നമ്മൾ ഭൂമിയിൽ പൊങ്ങി അനങ്ങാതെ നിന്നാൽ ഭൂമി കറങ്ങുന്നത് അറിയുവാൻ കഴിയുമോ?

തീർച്ചയായും... ഭൂമിയുടെ കൂടെ കറങ്ങാതെ പൊങ്ങി നിന്നാൽ ഭൂമി താഴെ  കറങ്ങുന്നതു അറിയുവാൻ സാധിക്കും. പക്ഷെ അത് കുറച്ചു ചിലവേറിയ കാര്യം ആണു എന്ന് മാത്രം.

ഞാൻ  ഇപ്പോൾ ദുബായിൽ ആണ്. ഇവിടെ ഭൂമി മണിക്കൂറിൽ ഏതാണ്ട് 1200 കിലോമീറ്റർ വേഗതയിൽ കിഴക്കോട്ട് തിരിയുകയാണ്. ഇവിടെ ഞാൻ മേലോട്ട് ചാടിയാലോ, അല്ലെങ്കിൽ ഒരു ഹോട്ട് എയർ ബലൂണിൽ മേലോട്ട് പൊങ്ങിയാലോ ഭൂമിയുടെ കൂടെ 1200 കിലോമീറ്റർ വേഗതയിൽ കിഴക്കോട്ട് പൊയ്ക്കൊണ്ടിരിക്കും. കാരണം ജഡത്വം ആണ്, കൂടാതെ ഭൂമിയുടെ അന്തരീക്ഷവും. അന്തരീക്ഷം കാലാകാലങ്ങളായി ഭൂമിയുടെ കൂടെ അതെ വേഗതയിൽ തിരിഞ്ഞുകൊണ്ടിരിക്കുകയാണ്.


ഇനി അങ്ങനെ ഭൂമിയുടെ കൂടെ പോകാതെ ഇരിക്കണമെങ്കിൽ 1200 കിലോമീറ്റർ വേഗതയിൽ വായുവിലൂടെ  പടിഞ്ഞാറോട്ട് യാത്ര ചെയ്യണം. ഇത് ഒരു ഇന്‍റർനാഷണൽ ഫ്ളൈറ്റിന്‍റെ മാകിസ്മം വേഗത ആണ്.  അങ്ങനെ  മാക്സിമം വേഗതയിൽ പോകുമ്പോൾ  മുകളിലേക്കും നോക്കുക.  സൂര്യൻ ഒരിടത്തു സ്ഥിരമായി നിൽക്കുന്നത് കാണാം. നക്ഷത്രങ്ങളും ഒരേ ദിശയിൽ നിൽക്കും. ആകാശത്തെ സകലതും ഒരിടത്തു നിൽക്കുന്നത് കാണാം. ഇപ്പോൾ സൂര്യാസ്തമയ സമയം ആണ് എങ്കിൽ നമുക്ക് അസ്തമിക്കുന്ന സൂര്യനെ ആ യാത്രയിൽ എപ്പോഴും കണ്ടുകൊണ്ടിരിക്കാം. ഇനി താഴേക്കു നോക്കിയാലോ ? അപ്പോൾ  ഭൂമി കറങ്ങുന്നതു കാണാം.

കേരളത്തിന് മുകളിൽ ആണെങ്കിൽ കുറച്ചുകൂടെ വേഗതയിൽ പടിഞ്ഞാറോട്ട് പോകേണ്ടി വരും. ഏകദേശം 1500 കിലോമീറ്റർ വേഗതയിൽ.

കഷ്ടം എന്ന് പറയട്ടെ, നമ്മൾ എപ്പോൾ പടിഞ്ഞാറോട്ട്  പോകുന്ന വിമാനം സ്ലോ ചെയ്യുന്നോ അപ്പോൾ അത് ഭൂമിയുടെ കൂടെ, അല്ലെങ്കിൽ ഭൂമിയുടെ അന്തരീക്ഷത്തിന്‍റെ കൂടെ  കിഴക്കോട്ട് പോകുവാൻ തുടങ്ങും. അങ്ങനെ പോകാതെ ഇരിക്കണമെങ്കിൽ വിമാനം അല്ലെങ്കിൽ സാറ്റലെറ്റ്   ഭൂമിയുടെ അന്തേരീക്ഷം വിട്ടു പുറത്തു പോകണം.  അങ്ങനെ ഒരു സാറ്റലെറ്റ് ഉണ്ടെങ്കിൽ അതിൽ നിന്ന് മുകളിലേക്ക് നോക്കിയാൽ നക്ഷത്രങ്ങളും, സൂര്യനും ഒക്കെ ഒരിടത്തായി എപ്പോഴും കാണാം.  താഴെ ഭൂമി മാത്രം 24 മണിക്കൂർ കൊണ്ട്  തിരിയുന്നതും കാണാം. ഒരാൾ ട്രെഡ്മില്ലിൽ ഓടുന്നതുപോലെ എന്ന് ഇതിനെ ഉപമിക്കാം.  ട്രെഡ്‌മിൽ കറങ്ങുമ്പോൾ ആൾ എതിർ ദിശയിൽ ഓടി ഒരിടത്തായി നിലകൊള്ളുന്നു.

ഇങ്ങനെ നമ്മുടെ സൗരയൂഥത്തിൽ ഒരിടത്തായി നിലനിന്നുകൊണ്ട്  സൂര്യനെ  ഒരേ ആംഗിളിൽ  തുടർച്ചയായി ദിവസങ്ങളോ, മാസങ്ങളോ നിരീക്ഷിക്കാൻ നമുക്ക്  സാധിക്കും. അതുപോലെ നക്ഷത്രങ്ങളുടെ മണിക്കൂറുകൾ നീണ്ട ( ലോങ്ങ് എക്സ്പോഷർ ) ഫോട്ടോ ഗ്രാഫിക്കും ഈ മാർഗം ഉപയോഗിക്കാം.


                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---


No comments:

Post a Comment