ബ്ലാക്ക്‌ ഹോളിന് അടുത്തു എത്തുന്നതിന് മുന്നേത്തന്നെ സ്പാഗട്ടിഫിക്കേഷൻ സംഭവിക്കും എന്ന് പറഞ്ഞുവല്ലോ. അങ്ങനെ സംഭവിച്ച് നമ്മുടെ ശരീരത്തിലെ  ഓരോ ആറ്റങ്ങൾ വരെ വലിഞ്ഞു കീറി അതിലേക്കു പോവും. ഇനി അങ്ങനെ പോകില്ല എന്ന്  ചുമ്മാ കരുതിയാൽ.. നമുക്ക് ബ്ലാക്ക്‌ ഹോളിന് പിന്നിലുള്ള വസ്തുക്കളും, നമുക്ക് പിന്നിലുള്ള വസ്തുക്കളും ഒക്കെ നമുക്ക് മുന്നിലായി കാണുവാൻ സാധിക്കും. ലോകം മുഴുവനും നമ്മുടെ കണ്മുന്നിൽ കാണാം. പിന്നെയും അടുത്തു പോയാൽ എല്ലാം ചുവപ്പായി തോന്നും. പിന്നെ എല്ലാം മങ്ങി മങ്ങി മാഞ്ഞു പോവും. ശുഭം.

ബ്ലാക്ക്‌ ഹോളിലേക്ക് പോകുന്തോറും സംഭവിക്കുന്ന കാര്യങ്ങൾക്ക് മറ്റു ചില വിശദീകരണങ്ങളും പറയുന്നുണ്ട്. 

അകത്തേക്ക് പോകുന്ന വസ്തുക്കൾ  കണം-പ്രതികണം ആയി വിഭജിക്കുകയും,  ജോഡികളില്‍ ഒരെണ്ണം 'സംഭാവ്യതാ ചക്രവാളത്തിന്'  അകത്തേയ്ക്കും ഒരെണ്ണം പുറത്തേയ്ക്കും പോകും എന്ന് ഒരു തിയറിയും  ഉണ്ട്.

ഐൻസ്റ്റീന്‍റെ സാമാന്യ  ആപേക്ഷികതാ  സിദ്ധാന്തം പ്രകാരം 'സംഭാവ്യതാ ചക്രവാളം' ആയാൽ  സമയം നിലയ്ക്കും എന്നാണ് ( അതുകൊണ്ടു തന്നെ സംഭാവ്യതാ ചക്രവാളം എന്നൊരു പ്രതിഭാസം   ഇല്ല എന്ന് ' ഹോക്കിങ് 'ഈയിടെ പറയുകയുണ്ടായി. അത് പോട്ടെ..) ബ്ലാക്ക്‌ ഹോളിന്‍റെ സംഭാവ്യതാ ചക്രവാളത്തിൽ നമ്മൾ എത്തുമ്പോൾ അവിടത്തെ സമയത്തിന്‍റെ വേഗത പൂജ്യത്തിന് അടുത്താവും. ബ്ലാക്ക്‌ഹോളിൽ എത്തിയാൽപ്പിന്നെ സമയം എന്ന കോൺസെപ്റ്റു തന്നെ ഇല്ലാതാവും.

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment