വാൽനക്ഷത്രത്തിലേക്ക് ഒരു യാത്ര ( ഭാഗം - 4)

സമയം 8:30 am. വിശന്നിട്ട് കണ്ണു കാണാതായിത്തുടങ്ങി. മുകളിലേക്കു നോക്കുമ്പോൾ പേടകം കുറേ സൈഡിൽ മാറി ആണ്. പേടകം നീങ്ങിയതാണോ അതോ ഞങ്ങൾ നടന്നു ഇത്ര നീങ്ങിയതാണോ ..!? സ്‌പേസ് സ്യൂട്ടിലെ വാക്കി-ടോക്കിയിലൂടെ ഞാൻ ആൽബർട്ടിനെ വിളിച്ചു. ആശാൻ തൊട്ടടുത്ത് കുനിഞ്ഞു നിന്നു പാറ പരിശോധനയിൽ ആയിരുന്നു. പോകാം എന്നു ഞാൻ ആംഗ്യം കാണിച്ചു. പുള്ളിക്ക് ഇവിടം വിട്ടു പോരാൻ തോന്നുന്നില്ല പോലും.


ഞാൻ ഇരുന്നിട്ട് ആഞ്ഞു മുകളിലേക്കു ചാടി. അത്രയും കുതിക്കേണ്ടായിരുന്നു എന്നു തോന്നി. ശരിയാണ്.. പത്തു പതിനഞ്ചു സെക്കന്റ് കഴിഞ്ഞപ്പോൾ പേടകത്തേയും പിന്നിട്ട് ഞാൻ മുകളിലേക്ക് പോയി. കൈ എത്തും ദൂരത്ത് ആയിരുന്നില്ല പേടകം. മനസ് ഒന്ന്‍ ആളി. ഇങ്ങനെ പോയാൽ ഞാൻ വാൽനക്ഷത്രത്തിന്‍റെ ഗ്രാവിറ്റിയും ഭേദിച്ച് പുറത്തു പോകും. പിന്നെ ഒരു മടങ്ങി വരവ് അസാധ്യം ആവും. വേഗം മനുവറിങ്ങ് ബട്ടൺ പരതി. പക്ഷെ ഇപ്പോൾ ഫയർ ചെയ്താൽ ഞാൻ സൈഡിലേക്കേ പോകൂ. ആദ്യം എന്‍റെ പൊസിഷൻ പേടകത്തെ നോക്കുന്ന രീതിയിൽ ആക്കണം. പക്ഷെ ഇങ്ങനെ നീങ്ങിക്കൊണ്ടിരിക്കുമ്പോൾ തിരിയുവാൻ ഇത്ര ബുദ്ധിമുട്ടാണെന്ന് കരുതിയില്ല. എത്ര പ്രാവശ്യം ഇതൊക്കെ പരീക്ഷിച്ചതാ. ഒരു ആവശ്യം വന്നപ്പോൾ ഒന്നും നടക്കുന്നില്ല. മനസ്സാന്നിധ്യം വീണ്ടെടുത്ത് കാല് വെട്ടിച്ച്.. വെട്ടിച്ച് തിരിഞ്ഞു. വയറിന്‍റെ മസ്സിൽ ഒന്നു കോച്ചിപ്പിടിച്ചു. എന്നാലും കാര്യം നടന്നു. മുകളിലേക്കുള്ള കുതിപ്പ് നിന്നു. ഇനി താഴേക്കു മെല്ലെ പോയ്‌ക്കൊള്ളും...

പേടകം അടുത്തു. സ്‌പേസ് വാക് ചെയ്യുമ്പോൾ സഹായത്തിനായി പേടകത്തിന് ചുറ്റും ഹാൻഡ് റെയിൽ പിടിപ്പിച്ചിരുന്നു. അതിൽ പിടിച്ച് സാവകാശം ഞാൻ ഹാച്ച് ഡോറിന് അരികിൽ എത്തി. ആൽബർട്ട് പേടകത്തിന് മറു വശത്ത് ഉണ്ടായിരുന്നു. പുള്ളി പേടകത്തിന് ചുറ്റും നീങ്ങി എല്ലാം ശരിയാണോ എന്നു നോക്കുകയായിരുന്നു. കുഴപ്പം ഒന്നും ഇല്ല. രണ്ടു പേരും ഉള്ളിൽ കയറി ഹാച്ച് ഡോർ അടച്ചു. വേഗം എയർ ലോക്ക് ഡോറും തുറന്നു. എയർ വാൽവ് തിരിച്ചു വായുവും നിറച്ചു. ഹാവൂ.. ഇനി കുറച്ച് റിലാക്സ് ചെയ്യണം. വയറിൽ ഒരു പിടുത്തം ഉണ്ട്. തണുത്ത കാറ്റ് കിട്ടിയപ്പോൾ നല്ല സുഖം...

