തമോദ്വാരം അല്ലെങ്കിൽ തമോഗർത്തം (Black hole)

ഏതൊരു വസ്തുവിനെയും ഞെക്കി ഞെരുക്കി അതിന്‍റെ മാസ്സിന് ആനുപാതികമായ " ഷ്വാർസ്ചൈൽഡ് റേഡിയസ്സിനും " ചെറുത് ആക്കിയാൽ ആ വസ്തു ഒരു ബ്ലാക്ക് ഹോൾ അല്ലെങ്കിൽ തമോഗർത്തം ആവും. ( മനുഷ്യർക്കോ, അല്ലെങ്കിൽ മനുഷ്യർ ഉണ്ടാക്കിയ ഉപകരണങ്ങൾ കൊണ്ടോ ഒന്നും അത് സാധ്യമല്ല )

സൂര്യനെ ഞെക്കി ഞെരുക്കി 6 കിലോമീറ്റർ വ്യാസമുള്ള ഒരു ഗോളം ആക്കിയാൽ അത് ഒരു ബ്ലാക്ക് ഹോൾ ആയി മാറും.


ഉയർന്ന ഗുരുത്വാകർഷണം മൂലം പ്രകാശത്തിനുപോലും പുറത്തുകടക്കാനാകാത്ത മേഖലയാണ്‌ തമോദ്വാരം അല്ലെങ്കിൽ തമോഗർത്തം (Black hole). 

തമോദ്വാരത്തിന്‍റെ സീമയായ സംഭവചക്രവാളത്തിനകത്തേക്ക് വസ്തുക്കൾക്ക് പ്രവേശിക്കാമെന്നല്ലാതെ പ്രകാശം ഉൾപ്പെടെ യാതൊന്നിനും ഗുരുത്വാകർഷണം മറികടന്ന് ഈ പരിധിക്ക് പുറത്തുകടക്കാനാകില്ല. പ്രകാശം പ്രതിഫലിപ്പിക്കുകയോ പുറത്തുവിടുകയോ ചെയ്യാത്തതിനാൽ തമോദ്വാരം പുറംലോകത്തിന്‌ അദൃശ്യമായിരിക്കും. തമോദ്വാരങ്ങൾക്ക് താപനില ഉണ്ടെന്നും അവ ഹോക്കിങ് വികിരണം പുറപ്പെടുവിക്കുന്നുവെന്നും ക്വാണ്ടം പഠനങ്ങൾ കാണിക്കുന്നു.

തമോദ്വാരം അദൃശ്യമാണെങ്കിലും, ചുറ്റുമുള്ള വസ്തുക്കളിൽ അതുളവാക്കുന്ന മാറ്റങ്ങളിലൂടെ അതിന്‍റെ സാന്നിധ്യം മനസ്സിലാക്കാനാകും. ഒരുകൂട്ടം നക്ഷത്രങ്ങൾ പ്രപഞ്ചത്തിൽ ശൂന്യമായ സ്ഥലത്തെ പരിക്രമണം ചെയ്യുന്നതായി കാണാനായാൽ അവിടെ ഒരു തമോദ്വാരമുണ്ടെന്ന് ഊഹിക്കാം.

തമോദ്വാരത്തിന്‌ ഇരട്ടനക്ഷത്രമുണ്ടെങ്കിൽ അതിൽ നിന്നും മോദ്വാരത്തിലേക്ക് വാതകങ്ങൾ വീഴുകയും ഉയർന്ന താപനിലയിലേക്ക് മാറ്റപ്പെടുന്ന ഇവ എക്സ്-റേ വികിരണം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഭൂമിയിലുള്ളതും ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്നതുമായ ദൂരദർശിനികൾ വഴി ഈ വികിരണം കണ്ടെത്താനാകും. ഇത്തരം നിരീക്ഷണങ്ങളിലൂടെ പ്രപഞ്ചത്തിൽ തമോദ്വാരങ്ങളുടെ അസ്തിത്വം ഉറപ്പാക്കാനായിട്ടുണ്ട്.

'ചന്ദ്രശേഖർ സീമയ്ക്കും' മുകളിൽ പിണ്ഡമുള്ള നക്ഷത്രങ്ങൾ പരിണാമത്തിന്‍റെ അവസാനത്തിൽ തമോദ്വാരമായിത്തീരുവാൻ സാധ്യതയുണ്ട്. നക്ഷത്രത്തിന്‍റെ അവസാനത്തോടനുബന്ധിച്ച് ഊർജ്ജസൃഷ്ടിക്കുള്ള കഴിവ് പൂർണ്ണമായി അവസാനിച്ച പിണ്ഡം സ്വന്തം ഗുരുത്വാകർഷണത്താൽ വീണ്ടും വീണ്ടും ചുരുങ്ങിക്കൊണ്ടിരിക്കും, ഇങ്ങനെ ചുരുങ്ങുന്നതോടൊപ്പം നക്ഷത്രത്തിന്‍റെ ഗുരുത്വാകർഷണവും വർദ്ധിക്കുന്നു. ഗുരുത്വാകർഷണം ഒരളവിലേറെ വർദ്ധിച്ച് പ്രകാശത്തെപ്പോലും പിടിച്ചു നിർത്താനുള്ള കഴിവ് ആർജ്ജിക്കുമ്പോൾ നക്ഷത്രം തമോദ്വാരമായി മാറുന്നു..

എന്നാൽ ബ്ലാക്ക് ഹോൾ ഫയർവാൾ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി സംഭാവ്യതാചക്രവാളം ഇല്ലെന്നും, അതിനാൽ തമോദ്വാരം എന്ന ആശയം നിലനിൽക്കുന്നതല്ലെന്നും സ്റ്റീഫൻ ഹോക്കിങ് അഭിപ്രായപ്പെടുകയുണ്ടായി
---------------------------------------------------------
ചന്ദ്രശേഖർ സീമ : ഒരു നക്ഷത്രം വെള്ളക്കുള്ളനായി മാറാനുള്ള ഉയർന്ന ദ്രവ്യമാനപരിധിയാണു ചന്ദ്രശേഖർ സീമ (Chandrasekhar limit). സൂര്യന്‍റെ പിണ്ഡത്തിന്‍റെ 1.44 മടങ്ങ്‌ വരെ പിണ്ഡമുള്ള നക്ഷത്രങ്ങൾ സ്വയം കത്തിയെരിഞ്ഞ്‌ അവസാനം വെള്ളക്കുള്ളന്മാരായി മാറുംഎന്നാണു ഈ പരിധി കൊണ്ട് അർത്ഥമാക്കുന്നത്.


                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---


No comments:

Post a Comment