ഇവിടെ നിന്നും തിരിക്കണമെങ്കിൽ ഭൂമിയിൽ നിന്നുള്ള നിർദേശം വരണം. അതുകൊണ്ട് പാറ പൊട്ടിച്ചു കൊണ്ടുവന്ന സാമ്പിൾ പാക്കറ്റുകൾ പോലും എടുത്തു വെക്കാതെ അങ്ങനെ കിടന്നു..

സമയം എത്ര പോയി എന്ന്‍ അറിയില്ല. മെസേജിന്‍റെ ശബ്ദം കേട്ടാണ് കണ്ണു തുറന്നത്. ഫാക്സ് വന്നു. പേടകം അലൈൻ ചെയ്യേണ്ട ആങ്കിളുകളും എഞ്ചിൻ ഫയർ ചെയ്യേണ്ട സമയവും ഒക്കെ അതിൽ കൊടുത്തിട്ടുണ്ട്. ഇനിയും 15 മിനിറ്റു കൂടി ഉണ്ട് ഫയറിന്. അതുനുള്ളിൽ നമ്മൾ പേടകം തിരിച്ചു നേരെ ആക്കണം. ഫാക്സ് ഞാൻ ആൽബർട്ടിന്‍റെ കൈയ്യിൽ കൊടുത്തു. അതൊക്കെ പുള്ളി ശരിയാക്കിക്കൊള്ളും. ഞാൻ വേഗം സാമ്പിൾ കിറ്റുകൾ ഒക്കെ എടുത്ത് ഭദ്രമായി വച്ചു. ടെസ്റ്റിംഗ് ഒക്കെ സാവകാശം ചെയ്യാം. വിൻഡോയിലൂടെ നോക്കി. കടും നീല കലർന്ന കറുപ്പ് നിറത്തിൽ d'Arrest ! വല്ലാത്തൊരു മാസ്മരിക ഭംഗി. ക്യാമറ എടുത്ത് കുറച്ച് ഫോട്ടോസ്  എടുത്തു. ഭൂമിയിലേക്ക്‌ അയച്ചു കൊടുക്കാല്ലോ.

ഫയർ ചെയ്യാൻ പോകുന്നു എന്നു ആൽബർട്ട് വിളിച്ചു പറഞ്ഞു. പാനലിൽ എല്ലാം സെറ്റു ചെയ്ത് ഞങ്ങൾ രണ്ട് പേരും ലാൻഡിങ് മോഡ്യൂളിലേക്ക് കയറി സീറ്റ് ബെൽറ്റ് ഇട്ട് ഇരുന്നു. ഒരു കുടുക്കം, ഒരു വിറയൽ. ഒരു ഇരമ്പലോടുകൂടെ പേടകം കുതിക്കുകയാണ്. 6 മിനിറ്റു കഴിഞ്ഞു. ഇരമ്പൽ നിന്നു. എഴുന്നേറ്റു. ഇനി വേഗം സോയിൽ ടെസ്റ്റ് ചെയ്തു റിസൾട്ട് അയക്കണം.

വീണ്ടും മെസേജ് വന്നു. ഇനി 5 മാസം ഉണ്ട് ചൊവ്വയിലേക്ക്. എപ്പോൾ വേണമെങ്കിലും ഹൈബർനേഷൻ ചേമ്പറിൽ കയറിക്കൊള്ളുവാൻ സമ്മതം തന്നിട്ടുണ്ട്. ഹോ.. ഇനി ആണ് പൂരം. ആൽബർട്ട് ആള് വലിയ ഖില്ലാടി ആണെങ്കിലും ഹൈബർനേഷൻ ചേമ്പറിൽ കയറാൻ പേടിയാ. എനിക്കാണെങ്കിൽ അത് എളുപ്പവും. അതുകൊണ്ട് പുള്ളിയെ പെട്ടിയിൽ അടയ്‌ക്കേണ്ടത് എന്‍റെ ജോലിയാ. ചെയ്യാൻ ഉള്ള ജോലികളൊക്കെ തീർത്ത് നാളെ രാത്രി ആഹാരത്തിന് ശേഷം ചേമ്പറിൽ കയറാൻ ഞങ്ങൾ തീരുമാനിച്ചു.

സമയം 9:30 pm. സാധാരണ സാൻവിച്ചും പാസ്ട്രീസും മാത്രം കഴിക്കാറുള്ള ഞങ്ങൾ അന്ന് കൂടുതൽ എനർജി കിട്ടുന്ന പീനട്ട് ബട്ടറും പ്രോട്ടീൻ മിൽക്കും ആണ് കഴിച്ചത്. ഭാര്യക്കും മക്കൾക്കുമായുള്ള വീഡിയോ സന്ദേശം റക്കോർഡ് ചെയ്ത് ഹ്യൂസ്റ്റണിലേക്ക് അയച്ചു. അവർ അതു വീട്ടിൽ എത്തിച്ചു കൊടുക്കും.




ഇനി ചേമ്പറിലേക്ക്...
ആൽബർട്ടിനെ ചേമ്പറിൽ കയറ്റേണ്ടത് എന്‍റെ ജോലിയാണ്. കുട്ടികൾ ഇഞ്ചക്ഷൻ എടുക്കാൻ വിളിക്കുമ്പോൾ കാണിക്കുന്ന പോലെ ആണ് ആൽബർട്ട് ചേംബർ കാണുമ്പോൾ കാണിക്കുക. ഒരു കണക്കിന് സമാധാനിപ്പിച്ച് അവനെ ചേമ്പറിൽ കിടത്തി. കണ്ണ്‍ അടച്ചുകൊള്ളാൻ പറഞ്ഞു. സലൈൻ മാസ്‌ക്ക് എടുത്ത് അവന്‍റെ മൂക്കിൽ വച്ചു. ആദ്യം കുറച്ചു ബലം പിടിച്ചു കുതറി എങ്കിലും പിന്നീട് ആൾ കൂൾ ആയി. ചേംബർ ഭദ്രമായി ഷെൽഫിലേക്ക് തള്ളി വച്ചു. ഇനി ഭൂമിയിൽ നിന്ന്‍ ഡീഫ്രോസ്റ് സിഗ്‌നൽ വരികയോ അല്ലെങ്കിൽ നമ്മൾ സെറ്റ് ചെയ്തിരിക്കുന്ന സമയം ആവുകയോ ചെയ്താലേ ചേംബർ തുറക്കൂ..

ദൈവമേ.. ഇനി അടുത്തത് എന്‍റെ ഊഴം. ഇവിടെ ഈ ശൂന്യാകാശത്ത് ഞാൻ ഒറ്റക്ക്. ആൽബർട്ടോ.. അവൻ ചുമ്മാ പച്ചക്കറി. ഇപ്പോൾ അവന് ചലനമോ ഓർമയോ ഒന്നും ഉണ്ടാവില്ല. എന്തിന്, രക്തയോട്ടം തന്നെ ചെറുതായേ ഉണ്ടാവൂ. ഒ.. ഒരു കാര്യം പറഞ്ഞില്ല. 5 മാസം ആണ് ചേമ്പറിൽ ഞങ്ങൾ സെറ്റ് ചെയ്തു വച്ചിരിക്കുന്ന സമയം. ഹ്യൂസ്റ്റണിലേക്കുള്ള എല്ലാ സന്ദേശവും പോയോ എന്നു ഒരിക്കൽക്കൂടി ഉറപ്പു വരുത്തി. കൺട്രോൾ പാനലിൽ നോക്കി. എല്ലാം ഭദ്രം. വിൻഡോയിലൂടെ നോക്കി. ചുറ്റും കൂരിരുട്ട് മാത്രം. സൂര്യപ്രകാശം അടിച്ച് ഒരു ആന്‍റിന മാത്രം തിളങ്ങി കാണാം. ഞാൻ ചേമ്പറിൽ കയറി. എല്ലാം സെറ്റ് ചെയ്ത് ഓട്ടോ ക്ളോസ് ഓൺ ആക്കി. മാസ്‌ക്ക് എടുത്തു മൂക്കിൽ വച്ചു. മനസ്സ് ശാന്തമാക്കി മെല്ലെ ശ്വാസം വലിച്ചു... ഒന്നു പിടച്ചു. ശ്വാസകോശത്തിൽ ഭാരം വച്ചു. തലയിൽ ഒരു മിന്നൽപോലെ.. കുളത്തിലെ വെള്ളത്തിൽ ഉണ്ടാവുന്ന ഓളം പോലെ വട്ടത്തിൽ എന്തൊക്കെയോ തെളിഞ്ഞു വരുന്നു. നീല മേഘങ്ങൾ ഇടക്കിടെ തെളിയുന്നു. അതിൽ എന്തെങ്കിലും രൂപം തെളിയുന്നുണ്ടോ എന്നു ഞാൻ ശ്രദ്ധിച്ചു.. കൈകാലുകൾ മരവിക്കുന്നു.. ബോധം മറയുകാണ് എന്നു ഞാൻ മനസിലാക്കി...വളരെ ശ്കതമായ നീല വെളിച്ചവും കണ്ണുകളിൽ അടിക്കുന്നു...

(തുടരും...)

ഭാഗം - 3

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment